തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ഇന്ന് തിരി താഴും. രണ്ട് ദിനം ചര്‍ച്ചകളും സംവാദങ്ങളും ആശയങ്ങളുടെ കൈമാറ്റങ്ങളും കൊണ്ട് സജീവമായിരുന്ന മേള മൂന്നാം ദിനം അക്ഷരപ്രേമികള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്ന് ഉറപ്പ്.

 സാഹിത്യത്തിന് അപ്പുറത്ത് വൈവിധ്യമായര്‍ന്ന ഒരു ലോകത്തിലേയ്ക്കാണ് ഇന്ന് തിരുവനന്തപും കനകക്കുന്നിലെ അക്ഷരോത്സവത്തിന്റെ ജാലകം തുറക്കുന്നത്.

കവിതയുടെ രാഷ്ട്രീയം, മലയാളത്തിലെ അപസര്‍പക നോവല്‍, ഏഷ്യന്‍ സാഹിത്യം, മലേഷ്യന്‍ കഥാലോകം, മഹാഭാരതത്തിന്റെ പുരാഖ്യാനം, ഒഡിയ സാഹിത്യം, പ്രവാസി എഴുത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സാഹിത്യം, ത്രില്ലര്‍ സാഹിത്യം എന്നിവയാണ് മൂന്നാം ദിനത്തെ സാഹിത്യസംവാദങ്ങള്‍.

സാഹിത്യത്തേക്കാള്‍ കലയും സംഗീതവും ജീവിതവും ജീവിതശൈലിയുമെല്ലാമാണ് അവസാനദിവസത്തെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചലച്ചിത്ര സംഗീതത്തിന്റെ ഋതുഭേദങ്ങള്‍, സിനിമാ പോസ്റ്ററുകളുടെ ആഖ്യാനം എന്നിവയ്ക്ക് പുറമെ മലയാളികളുടെ സ്വര്‍ണ സങ്കല്‍പം, അവയവദാനത്തിലെ പ്രശ്‌നങ്ങള്‍, കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍, സാമൂഹിക മാധ്യമങ്ങളിലെ സ്ത്രീസാന്നിധ്യം, പ്രവാസികളുടെ സര്‍ഗാത്മക ജീവിതം, തെറിയുടെ രാഷ്ട്രീയം എന്നിവയാണ് മറ്റ് പ്രധാന വിഷയങ്ങള്‍.

 വേണു ബാലകൃഷ്ണന്‍, രവി മേനോന്‍, ഉണ്ണി. ആര്‍, ബെന്യാമിന്‍ എന്നിവരുടെ പുസ്തകങ്ങളുടെ പ്രകാശനകര്‍മം നടക്കും. സുഭാഷ് ചന്ദ്രന്‍, ഉണ്ണി. ആര്‍, ജോയ് മാത്യു, എം.മുകുന്ദന്‍, കെ.ആര്‍. മീര എന്നിവര്‍ വായനക്കാര്‍ക്കായി പുസ്തകങ്ങള്‍ ഒപ്പിട്ടുനല്‍കും.

വൈകീട്ട് ആറു മണിക്കാണ് അനുമോദന സദസ്സ്. രാത്രി ഏഴ് മണിക്ക കാര്‍ത്തിക്കിന്റെ സംഗീതവിരുന്നോടെയാണ് മൂന്ന് ദിവസത്തെ മഹോത്സവത്തിന് തിരശ്ശീല വീഴുക.