നാട്ടുഭാഷകളുടെ നീണ്ടെഴുത്താണ് നടപ്പുകാല മലയാളചെറുകഥയില്‍ സംഭവിക്കുന്നതെന്ന് തീര്‍പ്പിടുന്നതായിരുന്നു 'ഈ ഭാഷ എന്നുമുണ്ടായിരുന്നില്ലേ' എന്ന വിഷയത്തില്‍ ബാലഭവനില്‍ നടന്ന സംവാദം. നിറഞ്ഞ സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന സംവാദത്തില്‍ എഴുത്തുകാരന്‍ ഉണ്ണി. ആര്‍ മോഡറേറ്ററായി. പുതുതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരായ  എസ്. ഹരീഷ്, ഫ്രാന്‍സിസ് നൊറോണ, വിനോയ് തോമസ്, പി.എസ്. റഫീഖ് എന്നിവര്‍ പങ്കെടുത്തു. കഥ സംഭവിക്കുന്നതില്‍ ദേശത്തിന് പ്രാധാന്യമുള്ളത് പോലെ ദേശത്തിലെ പ്രയോഗങ്ങളിലെ രാഷ്ട്രീയശരികളും അന്വേഷിക്കേണ്ടതുണ്ടെന്ന് ഉണ്ണി. ആര്‍ അഭിപ്രായപ്പെട്ടു.

ആദ്യകഥാസമാഹാരമായ രസവിദ്യയുടെ ചരിത്രത്തിന് ശേഷം കഥയെഴുത്തില്‍ നീണ്ട ഇടവേളയുണ്ടാവാന്‍ കാരണം സ്വന്തം എഴുത്തില്‍ സത്യസന്ധതയില്ലാതാവുന്നുണ്ടോയെന്ന സംശയത്താലാണെന്ന് ഹരീഷ് പറഞ്ഞു. സ്വന്തം ദേശത്തിന്റെ കഥകളെഴുതാന്‍ തീരുമാനിച്ചതോടെയാണ് കഥയെഴുത്തിലേക്ക് തിരിച്ചുവരാനായത്. ആദം എന്ന രണ്ടാമത്തെ കഥാസമാഹാരത്തിലെ എല്ലാ കഥകളും കോട്ടയത്തെ തന്റെ ജന്മയിടത്തെ അവസ്ഥകള്‍ ആവിഷ്‌കരിക്കുന്നതാണ്.

ഭാഷയ്ക്ക് അധിനിവേശത്തിന്റെ ചരിത്രമാണുള്ളതെന്ന് പി.എസ്. റഫീഖ് അഭിപ്രായപ്പെട്ടു. സ്വന്തമിടത്തിന്റെ കഥയും ഭാഷയും പ്രയോഗങ്ങളും കൊണ്ടുവരുന്നതില്‍ പ്രതിരോധത്തിന്റെ രാഷ്ട്രീയമുണ്ട്. കലയില്‍ അങ്ങനെ അച്ചടക്കത്തിന്റെ പ്രശ്‌നങ്ങളില്ല. കലാകാരന് തോന്നുന്ന ഭാഷയില്‍ കഥയെഴുതാം. കലയുടെ രാഷ്ട്രീയം സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണ്. മമ്മൂട്ടി അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ പേരില്‍ മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വ്വതി എന്ന നടിക്ക് എതിര്‍നിലപാടെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചതും അതുകൊണ്ടാണ്. കലയില്‍ എന്തും പറയാമെന്നാണ് തന്റെ വിശ്വാസമെന്നും റഫീഖ് കൂട്ടിച്ചേര്‍ത്തു.

പുതിയ വാക്കുകള്‍ ഉണ്ടാക്കുന്നതിന് പകരം നമ്മുടെ നാട്ടില്‍ മറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും മറവിയില്‍നിന്ന് തിരിച്ചെടുത്ത് ഭാഷയെ സമ്പുഷ്ടമാക്കുകയാണ് വേണ്ടതെന്ന് ഫ്രാന്‍സിസ് നൊറോണ പറഞ്ഞു. എസ്‌കോള എന്ന പോര്‍ച്ചുഗീസ് പദത്തില്‍ നിന്നാണ് സ്‌കൂള്‍ ഉണ്ടാവുന്നത്. അങ്ങനെ പലയിടങ്ങളില്‍നിന്നുള്ള വാക്കുകളുടെ സഹായം കൂടി നമ്മുടെ ഭാഷയെ വിപുലപ്പെടുത്തിയിട്ടുണ്ടെന്ന് നൊറോണ അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ ജീവിക്കുന്ന നാട്ടില്‍ നിന്ന് വരുന്നത് കൊണ്ട് അവിടെ ഉപയോഗിക്കുന്ന വാക്കുകളും ശൈലികളും കഥ ആവശ്യപ്പെടുകയാണെങ്കില്‍ ചേര്‍ത്തിട്ടുണ്ട്.  കഥ ആവശ്യപ്പെടുന്ന പരിസരമാണെങ്കില്‍ കഥയ്ക്ക് അനുയോജ്യമായി തെറി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും നൊറോണ കൂട്ടിച്ചേര്‍ത്തു. 

വിവിധ വിഭാഗത്തില്‍ പെട്ട മനുഷ്യരുടെ വലിയ സങ്കലനം നടന്ന നാടായ ഇരിട്ടിയില്‍ നിന്ന് വരുന്നത് കൊണ്ട് എഴുതുമ്പോള്‍ കഥയുടെ പരിസരത്തിന് അനുയോജ്യമായ ഭാഷയാണ് താന്‍ ഉപയോഗിക്കുന്നതെന്ന് വിനോയ് തോമസ് പറഞ്ഞു. കുടിയേറ്റ ക്രിസ്ത്യാനികള്‍, ഈഴവര്‍, ആദിവാസികള്‍ ഒക്കെയുള്ള നാടാണ് ഇരിട്ടി. അവരുടെ കഥ പറയുമ്പോള്‍ അവരുടെ ശീലങ്ങള്‍ അവരുടെ ഭാഷയിലും ശൈലിയിലും പകര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. കഥ സംഭവിക്കുന്ന പരിസരത്തിലെ ഭാഷ എടുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും വിനോയ് പറഞ്ഞു.

Content Highlights: mbifl2018 Festival Of Letters MathrubhumiInterNational Festival Of Letters