തിരുവനന്തപുരം: എത്ര പ്രൗഢമായ വേഷത്തിലും അരങ്ങിലെത്തുന്ന തുടക്കക്കാരന്റെ മുഖത്ത് ഭയമുണ്ടാകും. വെടിയൊച്ചയ്ക്ക് മുമ്പ് തോക്കിന്‍ കുഴലിന് മുന്നില്‍ നില്‍ക്കുന്ന പ്രാവിന്റെ മുഖമായിരിക്കും അവിടെ. എന്നാല്‍ രണ്ടു പേര്‍ അവര്‍ തുറന്നുപറയുകയാണ്. ഭയമില്ലാതെ, പുതുമഴ കൊണ്ട പുതുനാമ്പിന്റെ ആകാംഷയോടെ, അനുഭവങ്ങള്‍ പങ്കുവച്ച്. അതെ അത് എഴുത്തിന്റെ വേദിയിലാണ്. മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ വേദിയില്‍, കനകക്കുന്ന് കൊട്ടരഹാളിന്റെ ആഢ്യവഴക്കത്തില്‍ ദീപക് ഉണ്ണികൃഷ്ണനും ഫെലിഷ്യ യാപ്പും സബിന്‍ ഇക്ബാലിനൊപ്പം പങ്കുവച്ചത് അത് തന്നെയാണ്. 

തുടക്കക്കാരന്‍ സംസാരിക്കുന്നു 'ആത്മഹത്യാതുല്യമായ ഈ തൊഴില്‍ എന്തിന് സ്വീകരിക്കുന്നു?' എന്ന രസകരമായ ചോദ്യം നിറച്ച വേദിയില്‍ എഴുത്തനുഭവങ്ങള്‍ പെയ്തു. വായനക്കാരനെ മുന്നിലിരുത്തി എഴുത്തിലേയ്ക്ക് കടക്കുകയും അതിലുണ്ടായി വിസ്മയങ്ങള്‍ പങ്കുവയ്ക്കുകയുമായിരുന്നു അവര്‍. യെസ്റ്റെര്‍ഡേ എന്ന ത്രില്ലര്‍ നോവലിന്റെയും എഴുത്തിന്റെയും ജീവിതത്തിന്റെ പ്രചോദനങ്ങളെയും ഫെലിഷ്യ യാപ്പ് വായനക്കാരോട് പങ്കുവച്ചു. 

താന്‍ ഒരു അധ്യാപകനാണ്. അധ്യാപനത്തില്‍ ആവശ്യക്കാരെക്കൂടി പരിഗണിക്കാറുണ്ട് എന്നാല്‍ തന്റെ എഴുത്തില്‍ വായനക്കാരെ കണ്ടുകൊണ്ടല്ല പകരം തന്റെ തന്നെ അനുഭവങ്ങളെയും എഴുത്തിലെത്തുന്ന ജീവിതത്തെയുമാണ് കാണുന്നതെന്ന് ദീപക് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

എഴുതാന്‍ ആഗ്രഹിക്കുന്നവരും എഴുത്തിലേയ്ക്ക് കാല്‍വച്ചു തുടങ്ങിയവരും ചോദ്യങ്ങലുമായി അവരോടൊപ്പം ചേര്‍ന്നു. അങ്ങനെ നവ്യമായ എഴുത്തിന്റെ ആകാഷയുള്ള പങ്കവയ്ക്കലുകൂടിയായി വേദി മാറി.