ക്രിക്കറ്റ് മാത്രമല്ല ഫുട്‌ബോളും കബഡിയും ബാഡ്മിന്റണുമൊക്കെ ഇന്ത്യന്‍ കായികമേഖലയുടെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വന്നു കഴിഞ്ഞു. ഇതില്‍ ടെലിവിഷനും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാല്‍ ഈ വളര്‍ച്ചയില്‍ എവിടെവെച്ചൊക്കെയോ കായിക എഴുത്തിന്റെ സൗന്ദര്യം നഷ്ടപ്പെട്ടു പോയോ? 

കളി കാണാതെ തന്നെ കളി കണ്ട സുഖം തന്നിരുന്ന കായിക എഴുത്തുകളുടെ നൈസര്‍ഗികത എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. അനുദിനം വളരുന്ന സാങ്കേതിക യുഗത്തില്‍ കായിക എഴുത്തുകാരുടെ പ്രസക്തി നഷ്ടപ്പെടുന്നുവോ എന്ന വിഷയത്തില്‍ അയാസ് മേമനും ദിലീപ് പ്രേമചന്ദ്രനും എം.പി. സുരേന്ദ്രനും സംസാരിച്ചതും ഇതിനെക്കുറിച്ചു തന്നെ. 

ഇപ്പോഴത്തെ കായിക എഴുത്തുകാരില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം വല്ലാതെ മുഴച്ചുകാണുന്നുണ്ട്. അവര്‍ ആ എഴുത്തിന്റെ ശൈലി മാറ്റേണ്ടത് അനിവാര്യമാണ് എന്ന് എം.പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അതേസമയം, സമൂഹമാധ്യമങ്ങള്‍ എഴുത്തിന്റെ വലിയ ലോകം തുറന്നിടുന്നതായി അയാസ് മേമന്‍ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ എഴുത്തിന് പരിധിയില്ല. കായിക എഴുത്തുകാര്‍ വിഷ്വല്‍ മീഡിയവുമായി പൊരുത്തപ്പെടേണ്ടിയിരിക്കുന്നു അയാസ് മേമന്‍ 

പണ്ട് സ്‌പോര്‍ട്‌സ് എഡിറ്റര്‍ ആകാന്‍ ക്രിക്കറ്റ് മാത്രം അറിഞ്ഞിരുന്നാല്‍ മതിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ക്രിക്കറ്റ് കഴിഞ്ഞാല്‍ ഏറ്റവും ഡിമാന്റുള്ള കായിക ഇനമായി കബഡി മാറിക്കഴിഞ്ഞു. ടി.വി. ഷോകളാണ് ഇതിന് കാരണം. ഇപ്പോഴിതാ അതിന്റെ ചുവടുപറ്റി ഫുട്‌ബോളും ബാഡ്മിന്റണും സുപ്രധാന കായിക ഇനങ്ങളായി വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നു-അയാസ് മേമന്‍ പറഞ്ഞു. 

വരും വര്‍ഷങ്ങളില്‍ മൊബൈല്‍ ഒരു ഫുള്‍ പാക്കേജായി മാറും. കായിക എഴുത്തുകാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കേരളത്തിലും പുറത്തും കായികരംഗത്തെക്കുറിച്ച് എഴുതുന്നവരുടെ എണ്ണം വര്‍ഷംതോറും കുറഞ്ഞുകൊണ്ടിരിക്കുന്നു. സ്‌പോര്‍ട്‌സിനെ എഴുത്തിന്റെ മേഖലയായി തിരഞ്ഞെടുക്കുന്നവര്‍ വളരെ ചുരുക്കമാണ്. കായികമേഖലയെക്കുറിച്ചും കായികതാരങ്ങളെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതാണ് ഇതിന് പ്രധാന കാരണം. 

പണ്ട് കായിക എഴുത്തുകാര്‍ എഴുതുന്നത് വായിക്കുമ്പോള്‍ കളി കാണുന്ന സുഖം കിട്ടിയിരുന്നു എന്നാല്‍ ഇന്നത്തെ എഴുത്തുകാര്‍ക്ക് ആ സര്‍ഗാത്മകത നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ കായിക എഴുത്തുകാര്‍ ശരിക്കും കായിക എഴുത്തിന്റെ രീതി പഠിക്കേണ്ടിയിരിക്കുന്നു-എം.പി. സുരേന്ദ്രന്‍ പറഞ്ഞു.

പണ്ടൊക്കെ ഒരു റിപ്പോര്‍ട്ട് എഴുതിയാല്‍ അത് ഓഫീസില്‍ എത്തിക്കാനും ആ വാര്‍ത്ത അടുത്ത ദിവസം വരും എന്ന് ഉറപ്പിക്കാനും എടുത്തിരുന്ന സമയം വളരെ കൂടുതലാണ്. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ പോയി റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുമ്പോള്‍, റിപ്പോര്‍ട്ട് ഓഫീസില്‍ എത്തിക്കുക എന്നതുതന്നെ ഒരു ഭഗീരഥ പ്രയത്‌നമായിരുന്നു. ഫോണ്‍ ചെയ്താല്‍ തന്നെ ലൈന്‍ കണക്ട് ചെയ്തു കിട്ടാനും മറ്റും മണിക്കൂറുകള്‍ എടുത്തിരുന്നു ആ കാലത്ത്. 

റിപ്പോര്‍ട്ടെല്ലാം വായിച്ചു കഴിഞ്ഞ് അത് അടുത്ത ദിവസത്തെ പത്രത്തില്‍ വരും എന്ന ഉറപ്പുമായി വരുന്ന ഫോണ്‍കോളിനായാണ് അടുത്ത കാത്തിരിപ്പ്. ഈ പ്രയത്‌നങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ ലഭിക്കുന്ന ഒരു അനുമതിക്ക് വിലമതിക്കാനാവുമായിരുന്നില്ല. അതുകൊണ്ടു തന്നെ ആ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു പിന്നിലും അത്ര തന്നെ പരിശ്രമം ഉണ്ടായിരുന്നു.

ഇന്ന് അതല്ലല്ലോ സ്ഥിതി. കളി കാണാന്‍ പോകുന്നു, അവിടെ നിന്നും തന്നെ കളിയുടെ പ്രസക്ത ഭാഗങ്ങള്‍ ലൈവായി ട്വീറ്റ് ചെയ്യുന്നു, ഫേസ്ബുക്കില്‍ ലൈവിടുന്നു. മൊബൈല്‍ വഴിയോ ലാപ്‌ടോപ് വഴിയോ റിപ്പോര്‍ട്ട് ഓഫീസിലേക്ക് അയക്കുന്നു. അപ്രൂവല്‍ കിട്ടുന്നു. അവിടെ തീര്‍ന്നു കാര്യം. എല്ലാറ്റിനും കൂടി ഒരു മണിക്കൂര്‍ പോലും വേണ്ടിവരില്ല. അങ്ങനെ വരുമ്പോള്‍ റിപ്പോര്‍ട്ടിങ്ങിലും അത്രയും കുറച്ച് പരിശ്രമമേ ഉണ്ടാകുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യേണ്ടി വരുന്നു. ഇപ്പോള്‍ സ്‌റ്റോറികള്‍ കിട്ടാനാണ് പ്രയാസം-അയാസ് മേമന്‍ പറഞ്ഞു.

Content Highlights: mbifl2018 Festival Of Letters MathrubhumiInterNational Festival Of Letters