ക്കാലത്തും മറ്റുദേശങ്ങളിലേക്ക് തുറന്നുവെച്ച വാതിലായിരുന്നു മലയാളി. സാഹിത്യത്തില്‍ പ്രത്യേകിച്ചും. മറ്റുഭാഷകളിലെ സാഹിത്യത്തെ എന്നും മലയാളി ഇരുകൈയും നീട്ടി സ്വീകരിച്ചു.

എഴുത്തുകാരോളം പോന്ന വലിയ വിവര്‍ത്തകരും ഇവിടെയുണ്ടായി. എഴുത്തിലെയും വായനയിലെയും ഈ അന്യഭാഷാസംസര്‍ഗം മലയാളിയുടെ എഴുത്തിലും വായനയിലും വലിയ വികാസമുണ്ടാക്കി. തലമുറകള്‍ മാറുന്നതിനനുസരിച്ച് ഇവിടെ പുതിയ പുതിയ എഴുത്തുകാരുണ്ടായി.

പുതിയ പുതിയ ഭാവുകത്വങ്ങള്‍ പിറന്നു. ഭാഷ നവീകരിക്കപ്പെട്ടു. ലോകത്തിലെയും ജീവിതത്തിലെയും എല്ലാവിധ ചലനങ്ങളോടും നമ്മുടെ എഴുത്തുകാര്‍ ഏറെ ജാഗ്രതയോടെ പ്രതികരിച്ചു. വ്യത്യസ്തമായ സൃഷ്ടികള്‍ സംഭവിച്ചു. ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഫെബ്രുവരി രണ്ടുമുതല്‍ നാലുവരെ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം മലയാളത്തിലെ എഴുത്തിന്റെയും ചിന്തയുടെയും മഴവില്‍ഭംഗി മുഴുവനും തെളിയിക്കും.

സാഹിത്യത്തില്‍ വായനക്കാര്‍ ഇത്രമാത്രം ഇടപെടുന്ന മറ്റൊരു ഭാഷയുണ്ടാവില്ല. സാഹിത്യമാസികകളിലെ വായനക്കാരുടെ കത്തുകള്‍ വായിച്ചാല്‍ ഇത് എളുപ്പം മനസ്സിലാവും. വെറുതെ എഴുതുകയല്ല, മറിച്ച് സര്‍ഗാത്മകമായി ഇടപെടുകയാണ് വായനക്കാര്‍ ചെയ്യുന്നത്. സമകാലിക മലയാളസാഹിത്യത്തെ സാധുവും അസാധുവുമാക്കുന്ന വായനക്കാരുടെ ഇടപെടലുകളെ പരിശോധിക്കുന്ന ഗൗരവപൂര്‍ണമായ ചര്‍ച്ച അക്ഷരോത്സവത്തിലുണ്ട്.

കഥാകൃത്തും നോവലിസ്റ്റുമായ സാറാ ജോസഫ്, കഥാകൃത്തുക്കളായ സന്തോഷ് ഏച്ചിക്കാനം, ലാസര്‍ ഷൈന്‍ എന്നിവര്‍ പങ്കെടുക്കും. എഴുത്തുകാരനും പുസ്തകനിരൂപകനുമായ എന്‍.ഇ. സുധീര്‍ ആണ് ഈ സെഷന്‍ നിയന്ത്രിക്കുക.

രാഷ്ട്രീയമാണ് മലയാളിയുടെ പ്രധാന ഭക്ഷണങ്ങളിലൊന്ന്. അതുകൊണ്ട് സാഹിത്യത്തിലും രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും കടന്നുവരും. ഒരു രാഷ്ട്രീയകവിയുടെ കേരളജീവിതം എങ്ങനെയാണ്? ഇത് ചര്‍ച്ചചെയ്യുന്നത് കവികളായ സച്ചിദാനന്ദനും പ്രഭാവര്‍മയുമാണ്. കവിതയും രാഷ്ട്രീയവും ഇവിടെ ഉരസും. പ്രകാശിക്കും.

മാറുന്ന കഥ മാറുന്ന ഭാഷയും സൃഷ്ടിക്കുന്നുണ്ട്. അത് പലപ്പോഴും ഗ്രാമ്യമാവുന്നു, നാട്ടുഭാഷകളുടെ വേരുകളിലേക്ക് തിരിച്ചുനടക്കുന്നു. കഥകള്‍ കണ്ടെടുക്കുന്ന ഭാഷയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് മലയാളത്തിലെ പുതുതലമുറയിലെ പ്രമുഖ കഥാകൃത്തുക്കളായ ഉണ്ണി ആര്‍, എസ്. ഹരീഷ്, വിനോയ് തോമസ്, ഫ്രാന്‍സിസ് നൊറോണ, പി.എസ്. റഫീഖ് എന്നിവരാണ്.

ചലച്ചിത്രസംഗീതം മലയാളിക്ക് കേട്ടുകളയേണ്ടുന്ന പാട്ടോ വെറും ഗൃഹാതുരതയോ മാത്രമല്ല. സാഹിത്യത്തോളം തന്നെ പ്രധാനപ്പെട്ട സര്‍ഗാത്മകമേഖലയാണ്. പാട്ട് മലയാളിക്ക് ഒരു ജീവിതവഴിയാണ്. കാലം മാറുന്നതിനനുസരിച്ച് പാട്ടും മാറി. ഗാനലോകത്തെ ഋതുഭേദങ്ങളെക്കുറിച്ച് അക്ഷരോത്സവം ചര്‍ച്ചചെയ്യുന്നു.

പാട്ടെഴുത്തുകാരൻ രവി മേനോന്‍, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, സംഗീതസംവിധായകന്‍ ബിജിപാല്‍, ചലച്ചിത്രഗാന നിരൂപകന്‍ രവി മേനോന്‍ എന്നിവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കും. വരികളിലെ സാഹിത്യവും സംഗീതവും ഇവിടെ ചര്‍ച്ചചെയ്യപ്പെടും.

ചൊല്‍ക്കാഴ്ചകള്‍ കണ്ടുവളര്‍ന്ന മലയാളിക്ക് കവിതചൊല്ലാതെ ഒരു സാഹിത്യോത്സവവും പൂര്‍ണമാവില്ല. സച്ചിദാനന്ദന്‍, അനിതാ തമ്പി, അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, പി.പി. രാമചന്ദ്രന്‍, എസ്. ജോസഫ്, ആര്യാ ഗോപി, പി. രാമന്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി അക്ഷരോത്സവത്തില്‍ കവിതചൊല്ലാനെത്തും. കവിതയുടെ നിലാവും കനകക്കുന്നില്‍ പരക്കും.

Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literature Malayalam Literature