മാനിന്റെ വേഗമുള്ള കാലുകളുമായി കാലം കുതിക്കുന്നു... മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പരിഭാഷയിലൂടെ മലയാളികള്‍ വായിച്ച 'യയാതി' എന്ന നോവലില്‍ വി.എസ്. ഖാണ്ഡേക്കര്‍ എഴുതി. കാലത്തെ മാനിന്റെ കാലുകളുമായി ജ്ഞാനപീഠജേതാവുകൂടിയായ ഖാണ്ഡേക്കര്‍ ഉപമിച്ചത് അന്ന് അദ്ഭുതം ഉണര്‍ത്തിയിരുന്നു.

ഇന്ന് ആ ഉപമ പഴയതാണ്. അതിനെക്കാള്‍ എത്രയോ മടങ്ങ് വേഗത്തിലാണ് കാലം പായുന്നത്. അതനുസരിച്ച് മനുഷ്യര്‍ മാറി, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാറി, കാഴ്ചപ്പാടുകള്‍ മാറി, പോരാട്ടങ്ങളും ആകുലതകളും മാറി. ഈ മാറ്റം നമ്മുടെ സാഹിത്യത്തിന്റെയും ചിന്തകളുടെയും എല്ലാ വശങ്ങളെയും ബാധിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടുമുതല്‍ നാലുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മാറിയകാലത്ത് വിവിധമേഖലകള്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രത്യേകം ചര്‍ച്ചാവിഷയമാവും.

എസ്.കെ. പൊറ്റെക്കാട്ട് ഏകാകിയായി സഞ്ചാരത്തിനിറങ്ങിയ ലോകമല്ല ഇന്നത്തേത്. ടൂര്‍ ഓപ്പറേറ്റര്‍മാരും ബജറ്റ് എയര്‍ലൈനുകളുമടക്കമുള്ള ധാരാളം യാത്രാസാധ്യതകളും ഇന്റര്‍നെറ്റും എല്ലാം ചേര്‍ന്ന് ലോകത്തിന് ദൂരംകുറഞ്ഞ ഒരുകാലത്ത് യാത്രാവിവരണത്തിന് എന്താണ് പ്രസക്തി? എത്രമാത്രം വെല്ലുവിളികള്‍ നമ്മുടെ യാത്രയെഴുത്തുകാര്‍ നേരിടുന്നുണ്ട്?
അക്ഷരോത്സവം ഈ വിഷയം ചര്‍ച്ചചെയ്യും.

Logo'ഹൈമവതഭൂവില്‍' അടക്കമുള്ള പ്രശസ്ത യാത്രാവിവരണ കൃതികള്‍ എഴുതിയ എം.പി. വീരേന്ദ്രകുമാര്‍, 'ഇന്‍ സാനഡു', 'സിറ്റി ഓഫ് ദ ജിന്‍സ്', 'ഫ്രം ദ ഹോളി മൗണ്ടന്‍' എന്നീ വിഖ്യാത യാത്രാകൃതികള്‍ എഴുതിയ വില്യം ഡാല്‍റിംപിള്‍, 'സഞ്ചാരം' എന്ന പരിപാടിയിലൂടെ ലോകത്തെ മലയാളിയുടെ സ്വീകരണമുറിയിലെത്തിച്ച സന്തോഷ് ജോര്‍ജ് കുളങ്ങര, 'ദ പഞ്ച്' മാസികയുടെ പ്രസാധക ഷെറീന്‍ ക്വാദരി എന്നിവരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുക. ലോകയാത്രയുടെ വലിയഭൂപടംതന്നെ ഈ ചര്‍ച്ച വിരിച്ചിടും.

പൂരങ്ങളെയും ഉത്സവങ്ങളെയും ജീവനോളം സ്‌നേഹിക്കുന്ന മലയാളി ആനയോട് എത്രമാത്രം കരുണയുള്ളവനാണ്, അവര്‍ തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്നത് ഏറെക്കാലമായി നാം ചര്‍ച്ചചെയ്യുന്നു. ഇതേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍, പ്രശസ്ത ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍, നാട്ടാന പരിപാലനവിദഗ്ധന്‍ ഡോ. ടി.എസ്. രാജീവ് എന്നിവര്‍ പങ്കെടുക്കും.

മനുഷ്യരുടെ ഈഗോകള്‍ക്കുനേരേ അയക്കുന്ന അസ്ത്രങ്ങളാണ് കാര്‍ട്ടൂണുകള്‍. ഈഗോകള്‍ അരങ്ങുവാഴുന്ന ഈ കാലത്ത് കാര്‍ട്ടൂണിന്റെ പ്രസക്തിയെപ്പറ്റി ചര്‍ച്ചചെയ്യുന്നത് ഇന്ത്യയിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഇ.പി. ഉണ്ണി, കേശവ്, സുജിത് കുമാര്‍, ബോണി തോമസ് എന്നിവരാണ്. ചിരിയും ചിന്തയും ഒരേപോലെ പടരുന്ന ചര്‍ച്ചയായിരിക്കും ഇത്.

കളികളില്‍ 'കാണുന്ന' കളി മാത്രമല്ല ഉണ്ടായിരുന്നത്. എഴുതുന്ന കളിയും വായിച്ചാസ്വദിക്കുന്ന കളിയും ഉണ്ടായിരുന്നു. കളിയെഴുത്ത് ഒരു കലയായിരുന്നു. അതില്‍ സാഹിത്യവും സ്‌പോര്‍ട്‌സും സംഗമിച്ചിരുന്നു. ആ കാലം പോയോ എന്ന് ചര്‍ച്ചചെയ്യുന്നത് പ്രസിദ്ധ കളിയെഴുത്തുകാരായ അയാസ് മേമന്‍, ദിലീപ് പ്രേമചന്ദ്രന്‍, എം.പി. സുരേന്ദ്രന്‍ എന്നിവരാണ്.

മെട്രോ നഗരം എന്ന യാഥാര്‍ഥ്യം കേരളത്തെയും വളഞ്ഞുകഴിഞ്ഞു. ചെറുപട്ടണങ്ങള്‍പോലും മെട്രോ നഗരങ്ങളാവാനുള്ള കുതിപ്പിലാണ്. ഈ അവസരത്തിലാണ് നമ്മുടെ മെട്രോകളുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ച. പ്രശസ്ത പൈതൃകസംരക്ഷണ ആര്‍ക്കിടെക്ടും ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി, പഞ്ചാബിലെ സുവര്‍ണക്ഷേത്രം, ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ട് എന്നിവ സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്ത ഗുര്‍മിത് റായ്, ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പുര്‍ രൂപകല്‍പ്പന ചെയ്ത കൂട്ടായ്മയിലെ അംഗവുമായ കമാല്‍ മാലിക്, ആഗോളപ്രശസ്ത ആര്‍ക്കിടെക്ട് പീറ്റര്‍ റിച്ച്, നഗരങ്ങള്‍ പ്ലാന്‍ ചെയ്യുന്നതില്‍ വിദഗ്ധനായ വി. സുനില്‍ എന്നിവരാണ് ഈ വിഷയത്തിലുള്ള അഭിപ്രായങ്ങളും ആകുലതകളും പങ്കുവെയ്ക്കുക. ഈ വിഷയത്തില്‍ ആധികാരികമായി സംസാരിക്കുന്ന ഇവരുടെ സംഗമം ഇക്കാര്യത്തില്‍ വിലപ്പെട്ടതാവും.

അയല്‍രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്രബന്ധം ഇത്രയധികം ചര്‍ച്ചയായ ഒരു കാലമില്ല. പാകിസ്താനുമായും ചൈനയുമായുമുള്ള ബന്ധം ഉലഞ്ഞുനില്‍ക്കുന്ന സമയവുമാണിത്. ഈ വിഷയവും അക്ഷരോത്സവും ചര്‍ച്ച ചെയ്യും. നയതന്ത്രവിദഗ്ധരായ ടി.സി.എ. രാഘവന്‍, ടി.പി. ശ്രീനിവാസന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. ഉല്ലേഖ് എന്നിവരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയുടെ നയതന്ത്രസമീപനങ്ങളെക്കുറിച്ച് സ്വാനുഭവത്തിലൂന്നിയ ആഴത്തിലുള്ള ചര്‍ച്ചയായിരിക്കും ഇത്.

Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literature Malayalam Literature, literary festivals of india