ലോകത്തിന്റെ മിക്കയിടങ്ങളും അന്യവത്കരിക്കപ്പെട്ടര്‍ അവരുടെ ഒച്ച വേറിട്ടുകേള്‍പ്പിക്കുന്ന കാലമാണിത്. ഞങ്ങള്‍ ഇവിടെയുണ്ട്, ഞങ്ങള്‍ക്കും ഞങ്ങളായി ജീവിക്കണമെന്ന് അവര്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു.

സ്ത്രീകള്‍, ദളിതര്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ എന്നിവരാണവര്‍. സഹനത്തിന്റെ മൂന്നാംകരയില്‍ നിന്നൊരു തിരിച്ചുനടത്തം. ഇനിയും സഹിക്കാന്‍ ആവില്ല ഞങ്ങള്‍ക്കെന്ന ഉറച്ചശബ്ദം. പ്രതിരോധം സാധ്യമാണ് എന്ന പ്രഖ്യാപനം. ആ പ്രഖ്യാപനത്തിന് വേദിയാവും, ഫെബ്രുവരി രണ്ടുമുതല്‍ നാലുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം.
Logo
പുരുഷാധിപത്യത്തിനെതിരേ സ്ത്രീകളുടെ സംഘടിതപ്രതിരോധം മുമ്പെങ്ങുമില്ലാത്തവിധം ശക്തമായത് ഈയടുത്ത കാലത്താണ്. വീട്ടകങ്ങളിലും പുറത്തും സ്ത്രീകള്‍ അതിക്രമത്തിനും പീഡനത്തിനും നിരന്തരം വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കേതന്നെ പെണ്‍പ്രതിരോധം ശക്തിപ്രാപിച്ചിട്ടുമുണ്ട്. 'നീതിയില്ലെങ്കില്‍ നീ തീയാവുക' എന്ന പ്രയോഗത്തിന്റെ പ്രായോഗികത അവള്‍ സ്വയം പഠിച്ചുതുടങ്ങിയിരിക്കുന്നു.

ലൈംഗികന്യൂനപക്ഷങ്ങളെ പരിഹാസത്തോടെ കണ്ടുശീലിച്ച മലയാളികള്‍ മെല്ലെ മാറിത്തുടങ്ങുന്നുണ്ട്. കേരളം ലൈംഗികന്യൂനപക്ഷങ്ങളുടെ സൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞു. ഭിന്നലൈംഗികര്‍ക്കായി സര്‍ക്കാര്‍ നയം രൂപവത്കരിച്ചു. ഞങ്ങളെ സമൂഹം അംഗീകരിക്കണമെന്ന് ഉറച്ചസ്വരത്തില്‍ അവരും പറഞ്ഞുതുടങ്ങിയിരിക്കുന്നു.

ജാതീയമായി മാറ്റിനിര്‍ത്തപ്പെട്ടവര്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത് തിരിച്ചുപിടിക്കാനായി, പ്രതിരോധസമരങ്ങള്‍ കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. ദളിത്പ്രതിരോധങ്ങള്‍ കൂടുതല്‍ ശക്തമാവുന്നു. ഇനിയും ഞങ്ങളെ വഞ്ചിക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഈ മേല്‍ലോകങ്ങളുടെ സജീവസംവാദമുണ്ടാവും. സ്ത്രീവാദം പുരുഷാധിപത്യംപോലെ സ്ത്രീയധീശത്വത്തിലേക്ക് വഴിമാറുന്നുണ്ടോയെന്ന് അന്വേഷിക്കുന്ന സെഷനാണ് അതിലൊന്ന്. സ്ത്രീപക്ഷ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുള്ള എഴുത്തുകാരി ഋതുമേനോന്‍, സെക്‌സ് ട്രാഫിക്കിങ്ങിനെതിരേ ഇടപെട്ടുകൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തക രുചിരാ ഗുപ്ത, കവി അനിതാ തമ്പി, മീന ടി. പിള്ള എന്നിവര്‍ ഈ സംവാദത്തിന്റെ ഭാഗമാകും.

കൊച്ചരേത്തി എന്ന ഒറ്റനോവലിലൂടെ ദളിതരുടെ ജീവിതം കൃത്യമായി അടയാളപ്പെടുത്തിയ നാരായന്‍, പ്രാന്തവത്കരിക്കപ്പെടുന്നവരുടെ ജീവിതമെഴുത്തിനെക്കുറിച്ച് വായനക്കാരോട് പറയും. കവികളായ എസ്. ജോസഫ്, വി.എം. ഗിരിജ, നിരൂപക ജി. ഉഷാകുമാരി എന്നിവരും നാരായനൊപ്പം വര്‍ത്തമാനം പറയും.

ലൈംഗികന്യൂനപക്ഷ സൗഹൃദത്തിന്റെ ഇടമായി കേരളം പൂര്‍ണമായും മാറിയിട്ടുണ്ടോയെന്ന ചോദ്യത്തിനുത്തരം പറയാന്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ശീതള്‍ ശ്യാമെത്തും. വിഹാന്‍, ഭിന്നലൈംഗിക സൗന്ദര്യറാണി ശ്യാമ, വിജയരാജ മല്ലിക എന്നിവരുമെത്തും.

സമൂഹമാധ്യമങ്ങളിലെ സ്ത്രീസാന്നിധ്യം സമൂഹത്തില്‍ എന്തുമാറ്റങ്ങളുണ്ടാക്കിയെന്ന അന്വേഷണത്തില്‍ ജെ. ദേവിക, അരുന്ധതി, ആര്യാ ഗോപി, ഇന്ദുമേനോന്‍, ജാനകി എന്നിവര്‍ സംവദിക്കും.

തെറിയൊരു തെറിയാണോ. തെറിക്കുമൊരു രാഷ്ട്രീയമില്ലേ. അത്രമേല്‍ തെറിയാണോ ഈ തെറിവാക്കുകള്‍? തീര്‍ത്തും വ്യത്യസ്തമായ 'തെറിവിഷയം' അക്ഷരോത്സവത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. കല്പറ്റ നാരായണന്‍, ലാസര്‍ ഷൈന്‍, വി.എം. ദേവദാസ്, ദിനു, 'തെറി' എന്ന കോളേജ് മാഗസിന്റെ എഡിറ്റോറിയല്‍ അംഗമായ ഋഷിദാസ് എന്നിവര്‍ തെറിയുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കും.

മലയാളിയുടെ സാമൂഹികജീവിതത്തെ നിര്‍ണയിക്കുന്ന മഞ്ഞലോഹത്തിന്റെ സാധ്യതകള്‍ അക്ഷരോത്സവത്തില്‍ അപൂര്‍വമായ ഒരു ചര്‍ച്ചാവിഷയമാകും. സാമൂഹികപ്രവര്‍ത്തകയായ ഡോ. ജയശ്രീ, ജി. ഉഷാകുമാരി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഭീമ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഭീമ ഗോവിന്ദന്‍ എന്നിവരാണ് പൊന്നിനെക്കുറിച്ച് പറയാനെത്തുന്നത്.

Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literature Malayalam Literature, literary festivals of india