തങ്ങള്‍ ഏകാന്തതയില്‍ ഇരുന്ന് എഴുതുന്ന വരികള്‍, ഏതോ ദേശത്ത് ഏതോ കാലത്ത് ഏതോ ഒരു വായനക്കാരന്‍ വായിച്ച് ആസ്വദിക്കുന്നതിലെ ആനന്ദമാണ് എഴുത്തിലെ ഏറ്റവും പരമമായ അവസ്ഥയെന്ന് പല വലിയ എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. വായനക്കാര്‍ ഒരുപക്ഷേ രചയിതാവിനെ കണ്ടിട്ടുപോലുമുണ്ടാവില്ല. എങ്കിലും അയാളുടെ മനസ്സില്‍ അക്ഷരങ്ങള്‍ ജീവിക്കുന്നു, അതെഴുതിയ ആളോടുള്ള ആദരവും. സാഹിത്യത്തിന്റെ രസതന്ത്രമാണത്.

കാലം മാറി. ആസ്വാദനത്തിന്റെ തലങ്ങളും രൂപങ്ങളും മാറി. എഴുത്തുകാരും വായനക്കാരും തമ്മില്‍ നേരിട്ട് കണ്ടുമുട്ടാനുള്ള ഒട്ടേറെ അവസരങ്ങള്‍ ഇന്നുണ്ട്. വിവിധങ്ങളായ സാഹിത്യോത്സവങ്ങളില്‍ അവര്‍ മുഖാമുഖം കാണുന്നു, സംവദിക്കുന്നു, നേരിട്ടറിയുന്നു. ഈ അവസരങ്ങളില്‍ എഴുത്തുകാര്‍ സ്വന്തം സൃഷ്ടിയുമായി, ചിന്തകളുമായി വായനക്കാരുടെ മുന്നില്‍ വന്നുനില്‍ക്കും. ശരീരംകൊണ്ടും ശബ്ദംകൊണ്ടും സ്വയം ആവിഷ്‌കരിക്കും. എഴുതുന്ന വാക്കുകള്‍ക്കപ്പുറം, പറയുന്ന വാക്കുകളിലൂടെ, പ്രകടിപ്പിക്കുന്ന ഭാവങ്ങളിലൂടെ വിരിയുന്ന ആത്മാവിഷ്‌കാരം. ഇത്തരം ഒട്ടേറെ സെഷനുകളുണ്ട്, െഫബ്രുവരി രണ്ടുമുതല്‍ നാലുവരെ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍.

Logoപ്രസിദ്ധ വാസ്‌കുലാര്‍ സര്‍ജനും എഴുത്തുകാരനുമായ ഡോ. അംബരീഷ് സാത്വികിന്റെ 'ദ മെഡിക്കല്‍ ന്യൂഡ്' എന്ന വിഷയത്തിലുള്ള പ്രഭാഷണമാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. 'പെരിനിയം: നെതര്‍ പാര്‍ട്‌സ് ഓഫ് ദി എംപയര്‍' എന്ന പ്രസിദ്ധമായ തന്റെ പുസ്തകത്തിലൂടെ അധിനിവേശകാലത്തിന്റെ ലൈംഗിക പിന്നണിക്കഥകള്‍ തുറന്നുകാട്ടിയ ആളാണ് ഡോ. അംബരീഷ് സാത്വിക്. അപകടം പറ്റിയോ രോഗിയായോ അബോധാവസ്ഥയില്‍ക്കിടക്കുന്ന ഒരു ശരീരത്തിനുനേരേ ഡോക്ടര്‍മാരുടെയും ഒപ്പമുള്ളവരുടെയും നോട്ടത്തെക്കുറിച്ചും അതിന്റെ ചിന്തകളെക്കുറിച്ചുമാണ് അദ്ദേഹം സംസാരിക്കുക. വൈദ്യശാസ്ത്രവും സാഹിത്യവും ഇവിടെ സംഗമിക്കും. ഫെബ്രുവരി നാലിന് അക്ഷരോത്സവത്തിന്റെ ബിഗ് വെന്യൂവിലാണ് ഡോ. അംബരീഷ് സംസാരിക്കുക.

എഴുത്തിലൂടെയും സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും മലയാളിയുടെ തനിനിറം തൊലിയുരിച്ചുകാണിക്കുന്ന നടന്‍ ജോയ് മാത്യുവിന്റെ ഏകാംഗ ആവിഷ്‌കാരവും ആ ദിവസംതന്നെ കാണാം. 'മലയാളിയുടെ സുവിശേഷം' എന്നാണ് ജോയ് മാത്യുവിന്റെ സെഷന്റെ പേര്. യഥാര്‍ഥ മലയാളിയുടെ എല്ലാ വശങ്ങളും ജോയ് മാത്യുവിന്റെ ഏകാംഗ ആവിഷ്‌കാരത്തിലൂടെ കാണാം, മലയാളിക്ക് അവനവനെത്തന്നെ തിരിച്ചറിയാം.

കൃത്രിമബുദ്ധിയും യന്ത്രവത്കരണവും മാധ്യമമേഖലയെ എങ്ങനെയാണ് പുനര്‍നിര്‍വചിച്ചിരിക്കുന്നത് എന്ന വിഷയത്തില്‍ സംസാരിക്കുന്നത് പ്രൊഫ. ദേവദാസ് രാജാറാമാണ്. തന്റെ മേഖലയിലെ ബദല്‍ സൃഷ്ടിക്കുന്ന ലോകത്തെ ഏറ്റവും പ്രസിദ്ധരായ 20 മാധ്യമ അധ്യാപകരില്‍ ഒരാളാണ് അദ്ദേഹം. അക്ഷരോത്സവത്തിന്റെ മൂന്നാം നാളാണ് ഈ പ്രഭാഷണം.

ജീവിതംതന്നെ സമരവും സര്‍ഗാത്മകതയുമാക്കിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് കെനിയയില്‍നിന്നുള്ള മൊണീക്ക വാഞ്ചിരു. തന്റെ ദേശത്തെ സ്ത്രീകളെ ചേലാകര്‍മത്തിന് ഇരയാക്കുന്നതിനെതിരേ വലിയ സമരങ്ങള്‍ നടത്തിയ വാഞ്ചിരു അതിശക്തമായ കഥകളിലൂടെയും തന്റെ സമരം തുടരുന്നു. ജീവിതത്തില്‍ അതിതീവ്രമായ തിക്താനുഭവങ്ങളിലൂടെ കടന്നുപോയ അവര്‍ വിവിധ ദിവസങ്ങളിലായി തന്റെ നാലു കഥകള്‍ വായിക്കും, അനുഭവങ്ങള്‍ പങ്കിടും.

കവിതയും കാഴ്ചപ്പാടുകളുമായാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ ഏകാംഗാവിഷ്‌കാരത്തിന് എത്തുന്നത്. സദസ്സുമായുള്ള സംവാദ സെഷനാണ് ഇത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് വില്യം ഡാല്‍റിംപിള്‍ ആമുഖഭാഷണം നടത്തും. എഴുത്തുപോലെതന്നെ മനോഹരമാണ് ഡാല്‍റിംപിളിന്റെ സംഭാഷണങ്ങളും. അതില്‍ കാര്യവും ഫലിതവും ഒന്നിച്ച് നിറയും. ചടുലമായ ആഖ്യാനങ്ങളും യാത്രാനുഭവങ്ങളും കലരും. അതും മലയാളിസദസ്സിന് പുതുമയാവും.
 
Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literature Malayalam Literature, literary festivals of india