ലദേശങ്ങളിലെ എഴുത്തുകാര്‍ ഒരിടത്ത് ഒത്തുചേരുമ്പോള്‍ വൈവിധ്യമുള്ള ആശയങ്ങളുടെയും ആവിഷ്‌കാരങ്ങളുടെയും മഴവില്ലുകളാണ് വിരിയുക. ആരോഗ്യകരമായ സംവാദം പകരുന്ന അഴക് ഈ സംഗമത്തിന്റെ അധികഭംഗിയാണ്. ഓരോ എഴുത്തുകാരനും എഴുത്തുകാരിയും സ്വന്തം രചനാലോകത്തെ ആസ്വാദകര്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നു. സ്വന്തം എഴുത്തിന്റെ വഴികളും എഴുതിയ ഭാഷയുടെയും സമൂഹത്തിന്റെയും ചുറ്റുപാടുകളും പങ്കുവയ്ക്കുന്നു. അത് കേള്‍ക്കുന്ന ആസ്വാദകര്‍ കൂടുതല്‍ക്കൂടുതല്‍ വിശാലതകളിലേക്ക് വിടര്‍ത്തപ്പെടുന്നു.

ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഇത്തരമൊരു ലോകമാണ് സാഹിത്യപ്രേമികള്‍ക്ക് നല്‍കുക.

തീര്‍ത്തും വ്യത്യസ്തരായ എഴുത്തുകാരും പ്രതിഭകളുമാണ് മൂന്നുദിവസം ഇവിടെ സംഗമിച്ച് സംസാരിക്കുക. പഴയ സോവിയറ്റ് യൂണിയന്റെയും ഇപ്പോഴത്തെ യുക്രൈനിന്റെയും ജീവിതസ്​പന്ദനങ്ങളും സര്‍ഗലോകവും ആവിഷ്‌കരിക്കാനെത്തുന്നത് ആന്ദ്രേ കുര്‍ക്കോവും ഓക്‌സാന സബുഷ്‌കോയുമാണ്. നോവലും ബാലസാഹിത്യവും ഡോക്യുമെന്ററിയും ലേഖനങ്ങളുമടക്കം എഴുത്തിന്റെ എല്ലാ മേഖലകളിലും പ്രതിഭാമുദ്ര പതിപ്പിച്ചയാളാണ് കുര്‍ക്കോവ്. ഭാവനയെ വെല്ലുന്ന തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ ആ സര്‍ഗപ്രപഞ്ചത്തിന്റെ നട്ടെല്ലാണ്.

കവിതയിലൂടെയും നോവലിലൂടെയും പ്രബന്ധങ്ങളിലൂടെയും മനുഷ്യരുടെയും താന്‍ പാര്‍ക്കുന്ന ദേശത്തിന്റെയും ജീവിതഭൂപടം ഓക്‌സാന വരച്ചിട്ടു. ആദ്യനോവലായ 'ഫീല്‍ഡ്വര്‍ക്ക് ഇന്‍ യുക്രൈനിയന്‍ സെക്‌സ്' എന്ന കൃതിമുതല്‍ സോവിയറ്റ് യൂണിയന്‍ അധിനിവേശത്തോടുള്ള സ്വന്തം ദേശത്തിന്റെ ചെറുത്തുനില്‍പ്പിനെ വിശദീകരിക്കുന്ന 'ദ മ്യൂസിയം ഓഫ് അബാന്‍ഡന്റ് സീക്രട്ട്‌സ്' എന്ന കൃതിവരെ വിവാദങ്ങള്‍ ഓക്‌സാനയുടെ പിറകിലുണ്ട്.

ശശി തരൂരിന്റെയും വില്യം ഡാല്‍റിംപിളിന്റെയും രചനാലോകങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ചരിത്രവും ഭാവനയും രാഷ്ട്രീയവും മതവും തരൂരിന്റെ എഴുത്തിന് ചിറകുകള്‍ നല്‍കുന്നു. സ്‌കോട്ട്‌ലന്‍ഡില്‍പ്പിറന്ന് ഇന്ത്യയെ ജീവിതദേശമാക്കിയ വില്യം ഹാമില്‍ട്ടന്‍ ഡാല്‍റിംപിളിന്റെ എഴുത്തില്‍ യാത്രയും ചരിത്രവും മതവും ഇന്ത്യയുടെയും അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയും ഭൂമിശാസ്ത്രവുമെല്ലാം വിവിധ ഭംഗികളില്‍ത്തെളിയുന്നു. തരൂരും ഡാല്‍റിംപിളും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഒന്നിലധികം സെഷനുകളില്‍ പങ്കെടുക്കും, ചിന്തകള്‍ പങ്കുവെയ്ക്കും, ഏകാംഗ ആവിഷ്‌കാരങ്ങള്‍ നടത്തും.

ബ്രിട്ടീഷ്-പാകിസ്താനി എഴുത്തുകാരനായ മുഹമ്മദ് ഹനീഫിന്റെ 'എ കേസ് ഓഫ് എക്‌സ്‌പ്ലോഡിങ് മാങ്കോസും' മലയാളിയായ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ദീപക് ഉണ്ണികൃഷ്ണന്റെ 'ടെംപററി പീപ്പിളും' എല്ലാ ദേശത്തെയും വായനക്കാരെയും ഇരുത്തി വായിപ്പിച്ച കൃതികളാണ്. ഇവര്‍ രണ്ടുപേരും വ്യത്യസ്ത വിഷയങ്ങളുമായാണ് അക്ഷരോത്സവത്തില്‍ എത്തുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ആയുധംകൊണ്ട് തളച്ചിടുന്ന പാകിസ്താനില്‍ ഭാവന എങ്ങനെയാണ് സാധ്യമാവുന്നതെന്ന് മുഹമ്മദ് ഹനീഫ് സ്വന്തം ദേശത്തെത്തന്നെ സബിന്‍ ജവേരിയുമായിച്ചേര്‍ന്ന് വിശദമാക്കുമ്പോള്‍ ദീപക് ഉണ്ണികൃഷ്ണന്‍ സ്വന്തം പുസ്തകത്തെയും അതിനെച്ചുറ്റിപ്പറ്റിയുള്ള ലോകത്തെക്കുറിച്ചും സംസാരിക്കുന്നു. രണ്ടും മലയാളി ഇതുവരെ കേള്‍ക്കാത്ത വാക്കുകള്‍, ആശയങ്ങള്‍.

ദക്ഷിണ സുഡാനില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ബിഗോയ ചൗള്‍ കവിതയില്‍ രാഷ്ട്രീയത്തിന്റെയും സാമൂഹികജീവിതത്തിന്റെയും തീനിറയ്ക്കുന്ന എഴുത്തുകാരിയാണ്. പ്രണയത്തെയും സ്ത്രീത്വത്തെയും ബന്ധങ്ങളെയുംകുറിച്ചുള്ള പരമ്പരാഗതധാരണകളെ പൊളിച്ചടുക്കുന്ന ബിഗോയ അദിതി അംഗിരസുമായും ഗിരീഷ് പുലിയൂരുമായും ചേര്‍ന്ന് ക്ഷോഭിക്കുന്ന കവിതയുടെ കെട്ടഴിക്കും.

എല്ലാകാലത്തും പൂക്കുന്ന കവിതയുടെ വൃക്ഷമായ സച്ചിദാനന്ദനും 'പാണ്ഡവപുരം'മുതല്‍ ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന 'കിളിക്കൂട്'വരെയുള്ള നോവലുകളിലൂടെ മലയാളിയുടെ മനസ്സിനെ ആഴത്തില്‍ സ്​പര്‍ശിച്ച സേതുവും ജീവിതംകൊണ്ടും കവിതകൊണ്ടും മലയാളിയെ എന്നും അമ്പരപ്പിക്കുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടും മാതൃഭൂമി അക്ഷരോത്സവത്തിലെ സജീവസാന്നിധ്യങ്ങളാണ്. സാഹിത്യവും രാഷ്ട്രീയവും ജീവിതവും ഇവരുടെ സംഭാഷണങ്ങളില്‍ മാറിയും മറിഞ്ഞും വരും. എല്ലാതരത്തിലുമുള്ള വൈവിധ്യത്തില്‍നിന്ന് വിടര്‍ന്നുവരുന്ന ഭംഗി, അതായിരിക്കും ഈ എഴുത്തുകാരുടെ ഒത്തുചേരല്‍ മലയാളിക്ക് കാണിച്ചുകൊടുക്കുക.

Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literature Malayalam Literature, literary festivals of india