തിരുവനന്തപുരം: നൃത്തവും സംഗീതവും പുഷ്പപ്രദര്‍ശനങ്ങളുംകൊണ്ട് സജീവമായ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരം അക്ഷരങ്ങളുടെ വസന്തോത്സവത്തിന് തയ്യാറാവുന്നു.

ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ നാല് ഭൂഖണ്ഡങ്ങളില്‍നിന്ന് 150 എഴുത്തുകാര്‍ പങ്കെടുക്കും. വ്യത്യസ്ത വിഷയങ്ങളില്‍ സംവാദങ്ങള്‍, ഏകാംഗ അവതരണങ്ങള്‍, സംഗീതസായാഹ്നങ്ങള്‍ എന്നിവ ഈ ദിവസങ്ങളെ സര്‍ഗസമ്പന്നമാക്കും. ലോകസാഹിത്യവും ഇന്ത്യന്‍ സാഹിത്യവും മലയാളസാഹിത്യവും തോളോടുതോള്‍ചേരും. വാക്കുകളും ആശയങ്ങളും സംഗീതവും ചേര്‍ന്ന് കനകക്കുന്നിനെ കമനീയമാക്കും.
 
 
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ വന്‍കരകളില്‍നിന്നുള്ള പ്രശസ്തരായ 150 എഴുത്തുകാരാണ് കനകക്കുന്നില്‍ സംഗമിക്കുക. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ജര്‍മനി, ഘാന, ഇന്ത്യ, കെനിയ, മലേഷ്യ, പാകിസ്താന്‍, റഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യു.എ.ഇ, യു.കെ, യുക്രൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്ന എഴുത്തുകാര്‍ സ്വന്തം രചനകളും ചിന്തകളും പങ്കുവയ്ക്കും. കവിതകള്‍ ആലപിക്കും, കഥകള്‍ വായിക്കും, പുസ്തകങ്ങള്‍ ഒപ്പിട്ടുനല്‍കും.

മൊണിക്ക വാഞ്ചിരു (കെനിയ), മുഹമ്മദ് ഹനീഫ്, സബിന്‍ ജവേരി (ഇരുവരും പാകിസ്താന്‍), നുമൈര്‍ ചൗധരി (ബംഗ്ലാദേശ്), മിഹിര്‍ ബോസ്, എറിക് അകോട്ടോ (ഇരുവരും യു.കെ.), ആന്ദ്രേ കുര്‍ക്കോവ് (യുക്രൈന്‍), അശോക് ഫെറി (ശ്രീലങ്ക), ഫെലിഷ്യ യാപ് (മലേഷ്യ), അയേഷ ഹാറുന്ന അത്ത (ഘാന), ബിഗോയ ചൗള്‍ (ഓസ്‌ട്രേലിയ) തുടങ്ങി നിരവധി വിദേശ എഴുത്തുകാരെത്തും.

ഇന്ത്യന്‍-ഇംഗ്ലീഷ് സാഹിത്യത്തിലെ താരങ്ങളായ എഴുത്തുകാരുടെ കേരളത്തിലെ ഏറ്റവും വലിയ ഒന്നിച്ചുചേരലാവും അക്ഷരോത്സവം. 'എന്തുകൊണ്ട് ഞാനൊരു ഹിന്ദുവായി' എന്ന തന്റെ ഏറ്റവും പുതിയ പുസ്തകവും അത് സംബന്ധിച്ച ചിന്തകളുമായാണ് ശശി തരൂര്‍ എത്തുന്നത്. മലയാളികൂടിയായ ആനന്ദ് നീലകണ്ഠന്‍, കേരളത്തില്‍ വേരുകളുള്ള ജയശ്രീ മിശ്ര, സഞ്ചാരിയും ചരിത്രകാരനുമായ വില്യം ഡാല്‍റിംപിള്‍, നോവലിസ്റ്റ് അനിതാ നായര്‍, എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബഷാറത്ത് പീര്‍, 'ടെംപററി പീപ്പിള്‍' എന്ന പുതിയ നോവലിലൂടെ പ്രശസ്തനായ ദീപക് ഉണ്ണികൃഷ്ണന്‍, എഴുത്തുകാരനും ഡോക്ടറുമായ അംബരീഷ് സാത്വിക്, കായിക, മാധ്യമപ്രവര്‍ത്തകനുമായ അയാസ് മേമന്‍, തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രമെഴുതിയ മനു എസ്. പിള്ള, നോവലിസ്റ്റ് പ്രതിഭാ റായി, ഫോട്ടോഗ്രാഫര്‍ രഘുറായി, എഴുത്തുകാരികളായ ഷീലാ റെഡ്ഡി, മീനാക്ഷി റെഡ്ഡി മാധവന്‍, ദളിത് എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെ, നയതന്ത്രജ്ഞനും എഴുത്തുകാരനുമായ ടി.സി.എ. രാഘവന്‍, പ്രസാധകനായ ഡേവിഡ് ദാവീദാര്‍, അസമില്‍നിന്നുള്ള എഴുത്തുകാരി ധ്രുബ ഹസാരിക, ഭക്ഷ്യചരിത്രകാരന്‍ ആഷിഷ് ചോപ്ര, ബംഗാളി എഴുത്തുകാരി തൃഷ ബസക് എന്നിവരാണ് എഴുത്തുകാരിലെ പ്രമുഖര്‍.

മലയാളത്തിലെ പഴയതും പുതിയതുമായ തലമുറയിലെ എഴുത്തുകാരുടെ വലിയനിരയും അക്ഷരോത്സവത്തെ സമ്പന്നമാക്കും. ടി. പത്മനാഭന്‍, എം. മുകുന്ദന്‍, എന്‍.എസ്. മാധവന്‍, സാറാ ജോസഫ്, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രഭാവര്‍മ, സി.വി. ബാലകൃഷ്ണന്‍, ജോയ് മാത്യു, സുഭാഷ് ചന്ദ്രന്‍, കെ.ആര്‍. മീര, കെ. ജയകുമാര്‍, റഫീഖ് അഹമ്മദ്, ഡോ. പി.കെ. രാജശേഖരന്‍, വീരാന്‍കുട്ടി, എസ്. ഹരീഷ്, സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആര്‍, പി. രാമന്‍, പി.പി. രാമചന്ദ്രന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, റിയാസ് കോമു തുടങ്ങിയവരെത്തുന്നു. ലോകഭാഷയ്ക്കും ചിന്തയ്ക്കുമൊപ്പം മലയാളസാഹിത്യത്തിലെയും സമൂഹത്തിലെയും സിനിമയിലെയും കലാമേഖലകളിലെയും ഏറ്റവും പുതിയ ചലനങ്ങളും മാറ്റങ്ങളും അക്ഷരോത്സവത്തില്‍ ചര്‍ച്ചചെയ്യും.

കണ്ടും കേട്ടും പരിചയിച്ച സാഹിത്യോത്സവങ്ങളുടെ മാതൃകയിലല്ല മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് എഴുത്തുകാര്‍ ചേര്‍ന്നിരുന്ന് നടത്തുന്ന സംവാദങ്ങളായും ചര്‍ച്ചകളായും ഏകാംഗാവതരണങ്ങളുമായാണ് മൂന്നുദിവസവും പരിപാടികള്‍. സദസ്സിന് എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരവുമുണ്ടാവും. കനകക്കുന്നിലെ മൂന്നുവേദികളിലും മരച്ചുവടുകളിലുമായി എണ്‍പതിലധികം സെഷനുകള്‍.

സാഹിത്യത്തിന്റെയും ചിന്തയുടേയും ചൂടേറ്റ ദിനങ്ങള്‍ക്ക് സായാഹ്നത്തിന്റെ ആഘോഷംപകരാനായി സംഗീതമുണ്ടാവും. വിപുലമായ പുസ്തകോത്സവവും വീട്ടുരുചികളുടെയും അപൂര്‍വമായ നാട്ടുരുചികളുടെയും വ്യത്യസ്തമായ അനുഭൂതികളുമായി മാതൃഭൂമി മലബാര്‍ ഭക്ഷ്യമേളയും അകമ്പടിയായുണ്ട്.

എങ്ങനെ പങ്കെടുക്കാം?
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 100 രൂപയാണ് ഒരുദിവസത്തേക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ്. മൂന്നുദിവസത്തേക്ക് ഒന്നിച്ച് രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് 250 രൂപ. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യം. സ്‌കൂളിന്റെ ഐ.ഡി. കാര്‍ഡോ വിദ്യാലയ മേലധികാരിയുടെ കത്തോ ഹാജരാക്കണം.

ഓണ്‍ലൈന്‍ (www.mbifl.com) വഴിയാണ് രജിസ്‌ട്രേഷന്‍. തത്സമയ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.
 
Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literary festivals of India