തിരുവനന്തപുരം: ഇന്നത്തെ വെര്‍ച്വല്‍ ലോകത്ത് യാത്രാവിവരണ സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചകളോടെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് തുടക്കമായി. പ്രിയപ്പെട്ട എഴുത്തുകാരുടെ  വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ എത്തിയവരെക്കൊണ്ട് കനകക്കുന്നിലെ പാലസ് ഹാള്‍ നിറഞ്ഞു.

സ്‌കോട്ടിഷ് ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍ഡറിംപിള്‍, എം.പി.വീരേന്ദ്രകുമാര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരായിരുന്നു പ്രഭാഷകര്‍. എഴുത്തുകാരി ഷെറീന്‍ ഖ്വാദ്രി മോഡറേറ്ററായി.

സ്വന്തം പുസ്തകത്തിലെ ചില ഭാഗങ്ങള്‍ വായിച്ച് സദസ്സിനെ കയ്യിലെടുക്കുകയായിരുന്നു ഡാല്‍റിംപിള്‍. ആകര്‍ഷകമായ രീതിയില്‍ യാത്രാനുഭവങ്ങളെയും ചരിത്രദര്‍ശനങ്ങളെയും കഥകളായി അവതരിപ്പിച്ച് വായനക്കാരുടെ പ്രിയങ്കരനായ അദ്ദേഹം കഥ പറഞ്ഞും വിസ്മയം സൃഷ്ടിച്ചു. സഞ്ചാരസാഹിത്യം പിന്നിലേക്ക്  മാറുകയല്ലെന്ന് ഡാല്‍റിംപിള്‍ തെളിയിക്കുകയായിരുന്നു.

ഗൂഗിള്‍ ചെയ്ത് ലോകത്തെ അറിയുന്ന നവതലമുറയുടെ കാലത്തും സഞ്ചാരസാഹിത്യത്തിന് പ്രസക്തി കുറഞ്ഞിട്ടില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. യാത്രകളിലൂടെ ആര്‍ജിക്കുന്ന അനുഭവങ്ങളോട് കിടപിടിക്കുന്നതാവില്ല മറ്റ് ഏതു  തരത്തിലൂടെ നേടുന്ന സ്ഥലപരിചയവുമെന്നും അദ്ദേഹം പറഞ്ഞു.  ഹൈമവതഭൂവില്‍ എന്ന പുസ്തകത്തിലേക്ക് നയിച്ച യാത്രയെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം സദസ്സുമായി പങ്കുവച്ചു.

ചരിത്രാന്വേഷണത്തോടുള്ള താല്പര്യം തന്നെ സഞ്ചാരപ്രിയനാക്കിയ കഥയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്ക് പറയാനുണ്ടായിരുന്നത്. യാത്രകളിലൂടെ പകര്‍ന്നുകിട്ടുന്ന അറിവുകളുടെ വെളിച്ചം ജീവിതവിജയത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നും അദ്ദേഹം അനുഭവങ്ങളിലൂടെ പറഞ്ഞു. ലോകത്തെത്തന്നെ മാറ്റിമറിച്ച വിപ്ലവങ്ങള്‍ക്കോ ദുരന്തങ്ങള്‍ക്കോ സാക്ഷ്യം വഹിച്ച സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാവുന്ന അനുഭവങ്ങള്‍ എത്രത്തോളം  നിര്‍വ്വചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു.