പൊന്നുചാലിച്ച് നാവിൽ തൊടുമ്പോൾ തുടങ്ങുന്നു മലയാളിക്ക് മഞ്ഞലോഹവുമായുള്ള ബന്ധം. സ്വർണത്തിന്റെ രാഷ്ട്രീയവും കനകക്കുന്നിലെ അക്ഷരോത്സവത്തിൽ ചർച്ചയായി. ‘സ്വർണം, സൗന്ദര്യം, സമൂഹം - മലയാളിയുടെ സാമൂഹികസങ്കല്പങ്ങളെ നിർണയിക്കുന്ന മഞ്ഞലോഹത്തിന്റെ സാധ്യതകൾ’ എന്നതായിരുന്നു വിഷയം.

നിരൂപകയും സാമൂഹിക വിമർശകയും മലയാളിയുടെ വേഷപരിണാമങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ലേഖനങ്ങൾ എഴുതിയിട്ടുമുള്ള ഡോ.ജി. ഉഷാകുമാരി, സാമൂഹിക പ്രവർത്തകയായ ഡോ. എ.കെ. ജയശ്രീ എന്നിവർ നിരീക്ഷണങ്ങൾ പങ്കുവച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ മോഡറേറ്ററായി.സ്വർണത്തിന്റെ പേരിൽ വിവാഹമോചനങ്ങൾ നടക്കുന്ന നാടാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.

സ്വർണത്തോടൊപ്പം സാമൂഹികമൂല്യങ്ങൾ കെട്ടിവെച്ച് കച്ചവടം നടത്തുകയാണെന്ന് ജയശ്രീ പറഞ്ഞു. ആഢ്യത്വത്തിന്റെ ചിഹ്നമായി സ്വർണത്തെ മാറ്റിയെടുക്കുകയാണുണ്ടായത്. ആഭരണങ്ങൾ അണിയാത്ത സ്ത്രീയുടെ സ്വത്വത്തെപ്പോലും സമൂഹം സംശയത്തോടെ നോക്കുന്നുവെന്ന് അനുഭവങ്ങളെ മുൻനിർത്തി ജയശ്രീ സാക്ഷ്യപ്പെടുത്തുന്നു. സ്വർണവുമായി കൂട്ടിക്കെട്ടിയിരിക്കുന്ന സാംസ്‌കാരിക ബോധത്തിൽ മലയാളി കുടുങ്ങിക്കിടക്കുകയാണ്.

സ്വർണത്തിന്റെ സ്ത്രീവിരുദ്ധമായ ചിത്രീകരണങ്ങളെക്കുറിച്ചാണ് ഉഷാകുമാരി സംസാരിച്ചത്. സ്വർണമെന്നാൽ സ്ത്രീയുടെ ഭ്രമത്തിന്റെ പ്രതീകമായി പുരുഷ മേധാവിത്വ സമൂഹം നിശ്ചയിച്ചുവച്ചിരിക്കുന്നു. സ്വർണം സമം സ്ത്രീയെന്നാണ് വയ്പ്. സ്ത്രീ സ്വർണമണിയുന്നത് ആണിനെ ഭ്രമിപ്പിക്കാനാണെന്നുപോലും ആരോപിച്ചവരുണ്ട്. എന്നാൽ പണ്ടുകാലം മുതലെ പുരുഷന്മാർ ആഭരണപ്രിയരായിരുന്നുവെന്ന് അക്കാലത്തെ ലേഖനങ്ങളും കഥകളും സാക്ഷ്യപ്പെടുത്തുന്നതായി ഉഷാകുമാരി പറയുന്നു.