ഇന്ത്യൻ ഭക്ഷണം ലോകമൊന്നാകെ ഏറ്റെടുക്കുന്ന നാളെയാണ് തന്റെ സ്വപ്നമെന്നു വ്യവസായസംരംഭകയും ടാബ്ലെസ് ഫുഡ് കമ്പനി സി.ഇ.ഒ.യുമായ ഷഫീനായൂസഫലി. ‘അന്താരാഷ്ട്ര അടുക്കളകളിലേക്ക് ഇന്ത്യൻ ഭക്ഷണത്തിന്റെ കടന്നുകയറ്റം’ എന്ന വിഷയത്തിൽ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

സാമ്രാജ്യത്വ ശക്തികളുടെ കടന്നുവരവോടെ അവരുടെ ഭക്ഷണശീലങ്ങളെയും സ്വീകരിച്ചവരാണ് നമ്മൾ. അങ്ങനെ ഇവിടേയ്ക്കെത്തിയ സൂപ്പും ന്യൂഡിൽസും കോൺഫ്ളേക്സും നമുക്കു പ്രിയപ്പെട്ടതുമായി. പക്ഷേ, നമ്മുടെ ഭക്ഷണം വിദേശീയർക്ക് അതേ രീതിയിൽ അംഗീകരിക്കാൻ കഴിയുന്നില്ല. കേരളവും ഇന്ത്യയുമൊക്കെ കാണാൻ വിദേശികൾ എത്തുമ്പോൾ പലപ്പോഴും നമ്മുടെ ഭക്ഷണം അവർക്ക് സ്വീകാര്യമാവുന്നില്ല. രുചികളിലെ വൈരുധ്യമാവാം കാരണം. വിദേശങ്ങളിലും കൂടുതൽ സ്വീകാര്യത ഉണ്ടാക്കാൻ അവിടങ്ങളിൽ നമ്മുടെ ഭക്ഷണസാധനങ്ങൾ കൂടുതലായി പ്രചരിപ്പിക്കുകയാണ് ഒരു പരിഹാരം- ഷഫീന പറഞ്ഞു.

എന്നാൽ, താൻ സംഘടിപ്പിക്കാറുള്ള ഭക്ഷ്യമേളകളിൽ പങ്കെടുക്കുന്ന വിദേശികളൊക്കെ ഇവിടത്തെ ആഹാരം ആസ്വദിച്ചു കഴിക്കുന്നതായാണ് കണ്ടിട്ടുള്ളതെന്നും അവരേതെങ്കിലും തരത്തിലുള്ള അനിഷ്ടം പ്രകടിപ്പിക്കാറില്ലെന്നും ചർച്ചയിൽ പങ്കെടുത്ത ആബിദാറഷീദ് പറഞ്ഞു.
അനിൽ ധർക്കർ, ശശി ജേക്കബ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.