മലയാള സിനിമ നിർണായകമായ മാറ്റത്തിന്റെ ഘട്ടത്തിലാണ്. അതിന്റെ എല്ലാ പ്രതിഫലനങ്ങളും ചലച്ചിത്ര സംഗീത ശാഖയിലും പ്രകടമാകുന്നു. പാട്ടെഴുത്ത് മാറുന്നു, പാട്ട് മാറുന്നു. ചലച്ചിത്രഗാനങ്ങളുടെ ഋതുഭേദങ്ങളെക്കുറിച്ച് പാലസ് ഹാളിൽ നടന്ന ചർച്ചയിൽ രണ്ടു തലമുറകളുടെ പ്രതിനിധികളാണ് സംവദിച്ചത്-കവിയും ഗാനരചയിതാവുമായ കെ.ജയകുമാറും സംഗീത സംവിധായകൻ ബിജിബാലും. രവി മേനോനായിരുന്നു മോഡറേറ്റർ. പുതുതലമുറയുടെ പാട്ടുകളെ ആകാംക്ഷയോടെയാണ് നോക്കുന്നതെന്ന ആമുഖത്തോടെയാണ് രവിമേനോൻ തുടങ്ങിയത്. സെൻസേഷനുവേണ്ടിയാണ് ഇന്ന് പാട്ടുകൾ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജീവനില്ലാതെ പാട്ടുകൾ
മലയാള സിനിമാഗാനങ്ങളുടെ ഋതുഭേദത്തിൽ തൃപ്തനല്ല ജയകുമാർ. സാങ്കേതികതയുടെ അതിപ്രസരത്തിൽ പാട്ടുകൾക്ക് ജീവനില്ലാതാകുന്നു. ശബ്ദകോലാഹലങ്ങളല്ല, പാടാൻ മറ്റ് ഗാനശാഖകൾ അവകാശപ്പെടാനില്ലാത്ത മലയാളിയുടെ പുതുതലമുറയ്ക്ക് നല്ല പാട്ടുകളാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഗീതം പഠിക്കാത്ത തലമുറ
സിനിമ ആവശ്യപ്പെടുന്നതെന്താണോ അതായിരിക്കണം സിനിമാഗാനമെന്ന അഭിപ്രായവും ബിജിബാൽ പങ്കുവച്ചു. ഭാഷാപരമായി മൗലികമായ മാറ്റങ്ങളാണ് ഗാനങ്ങൾക്ക് ഉണ്ടാകുന്നത്. സാധാരണക്കാരന്റെ ഭാഷയിൽ, പച്ചമലയാളത്തിൽ പാട്ടുകൾ എഴുതിയാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന ഒരു വിഭാഗം ഇപ്പോൾ ഉണ്ട്. പാട്ടുകളോട് അടങ്ങാത്ത അഭിനിവേശം ഉണ്ടെങ്കിലും സംഗീതം പഠിക്കാൻ തയ്യാറാകാത്തതാണ് പുതിയ തലമുറയുടെ പോരായ്മയെന്ന് ബിജിബാൽ പറഞ്ഞു.