തിരുവനന്തപുരം: ചൈനയെയും കൊറിയയെയും പ്രശംസിക്കുന്ന സി.പി.എം. നേതാക്കൾ രോഗമുണ്ടായാൽ ചികിത്സയ്ക്ക് അമേരിക്കയിലേക്കേ പോകൂ എന്ന് നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു. ചൈനയിലും കൊറിയയിലും ഡ്യൂപ്ലിക്കേറ്റേയുള്ളൂ എന്നറിയാവുന്നതിനാലാണിതെന്ന് അദ്ദേഹം പരിഹസിച്ചു. മാതൃഭൂമി അക്ഷരോത്സവത്തിന്റെഭാഗമായി മലയാളിയുടെ സുവിശേഷം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്കുവേണ്ടത് ശാസ്ത്രബോധം
സാഹിത്യകാരന്മാരെ ആവശ്യമില്ലെന്നു കരുതുന്ന ആളാണ് ഞാൻ. ഇത്രയുംകാലത്തെ സാഹിത്യംകൊണ്ട് മലയാളി പിന്നോട്ടാണ് പോയത്. ശാസ്ത്രബോധമാണ് നമുക്കുവേണ്ടത്. പരസ്പരം പുറം ചൊറിഞ്ഞ് നഖങ്ങളില്ലാതാവുകയും അംഗത്വം സംഘടിപ്പിക്കാനായി അക്കാദമികളിലേക്കു നടന്നുനടന്ന് കാലുകൾ തേഞ്ഞുപോകുകയും അവാർഡുകൾ വാങ്ങി വാങ്ങി നട്ടെല്ല് വളഞ്ഞുപോകുകയും ചെയ്തവരാണ് ഇവിടത്തെ സാഹിത്യകാരന്മാർ. ജാതിയെയും മതത്തെയും മറികടന്ന ഒരു മാധവിക്കുട്ടി മാത്രമേയുള്ളൂ, അവാർഡുകൾ വേണ്ടെന്നുപറഞ്ഞ ഒരു ബാലചന്ദ്രൻ ചുള്ളിക്കാടേയുള്ളൂ. എം.പി.നാരായണപിള്ളയുണ്ടായിരുന്നു. അദ്ദേഹം മരിച്ചുപോയി. എല്ലാത്തിനെയും പേടിയാണ് മലയാളിക്ക് - രാഷ്ടീയത്തെ, മാധ്യമപ്രവർത്തനത്തെ, പോലീസിനെ ഒക്കെ. മനസ്സുകൊണ്ട് മലയാളി ഇടുങ്ങിപ്പോയിരിക്കുന്നു.
ഇടതും വലതും ബി.ജെ.പി.യുമല്ലാത്ത ഒരു തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടാകുമ്പോഴേ മാറ്റം വരൂ. കൊള്ളാവുന്ന കുട്ടികൾ രാഷ്ടീയത്തിൽ വരാതിരിക്കാനാണ് ചില പത്രങ്ങൾ രാഷ്ട്രീയം കൊള്ളില്ലെന്ന് പ്രചരിപ്പിക്കുന്നത്.
സാമൂഹികമാധ്യമങ്ങളാണ് ഇന്നത്തെ ജനാധിപത്യ ഇടം. ആ സ്വാതന്ത്ര്യം വേറെവിടെയും കിട്ടില്ല. വി.കെ.എന്നിനെ തോൽപ്പിക്കുന്ന നിരീക്ഷകരാണ് അവിടെയുള്ളത്. ട്രോളന്മാരാണ് ഇന്നത്തെ സഞ്ജയന്മാർ. രാഷ്ടീയക്കാർക്കും സിനിമക്കാർക്കുമൊക്കെ ഏറ്റവും പേടി അവരെയാണ്. നവമാധ്യമത്തിൽ ഇടപെടുന്ന പുതുതലമുറയിലാണ് പ്രതീക്ഷ. പ്രതിഷേധങ്ങളും സമരങ്ങളും നടത്താൻ എന്തിനാണ് ജാഥയും മുദ്രാവാക്യവും? എന്തിന് വെടികൊണ്ടു മരിക്കണം? വെടിവെപ്പുണ്ടായാൽ ആദ്യം ഓടുക നേതാക്കളാണെന്ന് വീഡിയോയിൽ നാമെല്ലാം കണ്ടതാണ്. ഇതൊന്നുമില്ലാതെ സാമൂഹികമാധ്യമങ്ങിലൂടെ മാറ്റങ്ങൾ കൊണ്ടുവരാം. ആരെ തിരഞ്ഞെടുക്കണമെന്ന് നവമാധ്യമങ്ങളിലൂടെ ചെറുപ്പക്കാർ തീരുമാനിക്കുന്ന കാലം പത്തു വർഷത്തിനകം വരും. -ജോയ് മാത്യു പറഞ്ഞു.
ഫെസ്റ്റിവൽ ഹാളിൽ നടന്ന സംവാദത്തിൽ ശ്രീകാന്ത് കോട്ടക്കൽ മോഡറേറ്ററായിരുന്നു.
ഞാൻ ‘ഫെമിനിച്ചി’കൾക്ക് ഒപ്പം
കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊള്ളാനാവാത്തവരാണ്, അഭിപ്രായം പറയുന്ന പെൺകുട്ടികളെ അവരുടെ വേഷത്തിന്റെ പേരിൽ ഫെമിനിച്ചികൾ എന്നുവിളിച്ച് അധിക്ഷേപിക്കുന്നത്. സ്വന്തം ഭാര്യയെ വീട്ടിലിട്ടുപൂട്ടി മറ്റവന്റെ ഭാര്യയെ തുറിച്ചുനോക്കുന്ന അളിഞ്ഞ ബോധമുള്ള മലയാളികളാണ് അവർ. ഈ പെൺകുട്ടികൾ മലയാളത്തിലേക്ക് പുതിയൊരു മാറ്റം കൊണ്ടുവരികയാണ്. അവർ ഫെമിനിച്ചികളാണെങ്കിൽ ആ ഫെമിനിച്ചികൾക്കൊപ്പമാണ് ഞാൻ.
-ജോയ് മാത്യു (മലയാളിയുടെ സുവിശേഷം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്)