കൊല്ലുന്ന അഹന്തയുടെ ഇക്കാലത്ത് കാർട്ടൂണിസ്റ്റുകൾ എന്തുചെയ്യണം? കീഴടങ്ങാതെ പോരാടുകതന്നെ വേണം. വിമതരും പ്രതിപക്ഷമായും തുടരുകതന്നെ വേണം. മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഈ വിഷയം ചർച്ചചെയ്തപ്പോൾ പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ഇ.പി.ഉണ്ണിയും കേശവും ടി.കെ.സുജിത്തും ബോണി തോമസും കാർട്ടൂണിന്റെ ഭാവിയെപ്പറ്റി പങ്കുവെച്ചത് ഈ പ്രത്യാശയാണ്.  

വികേന്ദ്രീകൃത അടിയന്തരാവസ്ഥ
ഇത് വികേന്ദ്രീകൃത അടിയന്തരാവസ്ഥയുടെ കാലമാണെന്ന് ഇ.പി.ഉണ്ണി പറഞ്ഞു. അടിയന്തരാവസ്ഥ നമുക്കുചുറ്റിലുമുണ്ട്. ഇത് അനുഭവിപ്പിക്കാൻ പ്രധാനമന്ത്രിതന്നെ വേണമെന്നില്ല, മുഖ്യമന്ത്രിമാരും ജില്ലാകളക്ടർമാരും വരെ കാർട്ടൂണിസ്റ്റുകളെ ജയിലിലേക്കു അയയ്ക്കുന്ന കാലമാണ്. തമിഴ്‌നാട്ടിൽ ബാല എന്ന കാർട്ടൂണിസ്റ്റിനെ തടങ്കലിലിട്ട അനുഭവം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

 പക്ഷേ, ഏകാധിപത്യത്തിന്റെയും അഹന്തയുടെയും കാലം കൂടുതൽ മാരകമായ കാർട്ടൂണുകൾക്ക് വഴിയൊരുക്കും. അമേരിക്കയിലെയും യൂറോപ്പിലെയും സമകാലിക കാർട്ടൂണുകളിലെ മാറ്റം നൽകുന്ന പാഠമിതാണെന്ന്  ഇ.പി.ഉണ്ണി പറഞ്ഞു. കടുത്ത പ്രഹരശേഷിയുള്ള കാർട്ടൂണുകളാണ് ട്രംപിന്റെ കാലത്ത് അമേരിക്കയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിൽ കാർട്ടൂണിസ്റ്റുകൾ പുതിയ ശൈലികൾക്കുതന്നെ രൂപംനൽകിയിരിക്കുന്നു. കടുംവർണങ്ങളിൽ ഫോട്ടോസമാനമായ അൾട്രാ റിയലിസ്റ്റ് ചിത്രീകരണം അവർ പരീക്ഷിക്കുന്നു. ഭാവിയിൽ ഇത്തരം മാരക കാർട്ടൂണുകൾ ഇന്ത്യയിലും വരും.  പക്ഷേ, പത്രങ്ങൾ ഭരണകൂടങ്ങൾക്ക് കീഴടങ്ങിയാൽ കാർട്ടൂണുകൾ സാമൂഹിക മാധ്യമങ്ങളിലേക്ക് പോകും. ഇനി യഥാർഥ ഫാസിസം വന്നാലോ, കാർട്ടൂൺ തന്നെ ഉണ്ടാകില്ല-ഉണ്ണി പറഞ്ഞു.

കാർട്ടൂണിസ്റ്റ് എന്നുമൊരു വിമതൻ
ഇക്കാലത്ത് കാർട്ടൂണിസ്റ്റുകൾ, കീഴടങ്ങണോ അതോ തിരിച്ചടിക്കണോ എന്നതാണ് പ്രധാന ചോദ്യമെന്ന് കേശവ് പറഞ്ഞു. കാർട്ടൂണിസ്റ്റ് എന്നുമൊരു വിമതനാണ്.  അഹന്തയെ കൊല്ലുകയാണ് അവരുടെ ജോലി-കേശവ് ഓർമിപ്പിച്ചു.
കാർട്ടൂണിസ്റ്റിന്റെ സ്ഥാനം എപ്പോഴും പ്രതിപക്ഷത്തായിരിക്കണം- ടി.കെ.സുജിത് പറഞ്ഞു.


ബോണി ​Returns
പത്തുവർഷം മുൻപ്‌ കാർട്ടൂൺവര നിർത്തിയ ബോണി തോമസ് ചർച്ചയ്ക്കിടെ തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചു- ‘ അന്ന് ഞാൻ കാർട്ടൂൺവര നിർത്തിയത് വ്യക്തിപരമായ കാരണങ്ങളാലായിരുന്നെങ്കിൽ ഇന്ന് തിരിച്ചുവരുന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്’ -ബോണി തോമസ് പറഞ്ഞു.