രാണ് പറഞ്ഞത് ആരും ഒന്നും വായിക്കുന്നില്ല എന്ന്? ആരാണ് പറഞ്ഞത് പുതുതലമുറയ്ക്ക് വാട്‌സാപ്പിലും സെൽഫിയിലും മാത്രമാണ് താത്‌പര്യം എന്ന്‌? ശശി തരൂർ ‘എന്തുകൊണ്ട് ഞാൻ ഒരു ഹിന്ദുവായി’ എന്ന കാര്യത്തെക്കുറിച്ച് മിഹിർബോസുമായി സംസാരിക്കുന്നത് കേൾക്കാനും ‘ഓൺ ഹിസ്റ്ററി, ഹിന്ദുവിസം ആന്റ് നാഷണൽ ഐഡന്റിറ്റി’ എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിക്കുന്നത് കേൾക്കാനും  അക്ഷരോത്സവത്തിന്റെ ഹാളുകൾ നിറഞ്ഞു കവിഞ്ഞപ്പോൾ അതിൽ വലിയൊരു ഭാഗവും പുതുതലമുറയായിരുന്നു.

എല്ലാ വേദികളിലും അവരെത്തി; അവർക്കൊപ്പം പല പ്രായത്തിൽ പല രുചികളുള്ള സാഹിത്യപ്രേമികളും ചിന്താശീലരും. പറയുന്ന വാക്കുകൾ കേൾക്കാനും അതിനോട് പ്രതികരിക്കാനും എഴുതുന്ന വാക്കുകൾ വായിക്കാനും ചിന്തിക്കാനും മലയാളി ഇപ്പോഴും മുന്നിൽത്തന്നെയുണ്ട് എന്ന കാര്യത്തിന് അക്ഷരോത്സവത്തിന്റെ രണ്ടാംദിനം സാക്ഷ്യമായി.

മനുഷ്യന്റേയും മലയാളിയുടേയും ജീവനത്തിന്റേയും അതിജീവനത്തിന്റേയും സമസ്തതലങ്ങളേയും സ്പർശിക്കുന്ന വിഷയങ്ങൾ അക്ഷരോത്സവം രണ്ടാംദിനം ചർച്ച ചെയ്തു.    വായിച്ചുമാത്രമറിഞ്ഞ  എഴുത്തുകാരെയും ചിന്തകരേയും ഏറ്റവും അടുത്തുകാണാനും അവരുമായി സംവദിക്കാനും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള അക്ഷരസ്‌നേഹികൾ രണ്ടാം ദിനവും കനകക്കുന്നിലെ മാതൃഭൂമി അക്ഷരോത്സവനഗരിയിലെത്തി.

ആഘോഷം ഇന്നുകൂടി
അക്ഷരോത്സവത്തിന്റെ മൂന്നാം ദിവസത്തെ കാത്തിരിക്കുന്നതും അത്രമേൽ വ്യത്യസ്തമായ വിഷയങ്ങളാണ്.

സച്ചിദാനന്ദനും പ്രഭാവർമ്മയും പങ്കെടുക്കുന്ന രാഷ്ട്രീയകവിയുടെ കേരള ജീവിതം മുതൽ സ്വർണം എന്ന മഞ്ഞലോഹം മലയാളിയുടെ സാമൂഹിക സങ്കൽപ്പങ്ങളെ നിർണയിക്കുന്നത് വരെ; മലയാളിക്ക്‌ ഒരു ഷെർലക് ഹോംസ് ഉണ്ടാവാതെ പോവുന്നതിന്റെ കാരണങ്ങൾ മുതൽ നടൻ ജോയ് മാത്യു അവതരിപ്പിക്കുന്ന ‘മലയാളിയുടെ സുവിശേഷം’ എന്ന ഏകാംഗാവിഷ്‌കാരം വരെ; പ്രവാസിയുടെ സർഗ്ഗാത്മക ജീവിതം മുതൽ തെറിയുടെ രാഷ്ട്രീയം വരെ; ആഫ്രിക്കയുടെ പുതിയ സ്ത്രീയെക്കുറിച്ചുമുതൽ ഒറിയ സാഹിത്യം വരെ; ഡോ.അംബരീഷ് സാത്വിക്കിന്റെ 'ദ മെഡിക്കൽ ന്യൂഡ്' എന്ന വൈദ്യശാസ്ത്ര പ്രഭാഷണം മുതൽ മഹാഭാരതം മുതൽ സിനിമാ പോസ്റ്ററുകളുടെ രാഷ്ട്രീയം വരെ.....കനകക്കുന്നിൽ അക്ഷരങ്ങളുടെ ആഘോഷം ഞായറാഴ്ച കൂടി.