തിരുവനന്തപുരം: ഹിന്ദുത്വവാദത്തിന്റെ വിപത്കാലത്ത് ആരാണ് യഥാർഥ ഹിന്ദുവെന്ന ചോദ്യമുയർത്തി ശശി തരൂർ നിറഞ്ഞുനിന്നപ്പോൾ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രണ്ടാംദിനം സമകാലിക രാഷ്ട്രീയത്തെപ്പറ്റിയുള്ള തീവ്രസംവാദത്തിന്റെ വേദിയായി.

 രാവിലെ ‘വൈ അയാം എ ഹിന്ദു’ (എന്തുകൊണ്ട് ഞാനൊരു ഹിന്ദു) എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തെപ്പറ്റി അദ്ദേഹം എഴുത്തുകാരനും ജേണലിസ്റ്റുമായ മിഹിർ ബോസുമായി സംവദിച്ചു. വൈകുന്നേരം നിശാഗന്ധിയിൽ ‘നമ്മുടെ ചരിത്രം, ഹിന്ദുയിസം, ദേശീയസ്വത്വം’  എന്ന വിഷയത്തെപ്പറ്റിയും.

 ‘‘ഹിന്ദുവെന്നതിൽ ഞാൻ അഭിമാനിക്കുന്നു. പക്ഷേ, അവർ പറയുന്ന ഹിന്ദുവല്ല ഞാൻ. സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ സഹിഷ്ണുതയിലും മറ്റുള്ളവയെ സ്വീകരിക്കുന്നതിലും അധിഷ്ഠിതമായ ഹിന്ദുയിസത്തിൽ വിശ്വസിക്കുന്ന, ബഹുസ്വരതയുടെ ഇന്ത്യയെക്കുറിച്ച് അഭിമാനംകൊള്ളുന്ന ഹിന്ദുവാണ് ഞാൻ’’ - ശശി തരൂർ പറഞ്ഞു.

  ഇന്ത്യയിൽ എക്കാലത്തും മതം ദേശീയസ്വത്വത്തിൽനിന്നു വേറിട്ടതായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയെ വിഭജിച്ചുഭരിക്കാനാണ്, ഹിന്ദുവെന്നും മുസ്‌ലിംമെന്നുമുള്ള വിഘടനം സൃഷ്ടിച്ചതും ജാതി വ്യവസ്ഥ കെട്ടിപ്പടുത്തതും. ബി.ജെ.പി. ഭരണത്തിൽ ദേശീയസ്വത്വമെന്ന ആശയം നിരന്തരം വെല്ലുവിളിക്കപ്പെടുന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. ഏത് ഇന്ത്യയാണ് നിങ്ങൾക്കുവേണ്ടതെന്ന ആത്യന്തികമായ തിരഞ്ഞെടുപ്പിനു സമയമായെന്നും അദ്ദേഹം പറഞ്ഞു.

 ഇപ്പോൾ രണ്ട് ഇന്ത്യകൾ നമ്മുടെ മുന്നിലുണ്ട്. ജാതിയും വംശവും വർണവും സംസ്കാരവും ഭക്ഷണവും ബോധ്യങ്ങളും ആചാരങ്ങളും വ്യത്യസ്തമായിരുന്നിട്ടും ജനാധിപത്യമൂല്യങ്ങളുടെ അനുരഞ്ജനത്തിൽ മുന്നോട്ടുപോകുന്ന ഇന്ത്യയും ഹിന്ദുരാഷ്ട്രമെന്നു പറയപ്പെടുന്ന  ഇന്ത്യയും. ഹിന്ദിയും ഹിന്ദുവും ഹിന്ദുത്വവും അല്ലാത്ത ഒന്നിനെയും രണ്ടാമത്തെ ഇന്ത്യ അംഗീകരിക്കുന്നില്ല. ഇതിലേതു വേണമെന്നു നമ്മൾ തീരുമാനിക്കണം.

 ‘‘ഭാരത് മാതാ കീ ജയ് വിളിക്കാൻ എനിക്ക് വിഷമമില്ല. എന്നാൽ, എന്റെ ഒരു മുസ്‌ലിം സുഹൃത്തിന് അദ്ദേഹത്തിന്റെ മതമോ മതത്തെസംബന്ധിച്ച വ്യാഖ്യാനമോ രാഷ്ട്രത്തെ ദേവിയായിക്കാണാൻ അനുവദിക്കുന്നില്ലെങ്കിൽ, ഇങ്ങനെ വിളിക്കാതിരിക്കാൻ അവകാശമുണ്ട്. മൗനം പാലിക്കാനുള്ള അവകാശം. ഇന്ത്യാക്കാരനെന്നു തെളിയിക്കാൻ മറ്റുള്ളവരുടെ പരീക്ഷണങ്ങൾക്കു വിധേയനാകാതിരിക്കാനുള്ള അവകാശവുമുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള എന്റെ ബോധ്യവും എന്റെ ഭരണഘടനയും ഈ അവകാശങ്ങളെ അംഗീകരിക്കുന്നു. ഈ അവകാശങ്ങളാണ് യഥാർഥ ഇന്ത്യയെ സൃഷ്ടിക്കുന്നത്’’ - അദ്ദേഹം പറഞ്ഞു.

 ഭരണകക്ഷിയാണ് ഇന്ത്യൻ സർക്കാരെന്നും ആ സർക്കാരാണ് ഇന്ത്യയെന്നും  വരുത്തിത്തീർക്കുന്നു. പെട്ടെന്നു പോകുമെങ്കിലും ഈ സർക്കാർ ദീർഘകാലം നിലനിൽക്കുമെന്നും അവർ വ്യാമോഹിക്കുന്നു. ഇതിനെ അംഗീകരിക്കാനാവില്ല.  അടിസ്ഥാനപരമായ ഒരു വൈരുധ്യമുണ്ട്. ഒരുവശത്ത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പ്രധാനമന്ത്രി, മറുവശത്ത് ഈ ഭരണഘടനയെ തള്ളിപ്പറഞ്ഞ് ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിച്ച ദീൻദയാൽ ഉപാധ്യായയെ പുകഴ്ത്തുന്നു. ഭരണഘടനയോട് ആത്മാർഥതയുണ്ടെങ്കിൽ, അതാണ് വിശുദ്ധ പുസ്തകമെന്നു കരുതുന്നെങ്കിൽ ദീൻദയാലിന്റെ ആശയങ്ങൾ തള്ളിക്കളയണം. അല്ല, ദീൻദയാലിന്റെ ആശയങ്ങളോടാണ് ആത്മാർഥതയെങ്കിൽ ഭരണഘടനയെ തള്ളിക്കളയണം. അതല്ലാതെ ഈ വൈരുധ്യങ്ങളെ ഒരുമിച്ചുപുൽകാൻ അസാമാന്യ വൈദഗ്ധ്യം തന്നേവേണം - അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വാഖ്യാനം ചരിത്രത്തെപ്പറ്റിയുള്ള അപകർഷബോധത്തിന്റെ ആഖ്യാനമാണ്.  ഇന്ത്യയുടെ ചരിത്രം അപമാനത്തിന്റെയും പരാജയത്തിന്റെയും കീഴടക്കലിന്റെയും നീണ്ട ചരിത്രമായാണ് അവർ കരുതുന്നത്. 1200 വർഷത്തെ വൈദേശികാധിപത്യം ഇന്ത്യയിലുണ്ടായെന്നാണ് മോദി പറയുന്നത്. മുസ്‌ലിം ഭരണാധികാരികളെയെല്ലാം വൈദേശികരായാണ് ഇവർ കരുതുന്നത്. ഇന്ത്യയിലെ സമ്പത്തെല്ലാം കടത്തിക്കൊണ്ടുപോകുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. മുസ്‌ലിം രാജാക്കൻമാരാകട്ടെ, നേടിയ സമ്പത്തെല്ലാം ഇവിടത്തന്നെ ചെലവിട്ടു. ഇവിടെനിന്നു വിവാഹംകഴിച്ചു. ഇവിെടത്തന്നെ സന്തതി പരമ്പരകളെ സൃഷ്ടിച്ചു. സംസ്കാരത്തെ സമ്പുഷ്ടമാക്കി. ഇവരെങ്ങനെ വൈദേശികരാവും?

 ബി.ജെ.പി. സർക്കാരുകൾ ചരിത്രപുസ്തകങ്ങളെല്ലാം തിരുത്തിക്കൊണ്ടിരിക്കുന്നു. അക്ബർ മേവാറിലെ മഹാറാണ പ്രതാപിനെ തോൽപ്പിച്ച ഹാൽദിഗാട്ടിയിലെ യുദ്ധത്തിൽ അക്ബർ തോറ്റതായി ഹിന്ദുത്വ ചരിത്രകാരൻമാർ എഴുതിവയ്ക്കുന്നു. കാരണം അക്ബർ മുസ്‌ലിമാണ്, റാണാപ്രതാപ് ഹിന്ദുവും. ഹിന്ദു മുസ്‌ലിമിനുമേൽ അഭിമാനകരമായ വിജയം നേടിയെന്നു വരുത്താനാണ് ശ്രമം. യഥാർഥത്തിൽ അക്ബർ അദ്ദേഹത്തിന്റെ ഹിന്ദുവായ സേനാനായകൻ രാജാ മാൻസിങ്ങിനെയാണ് യുദ്ധത്തിന് അയച്ചത്. റാണാപ്രതാപിന്റെ സൈന്യത്തിലെ മുഖ്യൻ മുസ്‌ലിമായ ഹക്കിം ഖാൻ ആയിരുന്നു. ചരിത്രത്തിൽ ലളിതമായ രണ്ടുപക്ഷങ്ങളില്ല.  

 നമുക്ക് ഉൾക്കൊള്ളാനാകാത്തവിധം വിപുലമായ ചരിത്രമുണ്ട്. ഓരോരുത്തരും അവർക്ക് വേണ്ടത് കുഴിച്ചെടുത്ത് ആയുധമായി ഉപയോഗിക്കുന്നു. ഭൂതകാലത്തെ ഭൂതകാലമായി തുടരാൻ അനുവദിക്കുകയാണ് വിവേകമുള്ള സംസ്‌കൃതികളെല്ലാം ചെയ്തിട്ടുള്ളത്. മുൻപെങ്ങോ നടന്ന സംഭവങ്ങൾക്ക് ഇപ്പോൾ പകവീട്ടാനിറങ്ങുന്നത് മതപരമല്ല, അതൊരു രാഷ്ട്രീയ പദ്ധതിയാണ്. ഇത് എതിർക്കപ്പെടുകതന്നെ വേണം .

നൂറ്റാണ്ടുകളായി ഇന്ത്യാക്കാർ വിശ്വസിച്ചുവരുന്നത് ഹിന്ദുയിസത്തിലാണ്. എന്നാൽ, ഇതിനെ അട്ടിമറിച്ച് പെട്ടെന്ന് മൗലികവാദം കടന്നുവന്നിരിക്കുന്നു. ഭ്രാമാത്മകമായ കണ്ടുപടിത്തങ്ങളുടെ കഥകൾ പ്രചരിപ്പിക്കുന്നു. മുസ്‌ലിംവിദ്വേഷം പടർത്തുന്നു. മനുഷ്യൻ ജനിച്ചത് പശുക്കളെ സംരക്ഷിക്കാനാണെന്നു വാദിക്കുന്നു. അമ്പലത്തെ വീണ്ടെടുക്കാൻ കോൺഗ്രസ് നടത്തുന്നശ്രമം മൃദു ഹിന്ദുത്വമല്ലേയെന്നു സംവാദത്തിൽ  മിഹിർ ബോസ് ചോദിച്ചു. ഹിന്ദുത്വവാദത്തെ  നിർവീര്യമാക്കാനാണ് ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്ത് രാഹുൽ ഗാന്ധി അമ്പലങ്ങൾ സന്ദർശിച്ചതെന്ന് ശശിതരൂർ പറഞ്ഞു.

 മാതൃഭൂമി ജോയ്‌ന്റ് മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ ശശിതരൂരിന് ഉപഹാരം നൽകി.


തരൂരിന്റെ ദിനം
തന്റെ വാക്കുകളും അക്ഷരങ്ങളുംകൊണ്ട് അനുവാചകരെ ആകർഷിച്ച ശശിതരൂരിന്റെ ദിവസമായിരുന്നു അക്ഷരോത്സവത്തിന്റെ രണ്ടാംദിവസം. പുസ്തകത്തിൽ കൈയൊപ്പ് ചാർത്തിക്കാനും സെൽഫിയെടുക്കാനും ഓട്ടോഗ്രാഫിനുമായി അനുവാചകരുടെ തിരക്കായിരുന്നു ശശിതരൂരിനു മുന്നിൽ. നീണ്ടകരഘോഷങ്ങളാണ് അദ്ദേഹത്തിന്റെ വാക്കുകളെ വരവേറ്റത്. വൈകുന്നേരം അദ്ദേഹത്തെ കേൾക്കാനെത്തിയ സദസ്സിന്റെ വലുപ്പം കാരണം വേദിതന്നെ മാറ്റേണ്ടിയും വന്നു.