ദക്ഷിണേഷ്യയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സാധാരണ ഗതിയിലാക്കാന്‍ വഴികളില്ലെന്ന് നയതന്ത്രജ്ഞന്‍ ടി.പി. ശ്രീനിവാസന്‍. അത് കൊറിയകള്‍ തമ്മിലുള്ള പ്രശ്‌നത്തെക്കാള്‍ സങ്കീര്‍ണമാണ്. അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'മെന്‍ഡിങ് വാള്‍സ് ഓര്‍ ബ്രേക്കിങ് വാള്‍സ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേഷ്യയില്‍ എല്ലാത്തരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ട്. ആഭ്യന്തര സംഘര്‍ഷങ്ങള്‍, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍, മനുഷ്യക്കടത്ത്, തീവ്രവാദം, ആണവായുദ്ധം എന്നിങ്ങനെ എല്ലാ പ്രശ്‌നങ്ങളും ഇവിടെയുണ്ട്. അയല്‍ രാജ്യങ്ങളെ അവരുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് സഹായിക്കാവുന്നതാണ്. എന്നാല്‍ ഇത് ബൂമുറാങ് പോലെ തിരിച്ചു വരാവുന്നതാണ്. ശ്രീലങ്കയിലെ പ്രശ്‌നങ്ങള്‍ അതിന് മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 

അയല്‍രാജ്യങ്ങല്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ലോകത്ത് പുതുമയുള്ള കാര്യമല്ലെന്ന് ടി.സി.എ രാഘവന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും പാകിസ്താന്റെയും കാര്യം മാത്രമല്ല, കൊറിയകള്‍, ഇസ്രയേലും അയല്‍ രാജ്യങ്ങളും എന്നിങ്ങനെ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സങ്കീര്‍ണമാണ്. ഇന്ത്യയുടെ കാര്യത്തില്‍ വിദേശകാര്യ നയങ്ങളില്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അതീവ താല്പര്യമുണ്ട്. പ്രത്യേകിച്ച് പാക്കിസ്താനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. അദ്ദേഹം കുട്ടിച്ചേര്‍ത്തു. 

ദക്ഷിണേഷ്യയിലെ വലിയ രാജ്യം എന്ന നിലയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് സാധിക്കേണ്ടതാണ്. വലിയ രാജ്യമായ ഇന്ത്യനേഷ്യയെ ഉള്‍ക്കൊള്ളുന്ന ആസിയാന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാര്‍ക്കിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ലെന്ന ചോദ്യം അംഗരാജ്യങ്ങളില്‍ നിന്നും ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉല്ലേഖ് എന്‍.പി. മോഡറ്റേറായിരുന്നു.

Content Highlights: mbifl 2018 TCA Raghavan t p sreenivasan south asian problem is complicated