തിരുവനന്തപുരം: ഇന്റർനെറ്റിലെ അയഥാർത്ഥമായ അലച്ചിലുകളുടെ ഇക്കാലത്ത് യാത്രാ എഴുത്തുകൾ എന്തെങ്കിലും വെല്ലുവിളികൾ നേരിടുന്നുണ്ടോ? യാത്രാവിവരണങ്ങൾകൊണ്ട് നമ്മെ വഴിനടത്തിയ പ്രമുഖർ പറയുന്നു: ഇല്ല, മനുഷ്യജീവിതം അതിന്റെ വ്യത്യസ്തതയിലും വൈചിത്ര്യങ്ങളിലും തുടരുന്ന കാലത്തോളം യാത്രയും യാത്രാ എഴുത്തുകളും തുടരും. 

തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ ആരംഭിച്ച മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ആദ്യ ചർച്ചയാണ് യാത്രാവിവരണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് അനുഭവങ്ങൾകൊണ്ടും ആലോചനകൾകൊണ്ടും അടിവരയിട്ട് പറഞ്ഞത്. ഷെറീൻ ക്വാദരി നയിച്ച ചർച്ചയിൽ യാത്രാവിവരണമേഖലയിലെ പ്രമുഖരായ വില്യം ഡാൾറിംപിൾ, എം.പി.വീരേന്ദ്രകുമാർ, സന്തോഷ് ജോർജ് കുളങ്ങര എന്നിവരാണ് പങ്കെടുത്തത്.

മഹാഭാരതത്തിലും പഴയ നിയമത്തിലും തുടങ്ങിയ യാത്രകൾ

വില്യം ഡാൾറിംപിൾ കാലങ്ങളിലൂടെ മനുഷ്യൻ സഞ്ചരിച്ചുവന്ന വഴികളെ ഓർത്താണ് തന്റെ ആമുഖഭാഷണം നടത്തിയത്. 'ഗിൽഗമേഷിലും മഹാഭാരതത്തിലും പഴയനിയമത്തിലും തുടങ്ങിയ യാത്രകൾ, പിന്നീട് ഹുയാൻസാങ്ങും ഇബൻ ബത്തൂത്തയും മാർക്കോ പോളോയും വന്നു, ശേഷം പികോ അയ്യരും വിക്രം സേത്തും വന്നു. അവരെല്ലാം പല ദേശങ്ങളിലേക്കും യാത്രപോയി. അതിന്റെ മനോഹരങ്ങളായ വിവരണങ്ങൾ എഴുതി. ഇന്ന് ഇന്റർനെറ്റിലെ അയഥാർഥയാത്രയുടെ കാലത്തും യാത്രികർക്ക് പോകാനും എഴുതാനും ഇടങ്ങളുണ്ട്. അവ അടഞ്ഞ ദേശങ്ങളും മനുഷ്യർക്ക് എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലങ്ങളുമാണ്.

അഫ്ഗാനിസ്ഥാനിലെ മലമടക്കുകളും ഇറാനിലേയും സിറിയയിലേയും ആർക്കും കടന്നുചെല്ലാൻ സാധിക്കാത്ത സ്ഥലങ്ങളുമാണ്. അവയെക്കുറിച്ച് എഴുതാൻ യാത്രാവിവരണങ്ങൾ എഴുതുന്നവർക്കേ സാധിക്കൂ. പിന്നെ, അറിയുന്ന ദേശങ്ങളെക്കുറിച്ചുതന്നെ അവയുടെ സൂക്ഷ്മമായ പ്രത്യേകതകൾ നിരീക്ഷിച്ച് എഴുതാം. സൈബർലോകം എത്രയൊക്കെ വികസിച്ചാലും യാത്രികൻ കടന്നുപോകുന്ന ദേശത്തിന്റെ ഗന്ധം ആര് പകർന്നുതരും? ദേശത്തിന്റെ ഗന്ധവും രുചികളും കാറ്റുമില്ലാത്ത എല്ലാ രചനകളും നിർജ്ജീവമായിരിക്കും'- ഡാൾറിംപിൾ പറഞ്ഞു.

മനുഷ്യരുമായുള്ള സംവേദനം യാത്രയുടെ വലിയ ഭാഗം
തന്റെ യാത്രകളിലെ അനുഭവങ്ങൾ പങ്കുവെച്ചാണ് വീരേന്ദ്രകുമാർ സംസാരിച്ചത്.
‘‘വിയന്നയിൽച്ചെന്നപ്പോൾ ഞാൻ ഒരാളോട് ഹിറ്റ്‌ലറുടെ ജന്മദേശമല്ലേ എന്ന് ചോദിച്ചു. എന്നാൽ തത്ത്വചിന്തകനായ വിറ്റ്ജസ്റ്റിന്റെ നാടാണിത് എന്നറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണയാൾ പറഞ്ഞത്. ഹരിദ്വാറിൽ ചെന്നപ്പോൾ ഒരു ചായക്കടക്കാരനോട് സംസാരിച്ചപ്പോൾ ഇത് ദേവഭൂമിയാണ് എന്ന് അയാൾ പറഞ്ഞു. ഭാരതപ്പുഴയുടെ തീരത്ത് ചെന്നപ്പോൾ അത് വേദഭൂമിയാണ് എന്നൊരാൾ പറഞ്ഞു. കർണ്ണനെ സംസ്‌കരിച്ച സ്ഥലം ഹിമാലയത്തിൽവച്ച് ഒരാൾ കാണിച്ചുതന്നു.

ഇങ്ങനെ മനുഷ്യരുമായുള്ള സംവേദനം യാത്രയുടെ വലിയ ഒരു ഭാഗമാണ്. നമുക്ക് മാത്രമേ വിവരമുള്ളൂ എന്ന വിചാരം മാറ്റിവച്ചുവേണം യാത്രികൻ യാത്ര ആരംഭിക്കാൻ. എല്ലാ മനുഷ്യർക്കും ഒരു കഥപറയാനുണ്ട്. അത് കേൾക്കാനുള്ള ചെവിയുണ്ടായാൽ മതി. എത്രവേഗത്തിൽ വേണമെങ്കിലും നമുക്ക് ഓടാം. എങ്കിലും മനസ്സുകൊണ്ടെങ്കിലും തിരിച്ചുവന്നേ തീരൂ’’- വീരേന്ദ്രകുമാർ പറഞ്ഞു.   

എഴുത്തിന്റെ മാജിക് ഉള്ളിടത്തോളം യാത്രാ എഴുത്തും നിലനിൽക്കും
കംബോഡിയയിൽവച്ച് തനിക്കുണ്ടായ വ്യത്യസ്തമായ ഒരനുഭവം വിവരിച്ചാണ് സഞ്ചാരം എന്ന ദൃശ്യയാത്രാപരിപാടിയിലൂടെ പ്രശസ്തനായ സന്തോഷ് ജോർജ് കുളങ്ങര സംസാരിച്ചത്.
 ‘ഒരു കണ്ണ് ക്യാമറയുടെ വ്യൂ ഫൈൻഡറിൽ കണ്ണമർത്തി മറ്റേക്കണ്ണുകൊണ്ടാണ് ഞാൻ ലോകത്തെക്കണ്ടു തുടങ്ങിയത്. കംബോഡിയയിൽ എനിക്ക് വഴികാട്ടിയായി ഒരു യുവാവ് വന്നു. അയാളുടെ കൂടെയാണ് ഞാൻ നരാധമനായ പോൾപോട്ടിന്റെ കൊലപാതക വഴിയിലൂടെ നടന്നത്.

പോൾപോട്ടിന്റെ കോൺസൻട്രേഷൻ ക്യാമ്പിൽച്ചെന്നപ്പോൾ ഞാൻ സ്ഥലങ്ങൾ നടന്നുകാണുമ്പോഴെല്ലാം എന്റെ വഴികാട്ടി ചുമരിൽപ്പതിച്ച പല പല മനുഷ്യരുടെ ചിത്രങ്ങളിൽ കണ്ണുനട്ടിരിക്കുകയായിരുന്നു. പോൾപോട്ട് കൊന്ന മനുഷ്യരായിരുന്നു അത്. പുറത്തിറങ്ങിയപ്പോൾ ഞാൻ അയാളോട് ചോദിച്ചു: നിങ്ങൾ എന്താണ് ആ ഫോട്ടോയിൽ തിരഞ്ഞത്? അയാൾ മറുപടി പറഞ്ഞു: ചെറുപ്പത്തിൽ എനിക്ക് നഷ്ടപ്പെട്ട എന്റെ അച്ഛനെ. ഒരു മുറിയിൽ വച്ച ഫോട്ടോയിൽ അച്ഛനില്ല, അടുത്ത വരവിന് അടുത്ത മുറിയിൽ നോക്കണം.

ഈ അനുഭവം എനിക്ക്‌ ദൃശ്യമായി അവതരിപ്പിക്കാൻ സാധിച്ചില്ല. പിന്നീട് എഴുതുകയായിരുന്നു. കോഴിക്കോട്ട്‌ മിഠായിത്തെരുവിൽ കാലങ്ങളായി എത്രയോപേർ വന്നുപോയി. എന്നാൽ ഒരു സി.സി.ടി.വി. ക്യാമറയ്ക്കും കാണാൻ സാധിക്കാത്ത കാര്യങ്ങൾ എസ്.കെ. പൊറ്റെക്കാട്ട് കണ്ടു. അത് 'ഒരു തെരുവിന്റെ കഥ' എന്ന അനശ്വര രചന നമുക്ക് തന്നു. എഴുത്തിന്റെ മാജിക് നിലനിൽക്കുന്നിടത്തോളം കാലം യാത്രാ എഴുത്തും നിൽക്കും-സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞു.