റഷ്യൻ വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കേണ്ട എന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ തീരുമാനിച്ചതായി പ്രസിദ്ധ ഉക്രൈനിയൻ എഴുത്തുകാരനായ ആന്ദ്രെ കുർക്കോവ് പറഞ്ഞു. കാരണം, അക്കാലത്തെ ഓർമിപ്പിച്ച് വീണ്ടും ഒരു വിപ്ലവത്തെ ക്ഷണിച്ചുവരുേത്തണ്ട.

മാതൃഭൂമി അക്ഷരോത്സവത്തിന്റെ ആദ്യദിനം നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് കുർക്കോവ് തന്റെ റഷ്യൻജീവിതത്തെയും ഉക്രൈനിയൻ വിപ്ലവലോകത്തെയും കുറിച്ചുള്ള അനുഭവങ്ങളും ആലോചനകളും രസകരമായി അവതരിപ്പിച്ചത്. ‘വിപ്ലവം എന്നാൽ, രക്തമൊഴുകണം എന്നാണ് പലരും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഞാൻ രണ്ടു വിപ്ലവങ്ങളെ കടന്നുപോന്നു.

സ്റ്റാലിന്റെ കാലത്തെക്കുറിച്ച് ഗൃഹാതുരതയോടെ സംസാരിക്കുന്നവർ അക്കാലത്തിന്റെ അലസജീവിതത്തെയാണ് ഇഷ്ടപ്പെടുന്നത്. റഷ്യൻ വിപ്ലവം പുതിയ തരത്തിലുള്ള എഴുത്തുകൾ സൃഷ്ടിച്ചു, എഴുത്തുകാരെയും. എന്നാൽ, ആ എഴുത്തുകാരിൽപ്പലരും വിനീതവിധേയരായിരുന്നു. നാം വായിക്കുന്ന പല ചരിത്രവും കെട്ടുകഥകളാണ്. പ്രേതകഥകളെപ്പോലെയാണ് അവയിൽപ്പലതും എഴുതപ്പെടുന്നത്.

പഴയ റഷ്യയിൽ ഏറ്റവും സുഖകരമായ ജീവിതം കുട്ടികളുടേതായിരുന്നുവെന്നും കുർക്കോവ് പറഞ്ഞു. ‘അത്രയും ശ്രദ്ധ കുട്ടികളുടെ കാര്യത്തിലുണ്ട്. ഇന്ന് റഷ്യയിൽ പുതിയ പുതിയ എഴുത്തുകാർ ഉണ്ടാവുന്നുണ്ടെങ്കിലും ഉക്രേനിയൻ എഴുത്തുകാരുമായി യാതൊരു ബന്ധവും അവർക്കില്ല. എന്റെ പുസ്തകങ്ങൾക്ക് ഇപ്പോഴും റഷ്യയിൽ വിലക്കാണ്. ഇനി കുട്ടികൾക്കു വേണ്ടി എഴുതുകയാണ് നല്ലത്. അത് ആർക്കും ഉപദ്രവമാവില്ലല്ലോ’- കുർക്കോവ് പറഞ്ഞു.