തിരുവനന്തപുരം: അനന്തപുരിക്ക് അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും ആശയങ്ങളുടെയും സംവാദങ്ങളുടെയും പുതിയ ആകാശങ്ങള്‍ സമ്മാനിച്ച മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് കൊടിയിറങ്ങി. കനകക്കുന്ന് കൊട്ടാരത്തിന്റെ പാലസ് ഹാളില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടം ചെയ്തു.

സംസ്ഥാന തലസ്ഥാനത്ത് ഇത്രയും ഭംഗിയായി ഒരു അക്ഷരോത്സവം സംഘടിപ്പിച്ച മാതൃഭുമിയെ അഭിനന്ദിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. മലയാള ഭാഷയ്ക്ക് മാതൃഭൂമി നല്‍കിയ സംഭാവനകളെ പുകഴ്ത്തിയ അദ്ദേഹം വരും വര്‍ഷങ്ങളില്‍ ഇതേ വേദിയില്‍ അക്ഷരോത്സവം സംഘടിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. 

ആഗോളവത്കരണത്തിന്റെ ഈക്കാലത്ത് മലയാള സാഹിത്യം കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവര്‍ത്തനങ്ങളിലൂടെ അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച പുസ്തക വായനയില്‍ കുറവുണ്ടാക്കിയെങ്കിലും യുവാക്കള്‍ ഓണ്‍ലൈനില്‍ വായിക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. 

2019 ഫെബ്രുവരി 1,2,3 തീയതികളില്‍ കനകക്കുന്ന കൊട്ടാരത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ഉപഭോക്തൃസംസ്‌കാരത്തിന്റെ ഇക്കാലത്ത് ലോകം ചെറുതായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മനുഷ്യര്‍ ചെറുതാകുന്നില്ല. ഈ ഒത്തുചേരല്‍ അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇത് വെറും ഒത്തുചേരല്‍ മാത്രമല്ല. നമുക്ക് അറിയാത്തവര്‍, പരിചിതമല്ലാത്തവര്‍ വരുമ്പോള്‍ സംസാരിക്കുമ്പോള്‍ അവര്‍ നമുക്ക് പരിചിതരാകുന്നു. ഫെസ്റ്റിവല്ലിനേക്കാള്‍ ഇത് സംസ്‌കാരത്തിന്റെ കൊടുക്കല്‍ വാങ്ങലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സാഹിത്യമില്ലെങ്കില്‍ മികച്ച സിനിമകള്‍ ഉണ്ടാകില്ലെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സാഹിത്യോത്സവത്തിന്റെ ആദ്യ ദിനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയതില്‍ വിഷയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സ്വാഗതം ആശംസിച്ച് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.