തിരുവനന്തപുരം: നിവൃത്തികേടുകൊണ്ടാണ് ആന മനുഷ്യനെ അനുസരിച്ച് നാട്ടില്‍ കഴിയുന്നതെന്ന് വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍. തിരുവനന്തുപുരം കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അക്ഷരോത്സവത്തിലെ മലയാളിയുടെ ആന- കൊടും സ്‌നേഹം, കൊടും ക്രൂരത എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു നസീര്‍.

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍ മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍ മൃഗരോഗ വിദഗ്ധന്‍ ഡോ. ടി എസ് രാജീവും പങ്കെടുത്തു. ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന ആവശ്യത്തിലേക്ക് തന്നെ നയിച്ചത് 25 വര്‍ഷം മുമ്പ് ചെറായി ദേവീക്ഷേത്രത്തില്‍ കണ്ടൊരു കാഴ്ചയാണെന്ന് നസീര്‍ പറഞ്ഞു.

കാലില്‍ മുറിവുള്ള, അതില്‍നിന്ന് ചലം വമിക്കുന്ന ഒരാന അന്ന് തിടമ്പേറ്റി നില്‍ക്കുന്നത് കണ്ടു. രാത്രി ആ ചിത്രമെടുത്തു. പിറ്റേന്ന് പകല്‍ വെളിച്ചത്തിലും ആ ചിത്രമെടുത്തു. അതിനു ശേഷം എപ്പോള്‍ ആനയെ കാണുമ്പോഴും അതിന്റെ കൊമ്പോ തുമ്പിയോ അല്ല കാലിലേക്കാണ് നോക്കാറെന്നും നസീര്‍ പറഞ്ഞു.

ആന ഇണങ്ങുന്ന മൃഗമാണെന്നാണ് പലരും പറയാറ്. എങ്കില്‍പിന്നെ പശുവിനെയും കോഴിയെയും പോലെ ആനയെയും അഴിച്ചു വിട്ട് വളര്‍ത്തിക്കൂടെയന്നും നസീര്‍ ചോദിച്ചു. ആന ബുദ്ധിയുള്ള മൃഗമാണ്. അതിന്റെ നിവൃത്തികേട് കൊണ്ടുമാത്രമാണ് മനുഷ്യനെ അനുസരിച്ച് നാട്ടില്‍ കഴിയുന്നതെന്നും നസീര്‍ പറഞ്ഞു.

മലയാളിയുടെ ആനയോടുള്ള പെരുമാറ്റത്തില്‍ ആനയുടെ പക്ഷത്തു നിന്ന് സംസാരിക്കാനാണ് താത്പര്യമെന്ന് ഡോ. ടി എസ് രാജീവ് പറഞ്ഞു. മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങളെ പോലെ ആനയ്ക്ക് അമാനുഷികത കല്‍പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ അമാനുഷികത കല്‍പിക്കുന്നവരാണ് ആനകള്‍ക്ക് ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കുന്നത്- രാജീവ് കൂട്ടിച്ചേര്‍ത്തു.

സമീപഭാവിയില്‍ വംശനാശം സംഭവിച്ചേക്കാവുന്ന ജീവിയാണ് ആനയെന്ന് ഐ യു സി എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആനകളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അംഗജരാജ്യങ്ങളോട് ഐ യു സി എന്‍ ആവശ്യപ്പെട്ടതായും ഡോ. രാജീവ് പറഞ്ഞു.

ആനവാല്‍ മോതിരം ധരിക്കുന്നത് കൊണ്ട് ഭയം പോകുമെന്നു പറയുന്നതും ആനയുടെ തലയിലെ ഗജമുത്തിന് കോടിക്കണക്കിന് രൂപ വിലയുണ്ടെന്നതും തീര്‍ത്തും അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആനകളെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ആളുകളുമുണ്ടെന്നും രാജീവ് പറഞ്ഞു. ചടങ്ങില്‍ അനിതാ നായരുടെ പുതിയ പുസ്തകം കാക്കേ കാക്കേ കൂടെവിടെ എന്‍  എ നസീര്‍ ഡോ. ടി എസ് രാജീവിന് നല്‍കി പ്രകാശനം ചെയ്തു. 

content highlights: mathrubhumi international festival of letters 2018, mbifl 2018