തിരുവനന്തപുരം: അധികാരത്തിലിരിക്കുന്നവരെ വിമര്‍ശിക്കുന്നവയായതു കൊണ്ടു തന്നെ കാര്‍ട്ടൂണുകളുടെ സൃഷ്ടി അപകടകരമായ കലാപ്രകടനമാണെന്ന് മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി. തിരുവനന്തപുരം കനകക്കുന്നില്‍ മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ഇന്‍ ദ ടൈം ഓഫ് കില്ലര്‍ ഈഗോസ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതോടെ അമേരിക്കയില്‍ കാര്‍ട്ടൂണുകള്‍ പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന് ഇ പി ഉണ്ണി കൂട്ടിച്ചേര്‍ത്തു.  ഇ പി ഉണ്ണി(മോഡറേറ്റര്‍), ടി കെ സുജിത്ത് (കേരള കൗമുദി), കേശവ് ( ദ ഹിന്ദു), ബോണി തോമസ് എന്നിവരാണ് സംവാദത്തില്‍ പങ്കെടുത്തത്.

കാര്‍ട്ടൂണിസ്റ്റുകള്‍ അടിസ്ഥാനപരമായി റിബലുകളാണെന്ന് കേശവ് അഭിപ്രായപ്പെട്ടു. ജയലളിത, സുബ്രഹ്മണ്യന്‍ സ്വാമി, മമതാ ബാനര്‍ജി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ കാര്‍ട്ടൂണുകളെ അതിന്റേതായ രസത്തിലല്ല സ്വീകരിക്കാറെന്ന് കേശവ് പറഞ്ഞു. അതേസമയം ലാലു പ്രസാദ് യാദവ് കാര്‍ട്ടൂണുകളെ കുറ്റപ്പെടുത്താറില്ലെന്നും അവയെ പ്രശസ്തിക്കു വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ചെയ്യാറെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായപ്രകടനത്തിനുള്ള ഇടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണിസ്റ്റിനുകളുടെ റോള്‍ എന്താണെന്ന് ബോണി തോമസ് ആരാഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കാര്‍ട്ടൂണ്‍ രംഗത്തുനിന്ന് പിന്‍വലിഞ്ഞത്. എക്കണോമിക് ടൈംസില്‍ ജോലി ചെയ്തിരുന്ന സമയത്ത് ജസ്വന്ത് സിങ്ങിന്റെയും അദ്വാനിയുടെയും കാര്‍ട്ടൂണുകള്‍ വരച്ചതിനെ കുറിച്ചും അവയോടുണ്ടായ പ്രതികരണത്തെ കുറിച്ചും ബോണി തോമസ് പറഞ്ഞു.

"'ജസ്വന്ത് സിങ്ങിനെ കുറിച്ച് ഒരു കാരിക്കേച്ചര്‍ വരച്ചു. പിറ്റേന്ന് ജസ്വന്ത് സിങ്ങിന്റെ ഓഫീസില്‍നിന്ന് വരികയും അതിന്റെ ഒറിജിനല്‍ വാങ്ങിക്കൊണ്ടു പോവുകയും ചെയ്തു. തൊട്ടടുത്ത ദിവസം അദ്വാനിയെ കുറിച്ച് ഒരു കാര്‍ട്ടൂണ്‍ വരച്ചു. അത് ഓഫീസില്‍ വലിയ ബഹളത്തനിടയാക്കി. പൊളിറ്റിക്കല്‍ ഡെസ്‌കിലെ സഹപ്രവര്‍ത്തകന്‍ എനിക്കു നേര്‍ക്ക് ശബ്ദമുയര്‍ത്തി''. അന്നത്തേതിലും ഏറെ വ്യത്യസ്തമായ സാഹചര്യമാണ് നിലവിലത്തേത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പരിഗണിച്ച് കാര്‍ട്ടൂണിലേക്ക് തിരിച്ചുവരാന്‍ ഇന്നലെ തീരുമാനമെടടുത്തതായും അദ്ദേഹം പറഞ്ഞു.

കാര്‍ട്ടൂണിസ്റ്റുകളായ അസിം ത്രിവേദിക്കും ബാലയ്ക്കും നേരിടേണ്ടി വന്ന ഭീഷണികളെ കുറിച്ചും സംവാദത്തില്‍ ചര്‍ച്ചയുണ്ടായി.

ഭരണാധികാരികളുടെ തെറ്റായ നയങ്ങളെ ജനപക്ഷത്തുനിന്ന് വിമര്‍ശിക്കുന്നവരാണ് കാര്‍ട്ടൂണിസ്റ്റുകളെന്ന് ടി കെ സുജിത്ത് അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് കാര്‍ട്ടൂണിസ്റ്റുകളെ ഭരണാധികാരികള്‍ ഭയപ്പെടുന്നത്? മുഖം നന്നാകാത്തതിന് കണ്ണാടി ഉടച്ചാല്‍ കൂടുതല്‍ വികലമായാകും പിന്നീട് അതില്‍ മുഖം കണാനാവുക.  പ്രതിപക്ഷത്ത് നില്‍ക്കുന്നവരായിരിക്കണം കാര്‍ട്ടൂണിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു.

content highlights: cartoon in the time of killer egos, mathrubhumi international festival of letters2018