പുതിയ കഥാകൃത്തുക്കളില്‍ പ്രമേയസ്വീകരണത്തിലും ഭാഷയിലും ആഖ്യാനത്തിലും വ്യത്യസ്തപുലര്‍ത്തുന്ന എഴുത്തുകാരന്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി. രാമച്ചി എന്ന കഥാസമാഹാരവും കരിക്കോട്ടക്കരി എന്ന നോവലും വിനോയ് തോമസിന്റേതായിട്ടുണ്ട്. രാമച്ചി, ആനന്ദബ്രാന്റന്‍, മൂര്ഖന്പ്പറമ്പ് തുടങ്ങിയ കഥകള്‍ ദേശത്തിന്റെ തട്ടില്‍ നിന്ന് കാലത്തെ സര്‍ഗ്ഗാത്മകമായി അടയാളപ്പെടുത്തുന്ന രചനകളാണ്.
കരിക്കോട്ടക്കരി എന്ന വടക്കന്‍ കുടിയേറ്റ ദേശത്തിന്റെയും അവിടത്തെ പുലയ-ക്രിസ്ത്യന്‍ ജീവിതത്തിന്റേയും കഥയാണ് കരിക്കോട്ടക്കരി എന്ന നോവലിന്റെ പ്രധാന പ്രമേയം. കുടിയേറ്റ മേഖലയിലെ ജീവിതം സൂക്ഷ്മവും വിശദവുമായി രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ സ്വത്വപ്രതിസന്ധിയും പുതിയ രാഷ്ടീയ സാഹചര്യത്തിന്റെ ആവിര്‍ഭാവവും ആലിഷ്കരിക്കാനുള്ള ശ്രമവും നോവല്‍ നിര്‍വഹിക്കുന്നുണ്ട്. വിനോയ് തന്റെ എഴുത്തുജീവിതം പറയുന്നു.
ഇരിട്ടിയില്‍ നിന്ന് കഥയിലേക്ക് കുടിയിറങ്ങിയത് എങ്ങനെയാണ്...
വീടിരിക്കുന്ന സ്ഥലത്ത് മഴക്കാലത്ത് നല്ല പച്ചപ്പുണ്ടാകും. നമ്പീശന്പുല്ലും വേനപ്പച്ചയും കുടലുചുരുക്കിയുമൊക്കെയുണ്ടാക്കുന്ന പച്ചപ്പ്. പക്ഷേ വേനല്‍ തുടങ്ങുമ്പോള്‍ തന്നെ അതൊക്കെ കരിഞ്ഞുപോകും. കാരണം ആ പറമ്പിലെ മണ്ണിന്റെ നേര്‍ത്ത പാടയ്ക്കടിയില് മുഴുവന്‍ ചെങ്കല്ലായിരുന്നു. ആ ചെങ്കല്ല് വെട്ടിത്തുടങ്ങിയ കാലത്താണ് എന്റെ വായന തുടങ്ങുന്നത്.
കല്ലുവെട്ടാന്‍ പന്തളത്ത് നിന്ന് വന്ന കുഞ്ഞൂട്ടിച്ചേട്ടന് കല്ലുവെട്ടുന്നതിനേക്കാള് കൂടുതല്‍ സമയം ജനപ്രിയസാഹിത്യം വായിക്കുന്ന ആളായിരുന്നു. അങ്ങേര് വാങ്ങിച്ചുവെയ്ക്കുന്ന വാരികകളെല്ലാം ഞാന്‍ കട്ടെടുത്ത് വായിക്കും. ആ വായന പിന്നെ വായനശാലയിലേക്ക് നീണ്ടു. അങ്ങനെ മാതൃഭൂമിയൊക്കെ വായിക്കാന്‍ തുടങ്ങി. മാതൃഭൂമിയുടെ ബാലപംക്തിയില്‍ മുതിര്‍ന്ന എഴുത്തുകാര്‍ കുട്ടികളുടെ കഥകളെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങളൊക്കെ കേട്ടപ്പോള്‍ അതിലേക്ക് ഒരു കഥ അയച്ചാലോ എന്ന് തോന്നി. അങ്ങനെ തിരിപ്പുറപ്പാട് എന്ന കഥ അയക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീട് ഇനിയുമെന്തെങ്കിലും എന്ന കഥയും ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. അങ്ങനെയൊക്കെയുണ്ടായ ആത്മവിശ്വാസത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മാതൃഭൂമി നടത്തിയ മല്‍സരത്തിലേക്ക് ഒരു കഥ അയക്കുകയും എങ്ങുമെത്താതെ അത് പരാജയപ്പെടുകയും ചെയ്തു. അതോടെ എനിക്ക് കഥയെഴുതാന്‍ അറിയത്തില്ലായിരിക്കും എന്ന ബോധ്യത്തില്‍ കഥയില്‍ നിന്ന് പിന്മാറി. ചെറിയ ചെറിയ നാടകങ്ങളൊക്കെയാണ് പിന്നെ എഴുതുന്നത്. പലയിടത്തും നാടകങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ജോലി, കുടുംബം തുടങ്ങിയ കാര്യങ്ങളിലേക്ക് ചിന്ത മാറി.
ജോലിയുടെ ഭാഗമായി കുട്ടികളുടെ നാടകം എഴുതി, സംവിധാനം ചെയ്യേണ്ടിവന്നു. അതും വലിയ വിജയമൊന്നും ആയിരുന്നില്ല. അങ്ങനെ പ്രായമൊക്കെ കടന്നുപോകവെയാണ് ഡിസിയുടെ നോവല്‍ മല്‍സരം വരുന്നത്. പ്രായപരിധിയുടെ അവസാനഘട്ടത്തിലാണല്ലോ ഞാന്‍ എന്ന ഓര്‍മയില്‍ കുറച്ചുനാളുകളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു വിഷയം നോവലായി പെട്ടെന്ന് എഴുതി. അതാണ് കരിക്കോട്ടകക്കരി. അത് അച്ചടിച്ചുവന്നപ്പോള്‍ വീണ്ടും എഴുതാന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ടായി. അങ്ങനെ രണ്ടാംവട്ടം കഥയിലേക്കെത്തി.
കഥയില്‍ കാലുറപ്പിക്കുമ്പോള്‍ തോന്നുന്നത്?
മുതിര്‍ന്ന എഴുത്തുകാരെ വായിക്കുമ്പോഴെല്ലം വിചിത്രമായ ജീവിതപരിസരങ്ങളാണ് കൂടുതലും ഇഷ്ടപ്പെടുത്തിയത്. സി.വി. ശ്രീരാമന്, സക്കറിയ എന്‍. പ്രഭാകരന് തുടങ്ങിയവരൊക്കെ എഴുതുന്നത് പോലെ എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. എസ്. ഹരീഷ് എഴുതിത്തുടങ്ങുമ്പോള്‍ ശ്ശെടാ, ഇത് എന്റെയൊക്കെ ജീവിതപരിസരങ്ങളും നമുക്ക് പരിചയമുള്ളത് പോലുള്ള കഥാപാത്രങ്ങളുമാണല്ലോ എന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. എന്റെ നാട്ടിലും കഥകളുണ്ടെന്ന് ആ തിരിച്ചറിവാണ് പിന്നെയുള്ള എഴുത്തുകളെയൊക്കെ മുന്നോട്ട് കൊണ്ടുപോയത്.
എഴുത്തുവഴികള്‍?
അതിവിപുലവും ഒട്ടേറെ പ്രതിഭകളുടെ മികച്ച സൃഷ്ടികളുമുള്ള മലയാളകഥാലോകത്ത് എത്തിനോക്കാന്‍ കഴിഞ്ഞു എന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ഓരോ കഥയും ഓരോ പരീക്ഷയെഴുത്താണ്. പാസ്മാര്‍ക്കെങ്കിലും കിട്ടണേ എന്ന പ്രാര്‍ത്ഥന ശക്തമായി മനസ്സിലുണ്ട്. പുതിയ വായനകളും സഞ്ചാരങ്ങളുമെല്ലാം ഈ പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠനങ്ങളാണ്.
Content Highlights : vinoy thomas, mathrubhumi international festival of letters, mbifl