ത്തരാധുനിക മലയാള ചെറുകഥയിലെ ശ്രദ്ധേയസാന്നിദ്ധ്യമാണ് എസ്. ഹരീഷ്. ദേശത്തിന്റെ ആരും കാണാത്ത കഥകള്‍ അസാധാരണമായ ആഖ്യാനിക്കപ്പെടുന്ന കഥകളാണ് ഹരീഷിന്റേത്. വിചിത്രങ്ങളായ കഥകളും കഥാപാത്രകളും ഹരീഷിന്റെ എഴുത്തില്‍ കടന്നുവരുന്നു. രസവിദ്യയുടെ ചരിത്രം, ആദം എന്നിവയാണ് ഹരീഷിന്റെ കഥാസമാഹാരങ്ങള്‍. ഹരീഷിന്റെ മൂന്ന് കഥകള്‍ കൂട്ടിയണക്കി സഞ്ജു സുരേന്ദ്രന്‍ ഏദന്‍ എന്ന സിനിമയൊരുക്കിയിട്ടുണ്ട്. ഹരീഷ് തന്റെ എഴുത്തുവഴികളെക്കുറിച്ച് സംസാരിക്കുന്നു. 

എഴുത്തിലേക്ക് ഒരു വരവുണ്ടല്ലോ. ആ വരവ് എങ്ങനെയുള്ള വരവായിരുന്നു...?

വേറൊരു രംഗത്തും രക്ഷപ്പെടില്ലെന്നുള്ളത് കൊണ്ട് എഴുത്തുകാരനായ ആളാണ് ഞാന്‍. അതുകൊണ്ട് എഴുതിനോക്കുകയല്ലാതെ വേറൊരു മാര്‍ഗമില്ല. ഒരു തുരുത്തില്‍ അകപ്പെട്ടാല്‍ പിന്നെ വള്ളമുണ്ടാക്കാതെ രക്ഷയില്ല എന്നത് പോലെ. അതുകൊണ്ട് എഴുത്ത് മാത്രമാണെന്റെ സ്വത്വത്തെ വ്യത്യാസപ്പെടുത്തി നിര്‍ത്തുന്നത്.

ജീവിതത്തില്‍ ഏറ്റവും ഗതികെട്ട് നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ആദ്യ കഥയെഴുതുന്നത്. ഒരു പബ്ലിക് ലൈബ്രറിയുടെ റഫറന്‍സ് വിഭാഗത്തില്‍ എന്‍സൈക്ലോപ്പീഡിയ നോക്കി കുറിപ്പുകളെഴുതുകയാണെന്ന നാട്യത്തില്‍ ഞാന്‍ കഥയെഴുതി. അത് മാതൃഭൂമി വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. പിന്നെ കുറേ നാളേക്കെഴുതിയില്ല. അതിന് ശേഷം എഴുതിയ കഥ- മിഷ എന്ന കടുവക്കുട്ടി- മാതൃഭൂമിയില്‍ വന്നു. പിന്നെ തുടരെത്തുടരെ കഥകളെഴുതി. ആദ്യസമാഹാരമായ രസവിദ്യയുടെ ചരിത്രമിറങ്ങി, ഒമ്പത് വര്‍ഷം കഴിഞ്ഞാണ് അടുത്തസമാഹാരം, ആദം ഇറങ്ങുന്നത്. അങ്ങനെ രണ്ട് ഇടവേളകള്‍ക്ക് അപ്പുറവും ഇപ്പുറവുമാണ് ഇതുവരെയുള്ള എന്റെ എഴുത്ത്.

രസവിദ്യയുടെ ചരിത്രത്തിലെയും ആദത്തിലെയും കഥകള്‍ സംസാരിക്കുന്നത്‌ വിഭിന്നലോകങ്ങളാണ്. രസവിദ്യ ദേശത്തിന് പുറത്തുള്ള ചരിത്രം തിരയുമ്പോള്‍ ആദം ദേശത്തിലേക്ക് ഉള്‍ക്കണ്ണിടുന്നു...?

രസവിദ്യയുടെ ചരിത്രവും ആദവും തമ്മില്‍ വലിയ അകലമുണ്ട്. രണ്ടാമത്തെ സമാഹാരത്തിലെത്തുമ്പോഴേക്കും എനിക്ക് കഥ കിട്ടുന്ന വഴികള്‍ പോലും മാറിയിരുന്നു. കഥയെഴുതി കുറേക്കഴിഞ്ഞപ്പോള്‍ എഴുത്തിലെ കള്ളത്തരം ഞാന്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. ജീവിതത്തില്‍ നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തേണ്ടുന്ന ഒരേയൊരിടം കലയുടേതാണ്. അതിലേക്ക് കുറുക്കുവഴികളില്ല. അതുകൊണ്ട് കുറേക്കാലം എഴുത്ത് നിര്‍ത്തി.

നിരാശ ബാധിച്ച് പുസ്തകവായന പോലും ഉപേക്ഷിച്ചു. പക്ഷേ എഴുത്ത് വേശ്യാവൃത്തി പോലെയാണ്, ഒരിക്കല്‍ കളത്തിലിറങ്ങിയാല്‍ രക്ഷപ്പെടല്‍ ബുദ്ധിമുട്ടാണ്. വീണ്ടും എഴുത്ത് തുടങ്ങിയപ്പോള്‍ സ്വന്തം നാട്ടിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് എന്നെ സഹായിച്ചത്. അയല്‍നാട്ടുകാരനായ ഉണ്ണി. ആര്‍ എഴുതിയ കഥകളൊക്കെ അതിന് പ്രചോദനമായിട്ടുണ്ട്. 

ഏദന്‍ തിരുവനന്തപുരം ചലച്ചിത്രോല്‍സവത്തില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത. മനോഹരമായ സിനിമയാണ്. ഏദനെക്കുറിച്ച്...

സിനിമ എനിക്ക് വലിയ പാഷനൊന്നുമല്ല. സുഹൃത്തുക്കള്‍ക്കൊപ്പം സഹകരിക്കുന്നുവെന്ന് മാത്രം. ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രനെ പരിചയപ്പെടുത്തുന്നത് സുഹൃത്തുക്കളായ രേഖാരാജും രേണുകുമാറുമാണ്. ആദ്യം നിര്യാതനായി എന്ന കഥ മാത്രം ചെയ്യാനായിരുന്നു സഞ്ജുവിന്റെ പദ്ധതി. പിന്നീട് രണ്ട് കഥകള്‍ കൂടി ഉള്‍ക്കൊള്ളിച്ചു. തിരക്കഥയും സഞ്ജുവാണ് എഴുതിയത്. ഞാന്‍ അതില്‍ സഹായിച്ചെന്ന് മാത്രം. മൂന്ന് കഥകളും അയാള്‍ നന്നായി യോജിപ്പിച്ചു. കൂട്ടുകാര്‍ പലരും അതില്‍ അഭിനയിച്ചിട്ടുണ്ട്.

Content highlights : s hareesh malayalam writer, s hareesh, Aadam Book, Aadam movie