ആഖ്യാനം കൊണ്ടും അനുഭവം കൊണ്ടും പുതിയ തലമുറയില്‍ തന്റേതായ ഇടം കൈവരിച്ച എഴുത്തുകാരനാണ്  വി.എം.ദേവദാസ്. ഡില്‌ഡോ: ആറ്മരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം, പന്നിവേട്ട, ചെപ്പുംപന്തും എന്നീ നോവലുകളും മരണസഹായി, ശലഭജീവിതം, അവനവന്തുരുത്ത് എന്നീ കഥാസമാഹാരങ്ങളും ദേവദാസിന്റേതായിട്ടുണ്ട്. ദേവദാസ് തന്റെ എഴുത്തുവഴികളെക്കുറിച്ച് സംസാരിക്കുന്നു.

ഞാന്‍എന്തുകൊണ്ട്എഴുതുന്നു?

ഞാന്‍എന്തുകൊണ്ട്എഴുതുന്നു?
ഞാന്‍എന്തുകൊണ്ട്എഴുതുന്നു?
ഞാന്‍എന്തുകൊണ്ട്എഴുതുന്നു?
എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയ ശേഷമേ എഴുതാവൂ എന്നൊരു കാര്യം എവിടെയോ കേട്ടിട്ടുണ്ട്. പ്രത്യേകമായൊരു സിദ്ധാന്തത്തിലൊന്നും വിശ്വാസമില്ലെങ്കിലും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എഴുത്തിന്റെ അടിസ്ഥാനം. ഇതെനിക്ക് കൈകാര്യം ചെയ്യാവുന്ന വിഷയമാണോ, എന്തു കാരണമാണ് എഴുത്തതിക്കാല പ്രലോഭിക്കുന്നത്, എഴുത്തിലൂടെ മാത്രമാണോ ഈ വിഷയത്തോട് പ്രതികരിക്കേണ്ടത് എന്നിവയ്ക്കുള്ള മറുപടികളാണ് തേടേണ്ടത്. ഞാനെഴുതേണ്ടതില്ല എന്ന് തോന്നുന്നവയെ പലപ്പോഴും ഉപേക്ഷിച്ചിട്ടുണ്ട്. എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം കിട്ടാതെ എഴുത്തുമായി കൂടിച്ചേര്‍ന്നുപോകാനുമാകില്ല. സാഹിത്യരീതിയിലല്ലാതെ പ്രതികരിക്കേണ്ട വിഷയങ്ങളെ പ്രതികരണക്കുറിപ്പുകളായി പ്രത്യേകം മാറ്റിനിര്‍ത്താറുമുണ്ട്. ഈ സോഷ്യല്‍ മീഡിയാക്കാലത്തെ ഒരു ഗുണമെന്നത് ഏതിനേയും കഥകളാക്കി മാറ്റേണ്ടതില്ല എന്നതാണ്. കനപ്പെട്ടൊരുതോന്നല്‍, വിക്ഷുബ്ദമായൊരുഭാവം, ഉറച്ചൊരു പ്രഖ്യാപനം, രൂക്ഷമായ പരിഹാസം, തീവ്രമായപ്രതിഷേധം,  ശക്തമായ രാഷ്ട്രീയ നിലപാട് എന്നിവ രേഖപ്പെടുത്താന്‍ ഫിക്ഷന്‍ എന്ന സങ്കേതത്തെ മാത്രം ആശ്രയിക്കേണ്ടിവരുന്നില്ല. നേരത്തേ സൂചിപ്പിച്ച  3 ചോദ്യങ്ങളെയും ഒരു പരിധിവരെയെങ്കിലും തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങളായിരിക്കണം എഴുത്തിലേയ്ക്ക് നയിക്കേണ്ടത്.

എഴുതാത്ത സമയത്തെ മാനസികാവസ്ഥ?

നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മുഴുവന്‍ സമയസാഹിത്യ എഴുത്തുകാര്‍ കുറവായ ഒരിടമാണ് മലയാളം. മിക്കവരും ഉപജീവനത്തിനായി മറ്റു തൊഴിലെടുക്കുന്നവര്‍തന്നെ. അക്കാദമിക്ക് ഗവേഷണങ്ങള്‍, അദ്ധ്യാപനം, മാധ്യമരംഗം എന്നിങ്ങനെയുള്ളവര്‍ക്ക് എഴുത്തിനോടും വായനയോടുമൊക്കെ കുറച്ചുകൂടി അടുത്തു നില്‍ക്കാമെന്ന് തോന്നിയിട്ടുണ്ട്. ഒരുപക്ഷെ അതൊരു അക്കരപ്പച്ച തോന്നലുമായിരിക്കാം. ഞാന്‍ ജോലി ചെയ്യുന്ന ഐ.ടി രംഗത്താണ്.  താരതമ്യേന കുറച്ചുകൂട ിമാനസിക പിരിമുറുക്കവും മടുപ്പും കൂട്ടുന്ന ഒന്നാണതെന്ന് തോന്നുന്നു. പുതിയ സാങ്കേതികതകളെ അറിഞ്ഞു കൊണ്ടിരിക്കല്‍, അന്ത്യശാസനാ സമയത്തിനുള്ളില്‍ കാര്യങ്ങളെല്ലാം ദ്രുതഗതിയില്‍ തീര്‍പ്പാക്കല്‍, ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ഉപയോക്താക്കളും സഹപ്രവര്‍ത്തകരുമായി സംവേദിക്കാനായുള്ള സൗകര്യത്തിനായി പല സമയങ്ങളിലായുള്ള ജോലിക്രമം, അവധിദിനങ്ങളില്‍ പോലും പ്രശ്‌നബദ്ധിതമായി ജോലിയെടുക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍, യാന്ത്രികമായ നടപടിക്രമങ്ങള്‍ എന്നിവയൊക്കെയുണ്ട്. പക്ഷെ ഇതിനൊക്കെയിടയിലും മിച്ചം പിടിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ എഴുത്തുമായി മുന്നോട്ടുപോകുന്നു. ഇതു ചിലപ്പോള്‍ എഴുത്തിന്റെ നിലവാരത്തെ ബാധിക്കുന്നുണ്ടായിരിക്കാം. ഒരു വിഷയത്തിന്മേല്‍ തുടര്‍ച്ചയായിരണ്ടോ മൂന്നോ ദിവസം കുത്തിയിരുന്ന് ആലോചിക്കാനുള്ള അവസരമൊന്നും ലഭിച്ചേയ്ക്കില്ല. മാത്രമല്ല സമയബദ്ധിതമായി തീര്‍ക്കേണ്ട പല ജോലിക്രമങ്ങളും അബോധത്തില്‍ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അവനവനോട് സംസാരിച്ചുകൊണ്ടാണ് ഞാന്‍ ഇതിനെയൊക്കെ മറികടക്കാന്‍ ശ്രമിക്കാറുള്ളത്. ആശയങ്ങളും, കഥാപാത്രങ്ങളും, സംഭവവികാസങ്ങളുമെല്ലാം ഉള്ളാലെയിരുന്ന് തന്നെത്തനിയെ തര്‍ക്കിച്ചുകൊണ്ടിരിക്കും. അതും രസകരമായ ഒരനുഭവമാണ്. 'ബേര്‍ഡ്മാന്‍' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ നടനും അയാളുടെ ആള്‍ട്ടര്‍ ഈഗോയും തുടര്‍ച്ചയായി സംഭാഷണം നടത്തുന്ന ഭാഗങ്ങള്‍ കണ്ടിട്ടില്ലേ? അതുപോലെ ഉള്ളിലൊരാളുമായി തര്‍ക്കിച്ചും പോരടിച്ചും സംസാരിച്ചുകൊണ്ടാണ് മിക്കപ്പോഴും ജീവിതം.

കഥ/നോവല്‍ എഴുത്തിലെ അന്തരം?

എഴുത്തിന്റെ കാര്യത്തില്‍ നോവലും കഥകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരുകഥയെഴുതാന്‍ ഒരാഴ്ച മുതല്‍, ഒരുമാസം വരെയെടുത്തേയ്ക്കാം. എന്നാല്‍ നോവലിന്റെ കാര്യം പറയാനാകില്ല. ഒരുവര്‍ഷമോ, അഞ്ചു വര്‍ഷമോ, അതില്‍ കൂടുതലോ എടുത്തേയ്ക്കാം. അത്രയുംകാലം കഥാപാത്രങ്ങളെയും കഥാഗതിയേയുമൊക്കെ എഴുത്തുകാരന്‍ ഉള്ളില്‍ കൊണ്ടുനടക്കേണ്ടതുണ്ട്. നേരത്തേ ആലോചിച്ചു കൂട്ടിയതില്‍ നിന്ന്ഏറെ മാറ്റങ്ങളോടെയാം മിക്കപ്പോഴും നോവല്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ നോവല്‍ ഒരു മാനസികാവസ്ഥയുടെ വിവര്‍ത്തനമാണെന്നാണ് തോന്നുന്നത്. അതുവരെയുള്ള കാലഘട്ടത്തില്‍ എഴുത്തുകാരന്‍ കടന്നുപോയ ജീവിതസാഹചര്യങ്ങളും മാറിമറഞ്ഞു പോയ മനോനിലകളും, വൈയക്തികമോ രാഷ്ട്രീയമോ ആയ സംഘര്‍ഷങ്ങളുമെല്ലാം നോവലില്‍ തീര്‍ച്ചയായും പ്രതിഫലിച്ചിരിക്കും. എന്നാല്‍ കഥയ്ക്കാകട്ടെ നേരത്തെ നിശ്ചയിക്കുന്ന കൃത്യമായ ചട്ടക്കൂടുകളില്‍ നിന്ന് വലിയ വ്യത്യാസമൊന്നും വരാനിടയില്ല. കാരണം കൃത്യമായൊരു സംഭവത്തെയോ സാഹചര്യത്തെയോ സന്ദര്‍ഭത്തേയോ ആണ് ആവിഷ്‌ക്കാര കേന്ദ്രമായി ലക്ഷ്യംവയ്ക്കുന്നതെന്നിരിക്കെ, ആ സംഗതികളെ മാത്രം ആലോചനയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. മലയാളത്തെ സംബന്ധിച്ചിടത്തോളം സാഹിത്യചരിത്രത്തില്‍ ചെറുകഥകള്‍ക്ക് വളരെ പ്രധാനമായൊരു ഇടവും പരിഗണനയുമുണ്ട്. കഥകള്‍ മാത്രമെഴുത ിലബ്ദപ്രതിഷ്ഠരായ എഴുത്തുകാരിവിടെയുണ്ട്. മാത്രമല്ല പ്രചാരത്തിലുള്ള മുഖ്യധാര സമാന്തര പ്രസിദ്ധീകരണങ്ങള്‍ വഴികഥകള്‍ക്കായി കമ്പോളമൊരുക്കുന്ന വായനാസാഹചര്യവും നിലനില്‍ക്കുന്നു. അതുകൊണ്ട്തന്നെ കഥകളും നോവലുകളും ഒരുപോലെ കൈകാര്യം ചെയ്യുന്നവര്‍ എറെയാണ്. അക്കൂട്ടത്തില്‍ പെട്ട, ഇതു രണ്ടുമെഴുതുന്നഒരാളായതിനാല്‍,  ഒരു കഥാബീജം ഉരുത്തിരിഞ്ഞാല്‍ അത് നോവലാണോ ചെറുകഥയാണോ എന്നത് ആലോചനയുടെ ആദ്യഘട്ടത്തില്‍ പലപ്പോഴും കുഴക്കുന്നൊരു പ്രശ്‌നമാണ്. തുടര്‍ന്നുള്ള ചിന്തയിലും, എഴുത്തുശ്രമങ്ങളിലുമാണ് ഏതാണ് കഥയെന്നും, ഏതാണ് നോവലെന്നും തരംതിരിയുന്നത്. മുഴുവന്‍സമയ എഴുത്തുകാരനല്ലാത്ത ഒരാളുടെ ചെറുജീവിതത്തിനുള്ളില്‍ ഏറെ നോവലുകളെഴുതുക പ്രയാസമെന്നിരിക്കെ പലതും കഥകളായി എഴുതിതീര്‍ത്തിട്ടുമുണ്ട്. അല്ലെങ്കില്‍ അവ പിന്നീട് അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ചിലതെല്ലാം കഥകളാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ തിരിച്ചറിവുണ്ടാകുകയും ചെയ്യും. നോവലുകളെപ്പോലെതന്നെ ചെറുകഥകളും ശക്തമായ തിരിച്ചുവരവ് നടത്തുന്നൊരു കാലമാണ് മലയാളത്തില്‍ ഇപ്പോഴുള്ളത്. പല തലമുറകളില്‍പെട്ട, പലവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകള്‍ ഉണ്ടാകുന്നു. എഴുത്തുകാരനെന്നതുപോലെ സ്വയമൊരു വായനക്കാരായതിനാല്‍ ഇക്കാര്യത്തില്‍ സന്തോഷമുണ്ട്, അതുപോലെഉള്ളാലെ ചില വിമര്‍ശനങ്ങളുമുണ്ട്. പലപ്പോഴും അത് പ്രകടിപ്പിക്കാറുമുണ്ട്.

Content Highlights: mbifl2018 mathrubhumi International Festival Of Letters Devadas