1970കളുടെ അവസാനം. വാര്‍ത്താമാധ്യമരംഗത്ത് ദൂരദര്‍ശന്‍ കൊടികുത്തിവാഴുന്ന കാലം. രാത്രി ഒമ്പതുമണി വാര്‍ത്തയ്ക്കായി ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന സമയം. വാര്‍ത്തകളുടെ വാതായനങ്ങള്‍ തുറന്ന് നീതി രവീന്ദ്രന്‍ എന്ന കണ്ണൂരുകാരി പെണ്‍കുട്ടി പ്രേക്ഷകരുടെ പ്രിയങ്കരിയായതും  അക്കാലത്താണ്. 

ഇരുപതാമത്തെ വയസ്സില്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ തുടക്കം, പിന്നീട് ഒരു വാര്‍ത്താ ഏജന്‍സിയിലേക്ക് കൂടുമാറ്റം. 150 രൂപയായിരുന്നു അന്ന് ശമ്പളം. അഞ്ചുവര്‍ഷത്തിനുള്ളില്‍ നീതി രവീന്ദ്രന്‍ ദൂരദര്‍ശനിലെ പ്രധാനമുഖങ്ങളിലൊന്നായി. ഇംഗ്‌ളീഷ് ഉച്ചാരണത്തിലെ പ്രാഗല്‍ഭ്യവും വാര്‍ത്താ അവതരണത്തിലെ മികവും നീതിയെ വളരെവേഗം ജനപ്രിയയാക്കി. ഇംഗ്‌ളീഷ്  പഠിക്കാന്‍ ഒമ്പതുമണി വാര്‍ത്ത കാണൂ എന്ന് കുട്ടികളോട്  നിര്‍ദേശിക്കുന്ന മാതാപിതാക്കളുടെ കാലവും കൂടിയായിരുന്നു അത്. 

മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ സുവര്‍ണകാലം ഓര്‍ത്തെടുക്കുകയാണ് നീതി രവീന്ദ്രന്‍.

തുടക്കം ദീപാവലി നാളില്‍....

വിയറ്റ്‌നാമില്‍ ഇംഗ്‌ളീഷ് അധ്യാപികയായിരുന്നു നീതി. 19 വയസ്സാണ് അന്ന്  പ്രായം. വാര്‍ത്തകളോടുള്ള താല്പര്യമാണ് അധ്യാപനം അവസാനിപ്പിച്ച് യാത്ര തുടങ്ങാന്‍ നീതിയെ പ്രേരിപ്പിച്ചത്. അങ്ങനെ ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ആരംഭിച്ചു, പിന്നീട് വാര്‍ത്താ ഏജന്‍സിയുടെ ഭാഗമായി. പക്ഷേ, കുടുംബവും ഉത്തരവാദിത്തങ്ങളും പ്രതിസന്ധിയായതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു.

ഭര്‍ത്താവും മകളുമൊത്തുള്ള ജീവിതത്തിലേക്ക് നീതി ഒതുങ്ങി. അയേദ എന്നാണ് മകള്‍ക്ക് നീതി പേരിട്ടത്. ഞാന്‍ തീര്‍ച്ചയായും തിരികെവരും എന്നാണ് ആ പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ഥം. അതിനെ അന്വര്‍ഥമാക്കി നീതി തിരികെപ്പറന്നു, ദേശങ്ങള്‍ക്കപ്പുറത്തേക്ക് കുതിക്കുന്ന ദേശാടനപ്പക്ഷിയുടെ കരുത്തോടെ.1976ലെ ദീപാവലി ദിനത്തിലാണ് നീതി ആദ്യമായി ദൂരദര്‍ശനില്‍ വാര്‍ത്ത വായിക്കുന്നത്.

"സന്തോഷം കൊണ്ട് മനസ്സില്‍ ഞാന്‍ പറക്കുകയായിരുന്നു. ഓരോ വായനയിലും എന്റെ മനസ്സില്‍ ചിത്രശലഭങ്ങള്‍ വിരിഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഞാന്‍ അനുഭവിക്കുകയായിരുന്നു". 

മറക്കാനാവാത്ത വാര്‍ത്താ അനുഭവം

മദര്‍ തെരേസയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നു. കമന്ററി പറയാനുള്ള നിയോഗം ലഭിച്ചത് നീതിക്ക്. 

വിവരങ്ങളടങ്ങിയ പുസ്തകം എനിക്ക് ലഭിച്ചു, തയ്യാറായിക്കൊള്ളാനും നിര്‍ദേശം വന്നു. കടുംപര്‍പ്പിള്‍ നിറത്തില്‍ സ്വര്‍ണ അരികുകളുള്ള സാരിയാണ് ഞാനന്ന് ധരിച്ചത്. ആ അവസരത്തില്‍ അങ്ങനൊരു സാരി ധരിച്ചത് അനുചിതമാണെന്ന് ചിലരൊക്കെ അഭിപ്രായപ്പെട്ടു. പക്ഷേ, എന്റെ ഭാഗ്യത്തിന് മിഷണറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍മാര്‍ എനിക്ക് പിന്തുണ നല്‍കി.

ഇന്ദിരയുടെ മരണവും സര്‍ദാര്‍ജിയുടെ രക്ഷപ്പെടലും

ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച ദിവസമാണ് നീതി മറക്കാതെയിരിക്കുന്ന മറ്റൊരു സംഭവം. 

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വിവരം സ്റ്റുഡിയോയിലറിഞ്ഞെങ്കിലും വാര്‍ത്ത പുറത്തുവിടുന്നത് വൈകുന്നേരം 6 മണിയ്ക്കാണ്. അങ്ങനെയേ ചെയ്യാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. അന്ന് വൈകുന്നേരത്തോടെ കലാപം പൊട്ടിപ്പുറപ്പെട്ടു. സ്റ്റുഡിയോയില്‍ നിന്ന് തിരികെപ്പോള്‍ വഴിയിലാകെ സംഘര്‍ഷങ്ങളാണ്. കാര്യങ്ങളറിയാതെ വഴിയില്‍ നിന്ന ഒരു സര്‍ദാര്‍ജിയോട് ഒാോടി രക്ഷപെട്ടുകൊള്ളാന്‍ ഞാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ യാദൃശ്ചികമായി അയാളെ വീണ്ടും കണ്ടു. അയാളുടെ ജീവന്‍ രക്ഷിച്ചത് ഞാനാണെന്ന് പറഞ്ഞ് അടുത്തുവന്നു എന്നോട് സംസാരിച്ചു.

ഇന്നത്തെ വാര്‍ത്തവായനയെക്കുറിച്ച്..

ഇപ്പോ എല്ലാം ബഹളമയമല്ലേ. വാര്‍ത്ത അവതരിപ്പിക്കുന്നതിലുപരി ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി അതിനെ ഒരു സംഭവമാക്കിമാറ്റുകയല്ലേ. അത് നല്ല പ്രവണതയാണെന്ന് എനിക്ക് അഭിപ്രായമില്ല. നമ്മള്‍ പറയുന്നത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവാനല്ലേ, അതിനുപകരം അവരോട് അലറുന്നതും അവര്‍ താഴ്ന്നവരാണെന്ന രീതിയില്‍ സംസാരിക്കുന്നതുമൊക്കെ എങ്ങനെയാണ്  അംഗീകരിക്കാനാവുക?

നീതി രവീന്ദ്രന് നേരെ വ്യോമാക്രമണം

ഒരിക്കല്‍ സ്റ്റുഡിയോയില്‍ ചെന്ന് കയറുമ്പോഴുണ്ട് അകത്തൊക്കെ വലിയ കുരങ്ങന്മാര്‍. എഡിറ്ററുടെ കസേരയടക്കം കയ്യേറിയിരിക്കുകയാണ്. മറ്റൊരിക്കലാവട്ടെ തേനീച്ചകള്‍ സ്റ്റുഡിയോയ്ക്കുള്ളിലെത്തി. അപകടം പിടിച്ച അവസ്ഥ. അതേക്കുറിച്ച് നവഭാരത് ടൈംസ് പത്രം വാര്‍ത്ത നല്കി, നീതി രവീന്ദ്രന് നേരെ വ്യോമാക്രമണമെന്ന്!!

Content Highlights: MBIFL2018 INTERVIEW WITH ANCHOR NEETHI RAVEENDRAN