കേരളത്തില്‍ വേരുറച്ച ജയശ്രീ മിശ്ര എഴുതിയതെല്ലാം ഇംഗ്ലീഷിലായിരുന്നു. ജന്മാന്തര വാഗ്ദാനങ്ങളില്‍ തുടങ്ങി അവസാനം പുറത്തിറങ്ങിയ നോണ്‍ ഫിക്ഷന്‍  A House for Mr. Misra -യില്‍ വരെ കേരളീയ ജീവിതത്തെക്കുറിച്ച് തന്റേതായ വീക്ഷണങ്ങള്‍ ജയശ്രീ വരച്ചിട്ടു. മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സിന് തിരുവനന്തപുരത്ത് എത്തിയ ജയശ്രീ മിശ്ര എഴുത്തിനെക്കുറിച്ചും കേരളത്തെക്കുറിച്ചും മാതൃഭൂമിയോട് സംസാരിച്ചപ്പോള്‍ . 

അനന്തപുരി വലിയൊരു അക്ഷരോത്സവത്തിന് വേദിയായിരിക്കുന്നു. മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ്. ജയശ്രീ മിശ്രയുടെ അവസാനമായി പുറത്തിറങ്ങിയ A House for Mr. Misra​  തിരുവനന്തപുരം പശ്ചാത്തലമാകുന്ന കൃതികൂടിയാണ്, എഴുത്തുകാരി വരച്ചിട്ട ഭൂപ്രദേശംതന്നെ വലിയൊരു അക്ഷരോത്സവത്തിന് വേദിയാകുന്നു, എങ്ങനെയാണ് ഈ ഫെസ്റ്റിവലിനെ നോക്കിക്കാണുന്നത്?

എനിക്ക് വളരെയധികം സന്തോഷമുണ്ട് തിരുവനന്തപുരം ഇത്രയും വലിയൊരു സാഹിത്യോത്സവത്തിന് വേദിയായതില്‍. മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് വലിയൊരു തുറസ്സായി മാറിയെന്നതില്‍ സംശയമില്ല. എഴുത്തുകാരെയും അവരെ വായിക്കുന്നവരെയും ഒരുമിച്ച് ഒരുകുടക്കീഴില്‍ അണിനിരത്തുക എന്നത് വലിയൊരു കാര്യമാണ്. ഇത്തരം ഒരു ഫെസ്റ്റിവല്‍ എഴുത്തുകാര്‍ക്ക് വലിയൊരു സാധ്യതകൂടിയാണ് തുറക്കുന്നത്.  എനിക്ക് സന്തോഷമുണ്ട് ഞങ്ങളുടെ പുസ്തകങ്ങള്‍ വായിക്കുന്നവരെ നേരില്‍ കാണാനും സംവദിക്കാനും കഴിഞ്ഞു.

ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പങ്കെടുത്ത എഴുത്തുകാരി കൂടിയാണ് ജയശ്രീ മിശ്ര, വിഖ്യാതരായ എഴുത്തുകാരെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടോ.?

കുറെയധികം ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എഴുത്തുകാരിയെന്ന നിലയില്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. എഴുത്തു ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു അത്. എടുത്തുപറയേണ്ടത് ഹേ ഓണ്‍ വൈ ഫെസ്റ്റിവലാണ്. ലോകത്തെതന്നെ വലിയ ഫെസ്റ്റിവല്‍ അനുഭവമാണ് നമുക്ക് അത് സമ്മാനിക്കുക. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും അതിര്‍ത്തിയിലുള്ള ഒരു കൊച്ചുനഗരമാണ് അത്. 

ഹേ ഓണ്‍ വൈ ഫെസ്റ്റിവലിലാണ് ഒബാമയെയും ക്ലിന്റനെയുമൊക്കെ നേരിട്ടുകാണാന്‍ അവസരം ലഭിച്ചത്. ലോകത്തുള്ള ഒട്ടുമിക്ക പ്രശസ്തരായ എഴുത്തുകാരുടെ സംഗമവേദികൂടിയാണ് അത്. ഏകദേശം മുന്നൂറോളം എഴുത്തുകാരൊക്കെ ഹേ ഓണ്‍ വൈ ഫെസ്റ്റിവലില്‍ പങ്കെടുക്കും. ഹേ ഓണ്‍ വൈ ഫെസ്റ്റിവലിന്റെ ഗ്രീന്‍ റൂമെന്നാല്‍ വലിയ എഴുത്തുകാരെ നേരില്‍കാണാനുള്ള അവസരമാണ്. പിന്നെ സൗത്ത് ആഫ്രിക്കയിലെ വേഡ്സ് ഓണ്‍ വാട്ടര്‍ ഫെസ്റ്റിവല്‍, സിംഗപ്പൂര്‍ ഫെസ്റ്റിവലിലും ഒക്കെ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

തകഴിയെന്ന വിശ്രുത എഴുത്തുകാരന്റെ അനന്തരവള്‍കൂടിയാണ് ജയശ്രീ മിശ്ര. വലിയ സാഹിത്യ തറവാട്ടില്‍നിന്ന് വന്നതുകൊണ്ടാണോ എഴുത്തുകാരിയായി മാറിയത്.?

ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ഡല്‍ഹിയില്‍ ആയിരുന്നു, കുട്ടിക്കാലത്ത് തകഴിയമ്മാവന്‍ വലിയ അവാര്‍ഡുകളൊക്കെ വാങ്ങാന്‍ ഡല്‍ഹിയില്‍ വരും, അപ്പോള്‍ അദ്ദേഹം ഞങ്ങളുടെ വീട്ടിലും വരാറുണ്ട്. പക്ഷേ, താമസമൊക്കെ മിക്കവാറും കേരള ഹൗസിലായിരിക്കും. തകഴിയമ്മാവന്റെ കൂടെ എപ്പോഴും കുറെ എഴുത്തുകാരൊക്കെ ഉണ്ടാകും. ഒ.വി. വിജയനൊക്കെ അമ്മാവന്റെ കൂടെ വീട്ടില്‍ വന്നിട്ടുണ്ട്. കുട്ടിയായിരുന്ന കാലത്ത് ഇവരുടെ ചര്‍ച്ചകളും സംവാദങ്ങളൊക്കെ ഞാന്‍ കേട്ടിരുന്നു. ഡല്‍ഹിയില്‍ വരുമ്പോഴൊക്കെ അമ്മാവന്‍ ഒരു ശ്രദ്ധാകേന്ദ്രമായിരുന്നു. ഒരുപക്ഷേ, എഴുതിത്തുടങ്ങണമെന്ന ആഗ്രഹമൊക്കെ അദ്ദേഹത്തെ കണ്ടതില്‍നിന്ന് ഉണ്ടായതാകാം.

ജയശ്രീ മിശ്ര അറിയപ്പെട്ട എഴുത്തുകാരിയായി മാറുന്നത് കാണാന്‍ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് സാധിച്ചില്ല.

അതെ, എന്റെ പുസ്തകങ്ങളൊന്നും അദ്ദേഹത്തെ കാണിക്കാന്‍ സാധിച്ചിട്ടില്ല, അപ്പോഴേക്കും അദ്ദേഹം വിടപറഞ്ഞിരുന്നു. അതെന്നെ ദുഃഖിപ്പിക്കാറുണ്ട്. എന്നാല്‍ തകഴിയമ്മാവനാണ് എന്റെ ആദ്യ സാഹിത്യ നിരൂപകന്‍. പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ഞാനൊരു ചെറുകഥ എഴുതുകയുണ്ടായി, എന്റെ അച്ഛനത് പത്രത്തിന് അയച്ചു. ഡെക്കാന്‍ ഹെറാള്‍ഡിലാണെന്നാണ് എന്റെ ഓര്‍മ, പന്ത്രണ്ട് വയസ്സുകാരിയുടെ ഒരു കഥ അച്ചടിമഷി പുരണ്ടു. 

അച്ചടിച്ചുവന്ന ആ കഥയുടെ ക്ലിപ്പിങ് അച്ഛന്‍തന്നെ പോസ്റ്റലായി അമ്മാവന് അയച്ചുകൊടുത്തു. അമ്മാവന്‍ ആ കഥ വായിച്ച് അതിലെ പോരായ്മകളൊക്കെ വിശദമാക്കിക്കൊണ്ട് ഞങ്ങള്‍ക്ക് എഴുതി അയച്ചുതരുകയുണ്ടായി. ഇപ്പോഴാണ് അതിന് ഇത്രയും വലിയ വാല്യു ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. കുട്ടിയായിരുന്നപ്പോള്‍ അത്രയൊന്നും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ലല്ലോ. ജ്ഞാനപീഠം ജേതാവൊക്കെയായ തകഴിയമ്മാവന്‍ ഒരു പന്ത്രണ്ടുകാരിയുടെ കഥ വായിച്ച് അതിന്റെ കുറവുകള്‍ പറഞ്ഞുതരുകയെന്നത് വലിയ കാര്യമല്ലേ! തകഴിയമ്മാവനാണ് എന്റെ എഴുത്തിന്റെ ആദ്യ ക്രിട്ടിക്.

പദ്മാവത് സിനിമയുടെ വിവാദം നടന്നുകൊണ്ടിരിക്കുകയാണ്, ജയശ്രീ മിശ്രയ്ക്ക് നേരേയും നിരോധനത്തിന്റെ വാള്‍ ഉയര്‍ന്നിട്ടുണ്ട്. 2007-ല്‍ റാണി ലക്ഷ്മി ഭായിയെക്കുറിച്ചെഴുതിയ നോവലായ 'റാണി' യുപി സര്‍ക്കാര്‍ നിരോധിക്കുകയുണ്ടായി, എഴത്തുകാര്‍ക്ക് ജനാധിപത്യ ഇന്ത്യയില്‍ സംസാരിക്കാന്‍ കഴിയാതെയായിരിക്കുന്ന അവസ്ഥയാണോ. ?

തീര്‍ച്ചയായും, അങ്ങനെതന്നെ പറയേണ്ടി വരും. അതിന്റെ ഇംപോര്‍ട്ടന്റ് ആളുകള്‍ക്ക് മനസ്സിലായിട്ടില്ല, എന്റെ പുസ്തകം നിരോധിക്കാന്‍ ഉണ്ടായ കാരണം, ഞാന്‍ ഫിക്ഷനായാണ് അത് എഴുതിയത്. റാണി ലക്ഷ്മി ബായിയുടെ ഹിസ്റ്റോറിക്കല്‍ പേപ്പേഴ്സൊക്കെ അവര്‍ നശിപ്പിച്ചുകഴിഞ്ഞു. 1857-ലെ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ജയിച്ചതുകൊണ്ടാണ് ആ ചരിത്രം റാണി ലക്ഷ്മി ബായിയുടെ പിന്‍ഗാമികള്‍ നശിപ്പിച്ചത്. നിരോധനം എന്നുപറയുന്നത്, അത് പുസ്തകമോ സിനിമയോ ആയിക്കൊള്ളട്ടെ, കേവലം രാഷ്ട്രീയലാഭത്തിനായാണ്. അതില്‍ വൈകാരികതയുടേയോ മോശമായി ചിത്രീകരിക്കുന്നതിന്റെയോ പ്രശ്‌നങ്ങളല്ല രാഷ്ട്രീയം മാത്രമാണുള്ളത്.

2009-ല്‍ എന്റെ പുസ്തകം നിരോധിക്കാന്‍ ചുക്കാന്‍പിടിച്ചത് അവിടുത്തെ ഒരു പ്രാദേശിക എം.എല്‍.എ.യാണ്. ആ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ അദ്ദേഹത്തിന് ജനശ്രദ്ധയൊക്കെ ആകര്‍ഷിക്കാനായി. ആ സമയത്ത് യു.പി.യില്‍ രൂക്ഷമായ വരള്‍ച്ചയൊക്കെ ഉണ്ടായ സമയമാണ് അതില്‍നിന്നെല്ലാം ശ്രദ്ധതിരിക്കാന്‍ ഇത്തരം ആരോപണങ്ങള്‍ വേണമായിരിന്നു. പത്തുരൂപ കൊടുത്ത് വലിയ ജനക്കൂട്ടത്തെയൊക്കെ സൃഷ്ടിക്കാം. പിന്നെ അഭയാര്‍ഥികേന്ദ്രമൊക്കെ ഉണ്ടാക്കാം ജയ്ശ്രീ മൂര്‍ദാബാദ് എന്നൊക്കെ വിളിക്കാം അതൊക്കെ ചെയ്തിട്ടുമുണ്ട്.

A House for Mr. Misra,​ എന്ന കൃതിയാണ് ഒടുവില്‍ പുറത്തിറങ്ങിയത്. അതുവരെ എഴുതിയതില്‍നിന്നെല്ലാം ഒരുപാട് വ്യത്യാസം. ഇവിടെ ഭാവനയ്ക്ക് പകരം എഴുത്തുകാരിതന്നെ കഥാപാത്രമാകുന്നു. ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞങ്ങള്‍ ബീച്ച് സൈഡില്‍ ഒരു പ്ലോട്ട് വാങ്ങി. അവിടെ ഒരു വീടുവെച്ചു. അതിനെക്കുറിച്ചാണ് ഇപ്പോള്‍ അവസാനമായി എഴുതിയിരിക്കുന്ന A House for Mr. Misra എന്ന പുസ്തകം. എന്റെ ആദ്യത്തെ നോണ്‍ഫിക്ഷന്‍ പുസ്തകം കൂടിയാണിത്. എല്ലാവരും വിചാരിക്കുന്നതുപോലെ ഒരു വീട് നിര്‍മിക്കുന്നതിന്റെ കഥയല്ലിത്. ഞാന്‍ ശരിക്കും കേരളത്തിന്റെ ഒരു എക്സ്പീരിയന്‍സാണ് ഇതിലൂടെ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. കുറച്ച് ലൈറ്റ് ഹേര്‍ട്ടഡ് ആയിട്ട്  അല്പം നര്‍മം കലര്‍ത്തിയാണ് അതെഴുതിയത്. ഏറെ ഗൗരവമായ വായനയൊന്നും അതിന് ആവശ്യമില്ല. എന്റെയൊരു പേഴ്സണല്‍ എക്സ്പീരിയന്‍സാണ് ഇതിലൂടെ പറയാന്‍ ശ്രമിച്ചത്. മലയാളി ആണെങ്കിലും അല്ലെങ്കിലും കേരളമൊരു വലിയ അനുഭവമാണ് തരുന്നത്.

ഫിക്ഷനില്‍നിന്ന് നോണ്‍ഫിക്ഷനിലേക്ക് വരുമ്പോഴും കേരളം പ്രമേയമാകുന്നു ?

കേരളത്തിനെക്കുറിച്ച് ഞാന്‍ ancient promisesil തന്നെ എഴുതിയിട്ടുണ്ട്, afterwards എന്ന പുസ്തകത്തിലും കേരളം പ്രമേയമാകുന്നുണ്ട്. പക്ഷേ A House for Mr. Misra കേരളത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്, തിരുവനന്തപുരംതന്നെയാണ് പ്രമേയം. ഒരു ബീച്ചിന്റെ പശ്ചാത്തലത്തിലാണ് അത് പുരോഗമിക്കുന്നത്. അതില്‍ പെറ്റി കറപ്ഷന്‍സും കസ്റ്റമര്‍ സര്‍വീസും ഒക്കെ വരുന്നുണ്ട്. kerala is very unique. എത്ര യുണീക് ആണെന്നത് ഇവിടെ വന്ന് രണ്ടുകൊല്ലം താമസിച്ചപ്പോഴാണ് മനസ്സിലായത്. 

കുറച്ച് നോട്ട്സ് ഇങ്ങനെ എഴുതിവെച്ചിരുന്നു, പുസ്തകമായി ഇറക്കണമെന്നൊന്നും ചിന്തിച്ചിരുന്നില്ല. ചില പബ്ലിഷേഴ്സ് ആവശ്യപ്പെട്ടപ്പോള്‍ ഇത് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. സത്യത്തില്‍ അവര്‍ ആവശ്യപ്പെട്ടത് ഫിക്ഷന്‍ ആയിരുന്നു. എന്റെ കൈവശം ഉണ്ടായിരുന്നത് കുറച്ച് കുറിപ്പുകള്‍ മാത്രമായിരുന്നു. കേരളത്തെക്കുറിച്ചുള്ള എന്റെ കുറച്ചനുഭവങ്ങള്‍ മാത്രമാണിതെന്ന് ഞാന്‍ പബ്ലിഷറോട് പറഞ്ഞു. അത് കേട്ടപ്പോള്‍ അവര്‍ക്ക് താത്പര്യമായി. അങ്ങനെയാണ് A House for Mr. Misra പുറത്തിറങ്ങുന്നത്.

ഫിക്ഷന്‍ രചനയാണോ നോണ്‍ ഫിക്ഷനാണോ ജയശ്രീ മിശ്രയ്ക്ക് കൂടുതല്‍ വഴങ്ങുന്നത് ?

Fiction is a diffrent way of feelings. അത് കുറച്ചുകൂടി ഈസിയാണ്. നോണ്‍ ഫിക്ഷന്‍ ആകുമ്പോള്‍ കുറച്ചുകൂടി ആലോചിച്ചിട്ട് വേണം എഴുതാന്‍. ശരിക്കും സംഭവിച്ച കാര്യങ്ങളെ എഴുതാന്‍ സാധിക്കൂ. ഭാവനയ്ക്ക് നോണ്‍ഫിക്ഷനില്‍ സ്ഥാനമില്ല. ഹ്യൂമറാണെങ്കിലും അധികം ഊതിപ്പെരിപ്പിക്കാന്‍
പാടില്ല. കഥാപാത്രം ക്യാരിക്കേച്ചര്‍ ആകരുത്. അതെപ്പോഴും റിയലായിരിക്കണം.

കേരളത്തില്‍ താമസിക്കാത്ത ജയശ്രീ കേരളത്തെക്കുറിച്ച് എഴുതുന്നു മലയാളികള്‍ എങ്ങനെയാണ് അത് സ്വീകരിക്കുന്നത്.?

ഫിക്ഷനില്‍ കേരളത്തെക്കുറിച്ച് ഞാനെഴുതിയിട്ടുണ്ട് ഇപ്പോള്‍ നോണ്‍ ഫിക്ഷനും കേരളം പശ്ചാത്തലമാവുകയാണ്. മലയാളികള്‍ അതൊക്കെ ആസ്വദിക്കുന്നുണ്ട്. ആദ്യം ഞാന്‍ അത് പ്രതീക്ഷിച്ചിരുന്നില്ല.

ജയശ്രീ മിശ്ര എന്ന എഴുത്തുകാരി പ്രവാസിയാണ് കേരളത്തിലും ഡല്‍ഹിയിലും ഇപ്പോള്‍ ലണ്ടനിലും താമസിക്കുന്നു, ഇനി ഇതുപോലൊരു നോണ്‍ഫിക്ഷന്‍ എഴുതുകയാണെങ്കില്‍ ഏത് ഭൂപ്രദേശമാകും തിരഞ്ഞെടുക്കുക. ?

കേരളത്തിലെ ഈ ഫീലൊക്കെ അനുഭവിച്ചതിന് ശേഷം ഞങ്ങള്‍ ഹരിയാണയിലേക്കാണ് പോയത്. അവിടെ ഒരു കാമ്പസ് യൂണിവേഴ്സിറ്റിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഇനി ഒരു നോണ്‍ഫിക്ഷന്‍ എഴുതുകയാണെങ്കില്‍ ഹരിയാണയെക്കുറിച്ച് എഴുതണമെന്നാണ് എന്റെ മനസ്സിലുള്ളത്. ഹരിയാണയെക്കുറിച്ച് എനിക്ക് ഒരുപാട് എഴുതാനുണ്ട്.

Contnr Highlights: Jaishree misra, A House for Mr. Misra, Ancient Promises, Accidents Like Love and Marriage, Afterwards, Rani Lakshmibai of Jhansi, Jaishree misra books.