ത്തരാധുനിക മലയാള ചെറുകഥയിലെ കരുത്തുറ്റശബ്ദമാണ് ഫ്രാന്‍സിസ് നൊറോണ. പ്രസിദ്ധീകരിച്ച കഥകളെല്ലാം നിരൂപകരുടെയും വായനക്കാരുടെയും സജീവചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. ആഴത്തിലുള്ള അനുഭവലോകവും മുറിവേല്‍പ്പിക്കുന്ന ഭാഷയും നൊറോണയുടെ കഥകളെ വ്യത്യസ്തമാക്കുന്നു. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതാഖ്യാനങ്ങളാണ് നൊറോണയുടെ കഥകള്‍.

കക്കുകളി, തൊട്ടപ്പന്‍, പെണ്ണാച്ചി തുടങ്ങിയ കഥകള്‍ വായനക്കാരെ വേറൊരു ലോകത്തേക്ക് കൊണ്ടുപോവുന്നു. നടപ്പുകാലജീവിതത്തിന്റെ ക്രൗര്യങ്ങളും വേദനകളും നാട്ടുഭാഷയുടെ സ്വാഭാവികമായ താളാത്മകതയില്‍ നൊറോണ അവതരിപ്പിക്കുന്നു. തീരദേശസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ട് എന്ന വിശേഷിപ്പിക്കാവുന്ന അശരണരുടെ സുവിശേഷം എന്ന നോവലും നൊറോണയുടേതായിട്ടുണ്ട്. ഫ്രാന്‍സിസ് നൊറോണ പറയുന്നു.

എഴുത്തിലേക്കുള്ള വരവ് ?

എന്റെ രണ്ട് മമ്മാഞ്ഞിമാര്‍ (അമ്മൂമ്മ) വഴിയാണ് ഞാന്‍ കഥകള്‍ കേട്ടുതുടങ്ങുന്നത്. രണ്ടുപേരും വിധവകളായിരുന്നു. കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്നവരും. അപ്പന്റെ അമ്മ കൊച്ചി ജൂതത്തെരുവിനടുത്താണ് താമസം. അപ്പന്റെ അമ്മ കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് വന്ന് ജീവിതം തുടങ്ങിയവരും. ഇവര്‍ രണ്ടുപേരും ദിനേശ് ബീഡിയും വലിച്ച് ഞങ്ങടെ പഞ്ചാരമണ്ണ് നിറയുന്ന ആലപ്പുഴ വീട്ടുമുറ്റത്തിരുന്ന് പറയാറുള്ള കഥകളാണ് എന്റെ ആദ്യകാല കഥാ ഓര്‍മകള്‍.

ജീവിതത്തെ തുരുമ്പിച്ച കറിക്കത്തികൊണ്ട് മുറിപ്പെടുത്തുന്നത് പോലെ അത്രയേറെ കഠിനവും ക്ലേശകരവും ജീവിതപ്പച്ച നിറഞ്ഞതുമായ അനുഭവകഥകളായിരുന്നു ഒട്ടുമിക്കവയും. പില്‍ക്കാലത്തെ വായനാജീവിതം തിരഞ്ഞെടുത്ത് വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും ഇപ്രകാരം എഴുതപ്പെട്ട പുസ്തകങ്ങള്‍ തന്നെയായിരുന്നു. എഴുതാന്‍ തുടങ്ങിയപ്പോള്‍ കഠിനജീവിതപ്പച്ചകളെ പകര്‍ത്താന്‍ തുടങ്ങി. 

അശരണരുടെ സുവിശേഷം എന്ന നോവല്‍

എന്റെ അപ്പനും അപ്പന്റെ കുടുംബവും ക്രിസ്തീയമതജീവിതത്തോട് വിമുഖത പുലര്‍ത്തിയിരുന്നവരാണ്. അമ്മ വലിയ ഭക്തയായിരുന്നു. അപ്പന്‍ പള്ളിയെയും പട്ടക്കാരെയും അകറ്റിനിര്‍ത്തുമ്പോഴും ക്രിസ്തുവും അവിടുത്തെ ജീവിതവും ഉള്ളില്‍ പേറിനടന്നിരുന്നു. അപ്പന്റെ ഈ നിലപാടുകളാണ് എനിക്കും സ്വീകാര്യമായിരുന്നത്. അപ്പന് ഇഷ്ടമുള്ള ഒരു വൈദികനാണ് ഫാദര്‍ റൈയ്‌നോള്‍ഡ്‌സ്. അദ്ദേഹം ക്രിസ്തുവിന്റെ തുടര്‍ച്ചയാണെന്ന് അപ്പനെപ്പോഴും എന്നോട് പറയും. 

ഞങ്ങള്‍ വല്ല്യച്ചന്‍ എന്നാണ് ഫാദര്‍ റെയ്‌നോള്‍ഡിനെ വിളിച്ചിരുന്നത്. വല്ല്യച്ചന്‍ മരിക്കുമ്പോള്‍ അനാഥാലയത്തില്‍ ഉയര്‍ന്ന കുട്ടികളുടെ കരച്ചില്‍ ഇപ്പോഴും എന്റെ കാതിലുണ്ട്. ഒരേ സമയം പത്തിരുന്നൂറ് കുട്ടികള്‍ക്ക് അപ്പനില്ലാതെ പോകുന്ന കാഴ്ചയും.

വല്ല്യച്ചനെ പകര്‍ത്തുമ്പോള്‍ ആലപ്പുഴ തീരദേശത്തിന്റെ കഥയും കമ്മ്യൂണിസവും ക്രൈസ്തവികതയും ഉഴുതുമറിച്ച ആലപ്പുഴയുടെ മണ്ണും പകര്‍ത്തിയെഴുതുക എന്നത് കൂടി എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഏകദേശം നൂറ് വര്‍ഷത്തെ കഥ പറയുന്ന നോവല്‍ തീരദേശസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാവുമെന്ന് ആമുഖത്തില്‍ ബെന്യാമിന്‍ പറയുന്നു. നോവലിലെ കേന്ദ്രകഥാപാത്രം ഒരു വൈദികനാണ് എന്നതൊഴിച്ചാല്‍ തീര്‍ച്ചയായും അരികുവല്‍ക്കരിക്കപ്പെട്ട കടല്‍ജീവിതത്തിന്റെ പകര്‍പ്പെഴുത്ത് തന്നെയാണ് അശരണരുടെ സവിശേഷം.

കഥയും കഥാപാത്രങ്ങളും വ്യക്തിജീവിതവും

കഥയിലെ കഥാപാത്രങ്ങള്‍ പോലെ വ്യക്തിജീവിതത്തില്‍ എനിക്ക് അനുഭവങ്ങള്‍ കുറവാണ്. എന്റെ കഥയിലെ കഥാപാത്രങ്ങളൊക്കെ എന്റെ ചുറ്റുപാടുകളില്‍ നിന്ന് ഞാന്‍ കണ്ടെടുത്തതാണ്. അവരുടെ ജീവിതാനുഭവങ്ങളെ അതേ തീവ്രതയോടെ അനുഭവിച്ച് പകര്‍ത്തിയെഴുതാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്റെ കഥയുടെ ഭൂമിക എപ്പോഴും ഞാന്‍ സങ്കല്‍പിച്ചുണ്ടാക്കുന്ന ഇടമാകും. ചിലപ്പോഴൊക്കെ കണ്ടുമറന്ന ചില സ്ഥലങ്ങളെയും കാഴ്ചകളെയും വീണ്ടും ഓര്‍മപ്പെടുത്തും.
 
ഞാന്‍ അനുഭവിക്കുന്നതൊക്കെ വായനക്കാരനും അതേ  അളവില്‍ പകര്‍ന്നുകൊടുക്കാനുള്ള ശ്രമങ്ങള്‍ എന്ന് വേണമെങ്കില്‍ എന്റെ കഥകളെ വ്യാഖ്യാനിക്കാം. ഒരു ചെറിയ ജീവി കൊല്ലപ്പെടുന്നതോ മരിക്കുന്നതോ നേരില്‍ കാണാന്‍ ചങ്കുറപ്പില്ലാത്ത എനിക്ക് കഥകളിലെ വന്യമായ കൊലപാതകങ്ങളും പ്രതികാരങ്ങളുമൊക്കെ എങ്ങനെയാണ് എഴുതാന്‍ കഴിയുക എന്നത് ഇപ്പോഴും എന്നെ കുഴപ്പത്തിലാക്കുന്ന ചോദ്യങ്ങള്‍ തന്നെ.

Content Highlights : Francis Nerona books, mathrubhumi international festival of letters 2018, mbifl