'ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. തിക്താനുഭവങ്ങള്‍ ധാരാളമുണ്ട്. കാര്യങ്ങളെപ്പോഴും നമ്മള്‍ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല. വ്യക്തിപരമായ അസൗകര്യങ്ങളും പ്രതിസന്ധികളും എപ്പോള്‍ വേണമെങ്കിലുമുണ്ടാവാം. പക്ഷെ, 23 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിനിപ്പുറം ഞാനിപ്പോഴും ദോഷൈകദൃക്കല്ല. സിനിസിസമല്ല, മനുഷ്യരിലുള്ള വിശ്വാസം തന്നെയാണ് എന്നെ മുന്നോട്ടു കൊണ്ടുപോവുന്നത്.' ആവേശം അതിരിടുന്ന ശബ്ദത്തില്‍ ജോസി ജോസഫ് പറയുന്നു. ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ അധോലോക വ്യാപാരങ്ങള്‍ പൊളിച്ചടുക്കുന്ന കഴുകന്മാരുടെ വിരുന്ന് എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ ജോസി ജോസഫ് ഹിന്ദു ദിനപത്ത്രില്‍ സെക്യൂരിറ്റി എഡിറ്ററാണ്. 
മാതൃഭൂമി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ജോസിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്: 

പത്രപ്രവര്‍ത്തനം, പ്രത്യേകിച്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഭാവിയെക്കുറിച്ച് എന്തു പറയുന്നു ?

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ സുവര്‍ണ്ണനാളുകളാണ് വരാനിരിക്കുന്നത്. നിലവില്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തോട് മുഖം തിരിക്കുന്ന പ്രവണതയുണ്ട്. പക്ഷെ, വരും ദിനങ്ങള്‍ ആഴമാര്‍ന്ന അന്വേഷണങ്ങളുടേതായിരിക്കും.  ഒരേസമയം ശക്തവും നിശ്ശബ്ദവുമായ കലാപമാണ് ഇപ്പോള്‍ മാദ്ധ്യമലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്. മാദ്ധ്യമങ്ങള്‍ക്കുള്ളില്‍ മാത്രമല്ല സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഈ കലാപം ദൃശ്യമാണ്. ഭരണകൂടങ്ങളും മുഖ്യധാരാ മാദ്ധ്യമങ്ങളും കൈകോര്‍ക്കുമ്പോള്‍ അതിനെതിരെയുള്ള പ്രതിഷേധവും ഉടലെടുക്കുന്നുണ്ട്. ഈ പ്രതിഷേധം ആത്യന്തികമായി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് കരുത്തു പകരുക തന്നെ ചെയ്യും.

vultures

സമൂഹത്തിന്റെ വിവിധ അടരുകളില്‍ പ്രതിഷേധം അലയടിക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷെ, ഇതൊരു സമൂര്‍ത്ത രൂപം കൈവരിക്കുന്നുണ്ടോ ?

തീര്‍ച്ചയായും. ദ വയറിലും കാരവനിലുമൊക്കെ വരുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഉദാഹരണമാണ്. ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങളില്‍ നമുക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന സംഭവവികാസങ്ങളാണിത്. ഭരണകൂടത്തിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പുള്ള വ്യക്തികളും കോര്‍പറേറ്റുകളുമുണ്ട്. ക്രോണി ക്യാപിറ്റലിസത്തിന്റെ ഇരകളാവുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഈ കലാപത്തില്‍ പങ്കുചേരുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്റന്റ് ആന്‍ഡ് പബ്‌ളിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ ഇതിനൊരുദാഹരണമാണ്. നിഷ്പക്ഷവും നിര്‍ഭയവുമായ അന്വേഷണാത്മക പവ്രര്‍ത്തനത്തിന് ഈ പ്രസ്ഥാനം താങ്ങും തണലുമാവുന്നുണ്ട്. നടന്‍ ആമീര്‍ ഖാന്‍, വിപ്രൊ മേധാവി അസിം പ്രേംജി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി തുടങ്ങിയവര്‍ ഇതുമായി സഹകരിക്കുന്നുണ്ട്.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം ചെറുപ്പക്കാരായ ടെക്‌നൊക്രാറ്റുകളുടെ ഇടപെടലാണ്. വിവര സാങ്കേതികവിദ്യയുടെ ജനാധിപത്യപരമായ പ്രയോഗം ഉറപ്പാക്കിക്കൊണ്ട് കുത്തകവത്കരണത്തിനെതിരെ ഈ ചെറുപ്പക്കാര്‍ പോരാടുന്നുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മീഡിയയുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ടതുണ്ട്.
ഇന്ത്യയില്‍ ഇന്നിപ്പോള്‍ 65 കോടിയോളം വരുന്ന യുവതലമുറയുണ്ട്. ജനാധിപത്യ, ലിബറല്‍ ആശയങ്ങള്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണിവര്‍. ഏകാധിപത്യത്തിന്റെ വഴികളിലൂടെ നടക്കാന്‍ ഇവര്‍ക്കാവില്ല. നിലവില്‍ ചീഞ്ഞുനാറുന്ന മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ കെട്ട വെള്ളം പുറന്തള്ളി പുതിയ കപ്പല്‍ ചാലുകള്‍ തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന നിരവധി മാദ്ധ്യമ പ്രവര്‍ത്തകരുമുണ്ട്. ഇവരെല്ലാം അണിചേരുന്ന പാലാഴിമഥനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പൂക്കാലമായിരിക്കും.

കഴിഞ്ഞ 20 വര്‍ഷത്തോളമായി ഡെല്‍ഹിയിലുണ്ട്. നരസിംഹ റാവുവിന്റെ പതനവും നരേന്ദ്ര മോദിയുടെ ആരോഹണവും അടുത്തു നിന്നു കണ്ടിട്ടുണ്ട്. മോദിയുടെ ഭാവിയെക്കുറിച്ച് എന്തു പറയുന്നു ?

1996 ല്‍ റാവു ഭരണത്തില്‍ നിന്നിറങ്ങി കേസുകളിലും പെട്ട് ഒറ്റപ്പെടുന്നത് നേരിട്ടുകണ്ടിട്ടുണ്ട്. ഒരു കേസില്‍ ജാമ്യം പോലും എടുക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ റാവുവിന്റെ വക്കീലും ഭാര്യയും ജാമ്യം നില്‍ക്കുന്നതും കണ്ടിട്ടുണ്ട്. മോദിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാവുമെന്നാണു ഞാന്‍ കരുതുന്നത്. മോദിയെയും അമിത് ഷായെയുമൊക്കെ കാത്തിരിക്കുന്നത് കടുത്ത നാളുകളാണ്. ഷായുടെ യാത്ര മിക്കവാറും ജയിലിലേക്കായിരിക്കും. ബിജെപിക്കുള്ളില്‍ മോദിക്കും അമിത്ഷായ്ക്കുമെതിരെ രോഷം പുകയുന്നുണ്ട്. ഒരവസരം കിട്ടിയാല്‍ അത് പൊട്ടിത്തെറിക്കും. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കലാപം ഒരിക്കലും തള്ളിക്കളയാനാവില്ല.  

വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി തിരഞ്ഞെടുപ്പുകള്‍ ബി.ജെ.പി. അട്ടിമറിക്കുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ച് എന്തു പറയുന്നു ?

വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാനാവും. പക്ഷെ, ബി.ജെ.പി. സര്‍ക്കാരുകള്‍ ഇത് ചെയ്യുന്നുണ്ടോ എന്നതില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭ്യമായിട്ടില്ല. ഈ ദിശയില്‍ ചില അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരും.

കഴുകന്മാരുടെ വിരുന്നിനെതിരെ ജെറ്റ് എയര്‍വെയ്‌സ് നിയമനടപടിയുടെ വഴിയിലാണ്. രണ്ടായിരം കോടി രൂപയുടെ അപകീര്‍ത്തി കേസുകളാണ് താങ്കള്‍ക്കെതിരെയുള്ളത്. ഈ കേസുകളെ എങ്ങനെ നേരിടുന്നു?

കേസുകളെ പേടിയില്ല. എല്ലാ റിപ്പോര്‍ട്ടുകളും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കോടതിയില്‍ നല്‍കാനായി രേഖകള്‍ വ്യക്തമായി ക്രോഡീകരിച്ചിട്ടുണ്ട്. കേസുകള്‍ വ്യക്തിപരമായി പ്രശ്‌നം തന്നെയാണ്. ഒരുപാട് സമയവും പണവും ഊര്‍ജ്ജവും കേസുകളുടെ നടത്തിപ്പിനായി വേണ്ടിവരും. പക്ഷെ, ഇത്തരം വ്യക്തിപരമായ പ്രതിസന്ധികള്‍ നമ്മുടെ ജോലിയുടെ ഭാഗമാണെന്നാണ് ഞാന്‍ കരുതുന്നത്.
ആദര്‍ശ് കുംഭകോണം പുറത്തുകൊണ്ടുവന്നപ്പോള്‍ സൈന്യത്തിന് അവരുടെ ഒട്ടേറെ ഭൂമികള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞു. അതില്‍ പലതും നമ്മുടെ സാധാരണ പട്ടാളക്കാര്‍ക്ക് പ്രയോജനമുണ്ടായേക്കും. ലീവ് ട്രാവല്‍ അലവന്‍സ് നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വ്യാജ ബില്ലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിലൂടെ 500 കോടിയുടെ വരുമാനമെങ്കിലും സര്‍ക്കാരിനുണ്ടായെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഈ തുക ഒരു സ്‌കൂള്‍ തുടങ്ങുന്നതിനോ ആസ്പത്രി തുടങ്ങുന്നതിനോ സര്‍ക്കാര്‍ ഉപയോഗിച്ചേക്കാം. ഇത്തരം സാദ്ധ്യതകളാണ് പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ  പ്രചോദിപ്പിക്കുന്നത്. നമ്മള്‍ ഫയല്‍ ചെയ്യുന്ന ഒരു റിപ്പോര്‍ട്ടിന്റെ പേരിലും നമ്മള്‍ ഹീറോയാവാന്‍ പാടില്ല. അതുപോലെതന്നെ സിനിസിസത്തിന്റെ കെണിയില്‍ നമ്മള്‍ ഒരിക്കലും വീണുപോവരുത്.

പുതിയ പുസ്തകങ്ങള്‍ ?

തീവ്രവാദം രാഷ്ട്രത്തിന്റെ സുരക്ഷയെ അട്ടിമറിക്കുന്നത് എങ്ങിനെയെന്ന് അന്വേഷിക്കുന്ന പുസ്തകമാണ് അടുത്തത്. ഇതിനുള്ള ധാരണാപത്രം ഒരു പ്രസിദ്ധീകരണശാലയുമായി ഒപ്പിട്ടുകഴിഞ്ഞു. 2019 ല്‍ പുസ്തകം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.