ദീര്‍ഘകാലം തിഹാറില്‍ ജയിലറായിരുന്നു സുനില്‍ ഗുപ്ത. ജയില്‍ അനുഭവങ്ങള്‍ പകര്‍ത്തിയ ബ്ലാക്ക് വാറണ്ട് എന്ന തന്റെ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പൊടുന്നനെ കാഴ്ചക്കാരില്‍ നിന്നൊരാള്‍ നിനച്ചിരിക്കാതെ എഴുന്നേറ്റു. എന്നിട്ട് ഒരൊറ്റ ചോദ്യം; സര്... സാറിന് എന്നെ അറിയാമോ?
അപ്രതീക്ഷിതമായ ചോദ്യം കേട്ട് സുനില്‍ ഗുപ്ത ഒന്ന് ഞെട്ടാതിരുന്നില്ല. പിന്നെ വേദിയില്‍ ഓര്‍മകളില്‍ തിരയുമ്പോള്‍ അയാള്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ ടെന്സിന് സുണ്ടെ. പണ്ട്, സാറിന്റെ കാലത്ത് തിഹാറില്‍ തടവുപുള്ളിയായിരുന്നു.
ടെന്സിന് ഇന്നൊരു മുന്‍ തടവുപുള്ളി മാത്രമല്ല. കവിയാണ്. തീപാറുന്ന തിബത്തന്‍ ആക്ടിവിസ്റ്റാണ്, മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സുനില്‍ ഗുപ്തയെപ്പോലൊരു സ്പീക്കറാണ്. ആളുകളെ ഞെട്ടിച്ച ടെന്‍സിന്റെ ചോദ്യത്തിന് പിന്നിലൊരു വലിയ കഥയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുനില്‍ ഗുപ്ത തിഹാര്‍ ജയില്‍ ഭരിക്കുമ്പോള്‍ അവിടെ തടവുപുള്ളിയായിരുന്നു ടെന്സിന്. പണ്ട് ജയിലില്‍ നിരാഹാരമിരുന്ന ടെന്‍സിനെ അനുനയിപ്പിച്ചത് സുനില്‍ ഗുപ്തയായിരുന്നു.
2003 ലും 2012 ലും തന്നെ തിഹാര്‍ ജയിലിലടച്ചപ്പോള്‍ അവിടെയുണ്ടായിരുന്നത് സുനില്‍ ഗുപ്തയായിരുന്നെന്ന് ടെന്സിന് ഓര്‍മ്മിപ്പിച്ചു. ജയിലിലെ നമ്പര്‍ ത്രീ സെക്ഷനില്‍ എണ്‍പതില്‍പ്പരം തിബത്തന്‍ ആക്ടിവിസ്റ്റുകളോടൊപ്പം കഴിയേണ്ടിവന്നപ്പോള്‍ പ്രതിരോധിക്കാനായി ടെന്സിന് നിരാഹാരമിരുന്നു. തിഹാറില്‍ നിരാഹാരമിരിക്കുന്നത് കടുത്ത ശിക്ഷയ്ക്കുള്ള വകുപ്പാണ്. അപ്പോള്‍ നയപരമായി തന്നോട് അടുത്തിടപഴകിയത് സുനില്‍ ഗുപ്തയാണ്. ഒടുവില്‍ നിരാഹാരമവസാനിപ്പിക്കാന്‍ ടെന്സിന് ഒരു ഉപാധിവെച്ചു; താനെഴുതിയ കത്ത് പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കണം. സുനില്‍ ഗുപ്ത സമ്മതിച്ചു. ടെന്സിന് ഭക്ഷണം കഴിച്ചു.
തിഹാര്‍ ജയിലിലെ സൗകര്യങ്ങളെക്കുറിച്ച് സംസാരിച്ച ടെന്സിന് അവിടുത്തെ എല്ലാ മതസ്ഥര്‍ക്കുമുള്ള ആരാധനാലയങ്ങളെ കുറിച്ചും സമാധാനാന്തരീക്ഷത്തെ കുറിച്ചും വിവരിച്ചു. ഒട്ടും സഹിക്കാന്‍ പറ്റാത്തത് പുതപ്പിന്റെ വൃത്തിയില്ലായ്മയാണെന്ന് കുറ്റപ്പെടുത്തിയപ്പോള്‍ പുതപ്പിന്റെ കാര്യത്തില്‍ തിഹാറില്‍ അനുകൂലമായ തീരുമാനമെടുത്ത കാര്യവും ഒരു വാഷിങ് യൂണിറ്റ് സ്ഥാപിച്ച കാര്യവും സുനില്‍ ഗുപ്ത ഓര്‍മിപ്പിച്ചു.
ആദ്യമായി ജയിലിലേക്ക് വന്നാല്‍, പുരുഷനാവട്ടെ സ്ത്രീയാവട്ടെ നിങ്ങള്‍ പൂര്‍ണമായും നഗ്നരാക്കപ്പെടും. പിന്നീട് ഇടവേളകളില്ലാതെ പത്ത് സിറ്റ് അപ്പുകള്‍ ചെയ്യിക്കും. രഹസ്യഭാഗങ്ങളില്‍ വേണ്ടപ്പെട്ടതെന്തെങ്കിലും തിരുകി വെച്ചിട്ടുണ്ടെങ്കില്‍ മിനിറ്റുകള്‍ക്കകം അത് താഴെ വീഴും. ടെന്സിന് പറഞ്ഞത് കേട്ടപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് ഗുപ്ത പ്രതികരിച്ചു. തിഹാറിന് പുറത്ത് നിങ്ങള്‍ അഞ്ചു രൂപ കൊടുത്ത് വാങ്ങുന്ന ബീഡിക്ക് അഞ്ചിരട്ടിയാണ് ജയിലിനകത്തെ വില. അനധികൃതമായി നടക്കുന്ന ഇത്തരം വ്യവഹാരങ്ങള്‍ നിയമവിരുദ്ധമാണ്. ജയിലിനകത്ത് പുകവലിക്കാനും പാടില്ല. ഇത് തടയാന്‍ വേണ്ടിയാണ് ഇത്തരം സിറ്റ് അപ്പുകള്‍ക്ക് പ്രതികളെ വിധേയരാക്കുന്നത് സുനില്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിക്കാഴ്ചയ്ക്കും ഓര്മപുതുക്കലിനുംശേഷം താനെഴുതിയ കോറ എന്ന പുസ്തകം പ്രിയപ്പെട്ട ജയിലര്‍ക്ക് സമ്മാനിച്ചാണ് ടെന്സിന് മടങ്ങിയത്.
Content Highlights: When a jailer turned writer and prisoner turned writer met at MBIFL