തിരുവനന്തപുരം: ഇന്നത്തെ കാലത്ത് സംഗീതസംവിധായകര് മേല്‍ശാന്തിമാരും പാട്ടെഴുത്തുകാര്‍ കീഴ്ശാന്തിമാരുമാണെന്ന് ഗാനരചയിതാവും സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി. മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഹൃദയവാഹിനി എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ഗാനരചയിതാക്കളെ തീരുമാനിക്കുന്നത് സംഗീത സംവിധായകരാണെന്നും ട്യൂണ്‍ വാട്സാപ്പ് വഴി അയച്ചാണ് പലരും പാട്ടെഴുതിക്കാറുള്ളതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഇന്നത്തെ സംഗീത സംവിധായകര്‍ക്ക് കവിത വേണ്ടെന്നും ഇന്നത്തെ സിനിമയില്‍ പാട്ട് അനാവശ്യമാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍

ദക്ഷിണാമൂര്‍ത്തി സ്വാമി പറയാറുള്ളത് തമ്പിയുടെ പാട്ടുകള്‍ ഞാന്‍ സംഗീതത്തിലൂടെ വായിക്കുകയാണ് എന്നാണ്. ദേവരാജന്‍ മാഷ് പറയാറുള്ളത് എനിക്ക് കവിത കിട്ടിയാലേ സംഗീതം വരുള്ളൂ എന്നാണ്. എന്നാല്‍, ഇന്നത്തെ സംഗീത സംവിധായകര്‍ക്ക് കവിത വേണ്ട. പണ്ട് ആദ്യം കവിയെയാണ് വിളിക്കുക. ആരെക്കൊണ്ട് സംഗീതസംവിധാനം ചെയ്യിപ്പിക്കണമെന്ന് കവിയോടും അഭിപ്രായം ചോദിക്കും. അതായിരുന്നു അന്ന് കവികള്‍ക്ക് നല്‍കിയിരുന്ന വില. ഇന്ന് സംഗീത സംവിധായകരാണ് ആരാണ് പാട്ട് എഴുതണമെന്ന് തീരുമാനിക്കുന്നത്. ഇന്നത്തെ പല സംഗീത സംവിധായകരും ഗായകരും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരാണ്. പലര്‍ക്കും മലയാളം പോലും ശരിക്കറിയില്ല. പണ്ട് പാട്ടെഴുത്തുകാരും സംഗീതസംവിധായകരും മേല്‍ശാന്തിമാരായിരുന്നു. ഇന്ന് സംഗീതസംവിധായകര്‍  മേല്‍ശാന്തിമാരും പാട്ടെഴുത്തുകാര്‍ കീഴ്ശാന്തിമാരുമാണ്.

ഇന്ന് ഏതെങ്കിലും സിനിമയില്‍ കഥാനായകന്‍ ചുണ്ട് അനക്കുന്നുണ്ടോ? പണ്ടത്തെ പല സൂപ്പര്‍ഹിറ്റ് ഗാനങ്ങളും പ്രേം നസീര്‍, സത്യന്‍ മാഷ്, മധു എന്നിവര്‍ ചുണ്ടനക്കിയവയാണ്. ആ വിഷ്വല്‍സ് വരെ നമ്മുടെ മനസില്‍ ഉണ്ട്. എന്റെ അഭിപ്രായത്തില്‍ ഇന്നത്തെ സിനിമകളില്‍ പാട്ട് അനാവശ്യമാണ്. പല പാട്ടുകളും ഉപയോഗിക്കുന്നത് റീ റെക്കോര്‍ഡിങ്ങിനാണ്. പല പാട്ടുകളുടെയും പല്ലവി മാത്രമേ സിനിമയില്‍ ഉപയോഗിക്കുന്നുള്ളൂ. ബാക്കി യൂട്യൂബിലിടാം എന്നാണ് . ചെറുപ്പക്കാര്‍ക്ക് പാട്ട് ഇഷ്ടമല്ല എന്ന് പറയുന്ന സംഗീതസംവിധായകരുണ്ട്. പണ്ട് ഒരു മുറിയില്‍ വച്ച് നായകനും നായികയും ചുണ്ടനക്കി പാടിയ പാട്ടുകള്‍ വരെ ഇന്നും ഓര്‍ത്തിരിക്കുന്നു. എന്നാല്‍ ഇന്ന് പത്തറുപത് പെണ്ണുങ്ങള്‍ അരക്കെട്ടിളക്കും. പാട്ട് തുടങ്ങുന്നത് തന്നെ ഇവരുടെ ബാക്ക് ഷോട്ട് കാണിച്ചാണ്. ഒരു വരി കഴിയുമ്പോള്‍ ഇവരുടെ എല്ലാം ഡ്രസ് മാറും. ഇങ്ങനെ അല്ലാതെ ഏതെങ്കിലും പ്രേമഗാനങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ പറ്റിയിട്ടുണ്ടോ.

sreekumaran thampi

നൃത്തമാണ് ഇന്നത്തെ പാട്ട് . നൃത്തസംവിധായകരുടെയും സംഗീത സംവിധായകരുടെയും അഭിപ്രായം അനുസരിച്ച് അത് ആവിഷ്‌കരിക്കുന്നു. നായകനും അഭിപ്രായം പറയുന്നു. അവര്‍ പറയുന്നത് നിര്‍മാതാക്കള്‍ കേള്‍ക്കുന്നു. സൂപ്പര്‍സ്റ്റാറുകളുടെ വേലക്കാരാണ് നിര്‍മാതാക്കള്‍. സിനിമയില്‍ വലിയവന്‍ നായകന്മാരാണ് ഇന്ന്. അത് സൂപ്പര്‍സ്റ്റാര്‍ ആവണമെന്നൊന്നും ഇല്ല. ഷെയ്ന്‍ നിഗം വരെ നായകനാണ്. അദ്ദേഹമാണ് ഭരിക്കുന്നത്. നായകന്മാര്‍ ആണ് ഇന്ന് ഭരിക്കുന്നത്. മറ്റുള്ളവര്‍ ജോലിക്കാരും. അങ്ങനെയൊരു അവസ്ഥയില്‍ പാട്ടുകള്‍ക്ക് സ്ഥാനമില്ല. പണ്ട് ഒരു കഥ ചര്‍ച്ച ചെയ്യുന്നത് ഗാനരചയിതാക്കളും സംഗീതസംവിധായകരും നിര്‍മാതാക്കളും സംവിധായകരും ഒന്നിച്ചിരുന്നാണ്. ഇന്ന് ആ അവസ്ഥയല്ല. ഇന്ന് സംഗീതം ആദ്യം നിശ്ചയിക്കുന്നു. അത് ഓകെ ആയാല്‍ സംഗീത സംവിധായകനും സംവിധായകനും കോറിയോഗ്രാഫറും ഒന്നിച്ചിരുന്ന് ആ പാട്ട് കേള്‍ക്കുന്നു.

 ട്യൂണ്‍ ഓകെ ആയാല്‍ പാട്ട് ആരെഴുതണമെന്ന് സംഗീതസംവിധായകന്‍ തീരുമാനിക്കുന്നു. എന്നിട്ട് ആ ട്യൂണ്‍ വാട്സാപ്പ് വഴി പാട്ടെഴുതാനായി അയച്ചു കൊടുക്കുന്നു. പാട്ടെഴുത്തുകാരന്‍ ഈ ഈണം കേട്ട് വരികളെഴുതി ഇതേ വാട്സാപ്പ് വഴി തിരിച്ചയച്ചു കൊടുക്കുന്നു. പണ്ടൊക്കെ  കംമ്പോസിങ്ങിന് ദിവസങ്ങളോളം ഇരുന്ന് റിഹേഴ്സല്‍ നടത്തിയാണ് റെക്കോര്‍ഡിങ്ങിന് പോകുന്നത്. ആ കാലഘട്ടം ഇനി ഒരിക്കലും തിരിച്ചുവരില്ല, ആ പാട്ടുകളും ഇനി തിരിച്ചുവരില്ല.

Content Highlights: Sreekumaran Thambi MBIFL 2020