തിരുവനന്തപുരം: 'ചലനാത്മകത മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ്. അതുകൊണ്ടുതന്നെ കുടിയേറ്റത്തെ ഔദ്യോഗികം അനധികൃതം എന്ന് തരംതിരിക്കുന്നതില്‍ മനുഷ്യത്വപരമായ പിശകുണ്ട്. രേഖകളാണ് കുടിയേറുന്നവരുടെ ജീവിതസാഹചര്യത്തെ നിര്‍ണയിക്കുന്നത്. രേഖകളുള്ളവരും രേഖകളില്ലാത്തവരും.' മെക്സിക്കോയില്‍ നിന്ന് സ്പെയിനിലേക്ക് ജീവിതം മാറ്റിയ എഴുത്തുകാരന് യുവാന്‍ പാബ്ലോ വില്ലലോബോസ് പറയുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ദ അതര്‍ സൈഡ്' എന്ന വിഷയത്തില്‍ കുടിയേറ്റത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു 'ഡൗണ്‍ ദ റാബിറ്റ് ഹോളി'ന്റെ എഴുത്തുകാരന്.
യുവാനൊപ്പം യുക്രേനിയന്‍ എഴുത്തുകാരന് ആന്ദ്രേ കുര്‍ക്കോവ്, ഗ്രീസില്‍ നിന്ന് ഇംഗ്ലണ്ടിലെത്തി എഴുത്തുജീവിതം നയിക്കുന്ന പാനോസ് കനേസിസ് എന്നിവരും സംഭാഷണത്തില്‍ ചേര്‍ന്നു. മറ്റൊരു രാജ്യത്തിരുന്നുകൊണ്ട് സ്വന്തം രാജ്യത്തേക്കുറിച്ചെഴുതുമ്പോള് എഴുത്തുകാരന് അനുഭവിക്കുന്ന സ്വത്വപ്രതിസന്ധികളെക്കുറിച്ച് മൂവരും ചര്‍ച്ച ചെയ്തു. ഒരു രാജ്യത്ത് താമസിച്ചുകൊണ്ട് മറ്റൊരു രാജ്യത്തേക്കുറിച്ച് എഴുതുക എന്നത് ഏറെ സങ്കീര്‍ണമാണെന്ന് പാനോസ് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര ബെസ്റ്റ്സെല്ലറുകള്‍ സൃഷ്ടിക്കാനുള്ള അതിമോഹമല്ല ദേശവും കാലവും അപ്രസക്തമാകുന്ന നോവലുകള്‍ എഴുതാന്‍ എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. മറിച്ച് സ്വത്വ പ്രതിസന്ധിയില്‍ നിന്നുള്ള മോചനമാണ് പ്രേരണയെന്ന് യുവാന്‍ പറയുന്നു.
രേഖകള്‍ നല്കുന്ന സുരക്ഷിത ബോധത്തിനുള്ളിലെ സര്‍ഗാത്മക പ്രകാശനത്തെക്കുറിച്ചുള്ള സംസാരങ്ങള്‍ക്കൊടുവില്‍ ആന്ദ്രെ കുര്‍ക്കോവ് മൈക്ക് സദസിലേക്ക് നീട്ടി. അതോടെ കഥ മാറി. ടിബറ്റന്‍ അഭയാര്‍ഥിയും കവിയുമായ ടെന്സിന് സുണ്ടേ രാജ്യമില്ലാത്തവരുടെ നീറുന്ന വേദനകളാണ് പങ്കുവച്ചത്. ഒരിക്കല്‍ ടിബറ്റിലെ ബന്ധുക്കളെ കാണാന്‍ ലഡാക്കിലെ അതിര്‍ത്തിയിലെത്തിയ സുണ്ടെ ടിബറ്റന്‍ പോലീസിന്റെ പിടിയിലായി. അവര്‍ ഏറെ നാളത്തെ മര്‍ദനങ്ങള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ശേഷം ഇന്ത്യയിലേക്ക് തിരിച്ചയച്ചു. എന്നാല്‍ ഇന്ത്യയില്‍ വീണ്ടും ജയില്‍ തന്നെയായിരുന്നു സുണ്ടെയെ കാത്തിരുന്നത്. അഭയാര്‍ഥികളുടെ മക്കള്‍ ജനിക്കുമ്പോള്‍ തന്നെ അഭയാര്‍ഥികളാണ്. മാതൃരാജ്യം എന്ന സ്വപ്നത്തിനും അതിജീവനം എന്ന യാഥാര്‍ഥ്യത്തിനുമിടയില്‍ അഭയാര്‍ഥികള്‍ കുരുങ്ങിക്കിടക്കുന്നുവെന്ന് സുണ്ടെ പറഞ്ഞു.
Content Highlights: Juan Pablo Villalobos, Andrei Kurkov, Panos Kernezis, Problems of Refugees and Immigrants, MBIFL 2020