തിരുവനന്തപുരം: വ്യാകരണം മാത്രം നോക്കിയല്ല ഭാഷയുടെ രാഷ്ട്രീയം നോക്കിയും പ്രയോഗങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് സിപിഎം നേതാവും ദേശാഭിമാനി ചീഫ് എഡിറ്റുമായ പി. രാജീവ്. ഗ്ലോബലൈസേഷന്‍ എന്ന വാക്ക് ആഗോളീകരണം എന്നാണ് ചില മാധ്യമങ്ങള്‍ പ്രയോഗിക്കുന്നത്. എന്നാല്‍ ആഗോളവത്കരണം എന്നതാണ് ശരിയായ പ്രയോഗം. അത്തരത്തില്‍ ഭാഷയുടെ രാഷ്ട്രീയത്തെ കുറിച്ച് പ്രയോഗിക്കുമ്പോള്‍ ബോധ്്യമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ, മാധ്യമം, സംസ്‌കാരം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പി രാജീവ്, എഴുത്തുകാരി സുജസൂസന്‍ ജോര്‍ജ്ജ്, മാധ്യമപ്രവര്‍ത്തക എംസ് ശ്രീകല, അധ്യാപികയും ആക്ടിവിസ്റ്റുമായ രേഖ രാജ് എന്നിവര്‍ പങ്കെടുത്തു.

ചര്‍ച്ചയിലെ പ്രസക്ത ഭാഗങ്ങള്‍

രേഖാരാജ്- സ്ത്രീകളുടെ ശരീരം മൂല്യവത്കരിക്കേണ്ട സംഗതിയില്ല. പല തരം മൂല്യങ്ങളെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട ബാധ്യത സ്ത്രീകള്‍ക്ക് എല്ലാ കാലത്തും എല്ലാ സമുദായവും സമൂഹവും കല്‍പിക്കുകയാണ്. അതുകൊണ്ടാണ് കന്യകാത്വം എന്ന നിബന്ധന ഭാഷയില്‍ കൂടുതലായും പ്രയോഗിക്കുന്നത്. പലപ്പോഴും ഭാഷ കൈകാര്യം ചെയ്യുന്നത് ആണ്‍കാഴ്ചയുടെ അടിസ്ഥാനത്തിലാണ്. സ്ത്രീകളെ ചുറ്റിപ്പറ്റിയുള്ള നമ്മുടെ ഭാവനകള്‍ എല്ലാം അതിനാലാണ് ഭാഷയില്‍ പ്രതിഫലിക്കുന്നത്.

സുജ സൂസന്‍ ജോര്‍ജ്ജ്- ഭാഷയില്‍ ഇടപെട്ടുകൊണ്ടാണ് ഭാഷ വളര്‍ന്നത്. 1956ല്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന കാലത്ത് പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ എന്ന പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ എഴുത്തുകുത്തുകള്‍ മലയാളത്തിലാക്കണം, വിജ്ഞാനകോശം മലയാളത്തില്‍ വേണം, കലാസാഹിത്യസംഘടനകള്‍ക്ക് പ്രധാന്യം നല്‍കാന്‍ സാഹിത്യ അക്കാദമിയുടെയും ലളിതകലാ അക്കാദമിയുടെയും ശാഖകള്‍ സ്ഥാപിക്കണം തുടങ്ങീ ദീര്‍ഘവീക്ഷണമുള്ള നിര്‍ദേശങ്ങളാണ് ഇവ.

പി രാജീവ്- ഒരു തീര്‍ച്ചയും ഇല്ലാത്ത കാര്യത്തിലും തീര്‍ച്ചയായിട്ടും എന്നാണ് ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ പ്രയോഗിക്കുന്നത്. ഗ്ലോബലൈസേഷന്‍ എന്ന വാക്ക്് ആഗോളീകരണം എന്നാണ് ചില മാധ്യമങ്ങള്‍ പ്രയോഗിക്കുന്നത്. എന്നാല്‍ ആഗോളവത്കരണം എന്നതാണ് ശരിയായ പ്രയോഗം. അത്തരത്തില്‍ വ്യാകരണം മാത്രം നോക്കിയല്ല ഭാഷയുടെ രാഷ്ട്രീയം നോക്കിയും പ്രയോഗങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. കറുപ്പ് എന്നത് മോശം എന്ന അര്‍ഥത്തില്‍ കറുത്ത ഞായര്‍ എന്നെല്ലാമുള്ള പ്രയോഗങ്ങളും കണ്ടുവരുന്നു. അമേരിക്ക ഇറാഖ് ആക്രമിച്ചപ്പോള്‍ അധിനിവേശമാണ് അമേരിക്ക നടത്തിയത് പക്ഷെ യുദ്ധമെന്ന് പ്രയോഗിച്ച് അതിനെ രണ്ട് പേര്‍ കൂടി കുറ്റക്കാരായ സംഭവമായി കാണുന്നു.

എം എസ് ശ്രീകല-ലൈംഗിക വാണിഭമാണെന്ന് കൃത്യമായി അറിയുമ്പോഴും മാധ്യമങ്ങള്‍ പെണ്‍വാണിഭം എന്ന പറയുന്നു. വിക്ടിം എന്ന പദത്തിന്റെ പരിഭാഷ എങ്ങനെയാണ് ഇരയെന്നാവുന്നത്. പ്രെ എന്ന വാക്കിന്റെ മാലയാളം തര്‍ജ്ജമയല്ലേ ഇര.

 

content highlights: Media language and culture, MBIFL 2020, P Rajeev , Rekha Raja,Suja Susan George