ആലപ്പുഴ: വര്‍ഗീയതയെന്ന ഇരുട്ടിനെ മറ്റൊരു വര്‍ഗീയതകൊണ്ട് നേരിടാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കപ്പെടണമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍. ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് എതിരായി രാജ്യത്ത് ന്യൂനപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കപ്പെടണം. മതനിരപേക്ഷമായാണ് വര്‍ഗീയത നേരിടേണ്ടത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായി 'അതിജീവിക്കുന്ന വാക്കുകള്‍' എന്ന വിഷയത്തില്‍ ആലപ്പുഴ എസ്.ഡി.കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുണ്ടായ സംഭവവികാസങ്ങളില്‍പ്പോലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. ഭൂരിപക്ഷ തീവ്രവാദികളില്‍നിന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുണ്ടായ വിഷയങ്ങളിലാണ് പൊതുസമൂഹം എതിര്‍പ്പുമായി രംഗത്തുവന്നത്. ന്യൂനപക്ഷ തീവ്രവാദികള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുന്നയിച്ച ഭീഷണികള്‍ ആരും കണ്ടില്ല. ഇതിനെതിരേ പ്രതികരണങ്ങളുമുണ്ടായില്ല.

ഗസല്‍ ഗായകന്‍ ഗുലാം അലിക്കെതിരേ ഭീഷണി ഉയര്‍ന്നപ്പോള്‍ മതനിരപേക്ഷമായിനിന്ന് അദ്ദേഹത്തിന് കേരളത്തില്‍ പാടുന്നതിന് അവസമൊരുക്കി കൊടുത്തു. എന്നാല്‍, ന്യൂനപക്ഷ തീവ്രവാദികളില്‍നിന്ന് ഭീഷണി നേരിടുന്ന മലാല യൂസഫ് സായ്, തസ്ലീമ നസ്രിന്‍ എന്നിവരുടെ പ്രശ്നങ്ങളെ കാണാതിരക്കുന്നത് ശരിയാണോ.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിക്കുമ്പോള്‍ മതനിരപേക്ഷമായി ഇവരും സാംസ്‌കാരിക സംഘടനകളാല്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സാമൂഹിക ഇടം ചുരുങ്ങിയതിനാലാണ് അങ്ങനെ നടക്കാത്തത്.

ജീവിക്കാനുള്ള അയിത്തം പൊതു ഇടങ്ങളില്‍നിന്ന് ഒരുപരിധിവരെ നീങ്ങി. എന്നാല്‍, മരണാനന്തര അയിത്തം ശക്തമായി നിലകൊള്ളുകയാണ്. ശവസംസ്‌കാരങ്ങളില്‍ ഇത് പ്രകടമാണ്. വിവിധ മതവിഭാഗങ്ങള്‍ അവരുടേതായ സ്ഥലങ്ങളിലാണ് ശവസംസ്‌കാരം നടത്തുന്നത്. പൊതുശ്മശാനം എന്ന തലത്തിലേക്കെത്താത്തത് സാമൂഹിക ഇടം വികസിക്കാത്തതിനാലാണ്.

ജനാധിപത്യരാജ്യത്ത് ദേശീയത മതത്തിന്റെ അടിസ്ഥാനത്തിലല്ല വേണ്ടത്. എല്ലാത്തരം ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ ദേശീയതയിലൂന്നുന്ന രാജ്യത്തിന് കഴിയണം. വിവിധ സ്വത്വങ്ങളിലുള്ള ജനതയാണ് രാജ്യത്തിലുള്ളത്. ഇവരുടെയെല്ലാം വിവിധ കാഴ്ചപ്പാടുകള്‍ സ്വീകരിക്കപ്പെട്ട് സാംസ്‌കാരിക വ്യത്യസ്തതകള്‍ അംഗീകരിക്കപ്പെടുമ്പോളാണ് ഇന്ത്യന്‍ ദര്‍ശനം നടപ്പാക്കപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ 'വിദ്യാധന്‍' ആണ് പരിപാടിയുടെ പ്രായോജകര്‍.

മാതൃഭൂമി അക്ഷരോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം ജില്ലയിലെ വിവിധ കോളേജുകളില്‍ നടത്തിയ സാഹിത്യ പ്രശ്‌നോത്തരി മത്സരത്തിലെ വിജയികള്‍ക്ക് ഹമീദ് ചേന്ദമംഗലൂര്‍ സമ്മാനങ്ങള്‍ നല്‍കി. എസ്.ഡി.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.ആര്‍.ഉണ്ണിക്കൃഷ്ണപിള്ള ആശംസ നേര്‍ന്നു.

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് അംഗം പ്രൊഫ.എസ്. രാമാനന്ദ്, ഹമീദ് ചേന്ദമംഗലൂരിന് ഉപഹാരം സമ്മാനിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. നെടുമുടി ഹരികുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ.എസ്.അജയകുമാര്‍നന്ദിയും പറഞ്ഞു.

തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ ജനുവരി 30, 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്ന മാതൃഭൂമി അക്ഷരോത്സവം പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷനും നടന്നു.

Content Highlights: MBIFL lecture series HameedChennamangaloor speech