'വാക്കിനോളം തൂക്കമില്ലീ-
യൂക്കന്‍ ഭൂമിക്കു പോലുമേ...'
എന്നെഴുതിയത് കവി കുഞ്ഞുണ്ണി മാഷാണ്. വാക്കാണ് വഴി; വാക്കുതന്നെയാണ് വെളിച്ചം; എത്തിച്ചേരേണ്ട ഇടവും വാക്കുതന്നെയാണ്. ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ടു വരെ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മൂന്നാം എഡിഷനില്‍ വാക്കുകള്‍ പൂക്കും; വിചാരങ്ങള്‍ വെണ്‍ചാമരം വീശും. ആരോഗ്യമുള്ള ഒരു ബഹുസ്വര സമൂഹത്തിന്റെ ലക്ഷണമായ തുറന്ന സംവാദങ്ങള്‍ നടക്കും.
കാവ്യാലാപനങ്ങളും കഥവായനകളും കാര്‍ട്ടൂണ്‍ വരകളും ഏകാംഗ ഭാഷണങ്ങളും കനകക്കുന്നിനെ സര്ഗസമ്പന്നമാക്കും.
നാലുനാള്‍ നീണ്ടുനില്‍ക്കുന്ന ഈ അക്ഷരോത്സവത്തില്‍ സാഹിത്യം മാത്രമല്ല ചര്‍ച്ചചെയ്യപ്പെടുക. പരിസ്ഥിതി, രാഷ്ട്രീയം, കായികം, ചരിത്രം. നരവംശ ശാസ്ത്രം, സിനിമ, സംഗീതം, ശാസ്ത്രീയസംഗീതം, നയതന്ത്രം, ജനാധിപത്യം, ഫാസിസം, ഭക്ഷണം, മിത്തോളജി, ഭരണം, ശാസ്ത്രം എന്നുതുടങ്ങി മനുഷ്യജീവിതത്തെയും ബുദ്ധിയെയും സ്പര്‍ശിക്കുന്ന എല്ലാ വിഷയങ്ങളും എട്ടുവേദികളില്‍ ചര്‍ച്ചചെയ്യപ്പെടും. അടുത്തുനിന്നു മാത്രമല്ല അതിരുകള്‍ക്കപ്പുറത്തുനിന്നും കനകക്കുന്നിലേക്ക് പ്രതിഭകള്‍ എത്തും. പുസ്തകം മണക്കുന്ന വഴികളില്‍ തലമുറകള്‍ സംഗമിക്കും. ദൂരെക്കണ്ട് ആരാധിച്ചവര്‍ അടുത്തെത്തും. മൂന്ന് വന്‍കരകള്‍ ഈ കൊട്ടാരവളപ്പില്‍ സംഗമിക്കും. അപ്പോള്‍ കനകക്കുന്ന് കൊട്ടാരത്തിന്റെ ചരിത്രത്തില്‍ കാലം കനകതൂലികകൊണ്ട് എഴുതും:
'അവരുടെ വാക്കുകളില്‍ ഇവിടെ പുതിയൊരു മാനവികത പുഷ്പിച്ചു.'
ചുരുങ്ങുന്ന ഇടങ്ങള്‍ അതിജീവിക്കുന്ന അക്ഷരങ്ങള്‍
'വാ ക്കിനോളം തൂക്കമില്ലീ- യൂക്കന്‍ ഭൂമി...
Content Highlights: Mathrubhumi literature festival 2020