തിരുവനന്തപുരം: ഗാന്ധിയെ വെടിവെച്ചു കൊന്നതിന്റെ പേരില്‍ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞ  ആര്‍എസ്എസ്  ഇന്ന് ഇന്ത്യന്‍ അധികാരം കൈയാളിയിരിക്കുകയാണെന്നും  ഇടതുപക്ഷത്തിന്റെ വീഴ്ച കൊണ്ടു കൂടിയാണ് ആര്‍എസ്എസ് നിയന്ത്രിത സര്‍ക്കാര്‍ നിലവില്‍ വന്നതെന്നും ചരിത്രകാരന്‍ ബി രാജീവന്‍.

തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതിന്റെ പ്രസക്തി, കേരളം ഇനിയും ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്തുണക്കുമോ' എന്ന വിഷയത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

60കളിലെ രാഷ്ട്രീയ മുന്നേറ്റത്തിനു ശേഷം കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം സ്തംഭനാവസ്ഥയിലാണ്. സാക്ഷരതാ മുന്നേറ്റമൊഴികെ കഴിഞ്ഞ 70 വര്‍ഷമായി നവ്വോത്ഥാന മുന്നേറ്റങ്ങള്‍ ഒന്നും കേരളത്തിലുണ്ടായില്ലെന്ന് രാഷ്ട്രീയ നിരീക്ഷന്‍ കെ വേണു അഭിപ്രായപ്പെട്ടു.
ഇന്ന് ഇടതുപക്ഷം ഗാന്ധിയെയും അംബേദ്കറെയും ഭരണഘടനയെയും കുറിച്ച് പറയുന്നു. ഒരുകാലത്ത് ഇടതുപക്ഷം സ്വീകരിച്ച നിലപാടില്‍ നിന്നുള്ള മാറ്റം കൂടിയാണ് കാണിക്കുന്നത്. അതിനെ ആ രീതിയില്‍ പരിവര്‍ത്തന പ്രക്രിയയായി കാണാമെന്ന് അശോകന്‍ ചരുവിലും വ്യക്തമാക്കി.

ചര്‍ച്ചയിലെ പ്രസക്ത ഭാഗങ്ങള്‍

ബി രാജീവന്‍: ഇടതുപക്ഷ രാഷ്ട്രീയം അപചയിച്ചു എന്ന് വളരെ കാലമായി പറഞ്ഞു വരുന്നതാണ്. ഇടതുപക്ഷത്തെ വിലയിരുത്തേണ്ടത് പാര്‍ട്ടികളുടെ അടിസ്ഥാനത്തിലല്ല. ഇടതുപക്ഷത്തിന്റെ ചുമതലയേറ്റെടുത്തത് അടിത്തട്ടിലുള്ള ജനങ്ങളാണ്. അടിയന്തരാവസ്ഥയുടെ കാലത്തിലായാലും തൊഴിലാളികളുടെ ആവശ്യങ്ങളിലായാലും ജനസഞ്ചയരാഷ്ട്രീയമാണ് ഷഹീന്‍ ബാഗില്‍ നടക്കുന്നത്. ഇടതുപക്ഷം എന്ന ആശയത്തെ ജനങ്ങള്‍ സ്വാംശീകരിക്കുന്നു എന്നാണ് തോന്നുന്നത്

ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളെ ഒഴിവാക്കുകയാണ്. പക്ഷെ ഷഹീന്‍ ബാഗിലെയും ജാമിയയിലെയും സ്ത്രീമുന്നേറ്റത്തില്‍ നിന്ന് ഇടതുരാഷ്ട്രീയ പാര്‍ട്ടികള്‍ പഠിക്കേണ്ടതുണ്ട്.
 ഗാന്ധിയെ വെടിവെച്ചു കൊന്നതിന്റെ പേരില്‍ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞ പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആ പ്രസ്ഥാനം ഇന്ന് ഇന്ത്യയുടെ അധികാരം കൈയാളിയിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ വീഴ്ച കൊണ്ടു കൂടിയാണ് ആര്‍എസ്എസ് നിയന്ത്രിത സര്‍ക്കാര്‍ നിലവില്‍ വന്നത്. നൂറ് വര്‍ഷമാകാന്‍ പോവുന്ന പ്രസ്ഥാനത്തിന് ഇന്ത്യന്‍ ജനഹൃദയങ്ങളില്‍ എന്ത് സ്ഥാനം നേടാനായി എന്നത് നാം ആലോചിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്തു പോവരുതെന്ന് പറഞ്ഞിരുന്നു. അങ്ങനെ പ്രത്യേക പാര്‍ട്ടിയായി മാറാതിരുന്നാല്‍ നിങ്ങള്‍ക്ക് ഇന്ത്യന്‍ ജനഹൃദയങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും ഗാന്ധി പറഞ്ഞു. ഗാന്ധിക്കറിയാമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇവിടുത്തെ ദരിദ്രനാരായണര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല എന്ന്. 1942ല്‍ നിങ്ങള്‍ ബ്രിട്ടീഷ് പക്ഷത്തേക്ക് പോവരുതെന്നും ഗാന്ധി പറഞ്ഞിരുന്നു. ഇടതുപക്ഷ മനോഭാവം ഗാന്ധിയില്‍ ആഴത്തിലുണ്ടായിരുന്നു. അതേസമയം ഗാന്ധിയെ ഇടതുപക്ഷം വിളിച്ചത് ബൂര്‍ഷ്വാ നേതാവ് എന്നാണ്. നമ്മള്‍ ഗാന്ധിയെയും നാരായണഗുരുവിനെയും വിവേകാനന്ദനെയും ഇപ്പോള്‍ മുന്നില്‍ നിര്‍ത്തുന്നു. ശ്രീനാരായണഗുരുവിനെ ബൂര്‍ഷ്വാസി എന്ന് വിളിച്ചു. കുമാരനാശാനെ ബൂര്‍ഷ്വാ കവി എന്നു വിളിച്ചു. ഇപ്പോള്‍ അത് തിരുത്തി ഗുരുവിനെയും മറ്റും സ്വീകരിക്കുന്നു. ആ രീതിയില്‍ നാടക സ്വഭാവം വരുന്നു പ്രസ്ഥാനത്തിന്.

കെ വേണു:  ഇടതുപക്ഷം എന്ന ആശയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പുള്ള ആശയമാണ്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അമ്പേ പരാജയപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍ മാത്രമാണുള്ളത്. വര്‍ഗ്ഗ സൈദ്ധാന്തിക ചട്ടക്കൂടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഈ അവസ്ഥയിലേക്കെത്തിച്ചത്. വര്‍ഗ്ഗരാഷ്ട്രീയത്തെ രൂപാന്തരപ്പെടുത്തി പ്രയോഗിക്കുന്നതിലും പരാജയമായിരുന്നു. അയ്യങ്കാളി നക്സല്‍ പ്രക്ഷോഭം 20ാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ കേരളത്തെ മാറ്റിമറിച്ച മുന്നേറ്റമാണ്. 60കളിലെ രാഷ്ട്രീയ മുന്നേറ്റത്തിനു ശേഷം കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം സ്തംഭനാവസ്ഥയിലാണ്. ഇടതുപക്ഷവും വലതുപക്ഷവും മാരിമാറി വരുന്നു എന്നല്ലാതെ, സാക്ഷരതാമുന്നേറ്റമൊഴികെ കഴിഞ്ഞ 70 വര്‍ഷമായി നവോത്ഥാന മുന്നേറ്റങ്ങള്‍ ഒന്നും കാണുന്നില്ല.

അശോകന്‍ ചെരുവില്‍- ഇടതുപക്ഷത്തെ നിര്‍ണയിക്കുന്നത്‌ അതതുകാലത്തെ വലതുപക്ഷത്തിന്റെ കൂടി സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ന് ഇടതുപക്ഷം ഗാന്ധിയെയും അംബേദ്കറെയും ഭരണഘടനയെയും കുറിച്ച് പറയുന്നു. ഒരുകാലത്ത് ഇടതുപക്ഷം സ്വീകരിച്ച നിലപാടില്‍ നിന്നുള്ള മാറ്റം കൂടിയാണ് കാണിക്കുന്നത്. അതിനെ ആ രീതിയില്‍ പരിവര്‍ത്തന പ്രക്രിയയായി കാണാമല്ലോ. ഇന്ത്യയിലെയും കേരളത്തിലെയും മുന്നണി രാഷ്ട്രീയവും കക്ഷി രാഷ്ട്രീയ ബന്ധങ്ങളും അടവുനയത്തിന്റെ ഭാഗമാണ്. നവോത്ഥാനത്തിന്റെ ഭാഗമായി രൂപവത്കരിക്കപ്പെട്ട ജാതി സംഘടനകള്‍ക്ക് സംഭവിച്ച അപചയം നാം ശ്രദ്ധിക്കേണ്ടതുണ്ട്.

Content Hhighlights: Left parties existence in Kerala, K Venu, Ashokan Cahruvil, B Rajeevan, MBIFL