ഭരണഘടനയുടെ ആമുഖത്തിൽ അഭിപ്രായപ്രകടനം, ചിന്ത, വിശ്വാസം, ആരാധന എന്നിവയ്ക്കൊക്കെയുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ, ചിലർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അവരുടെ ചിന്തകൾ മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു

ക്ഷരമില്ലാത്തതാണ് അക്ഷരം. അക്ഷരങ്ങളുടെ ശക്തി അടിവരയിടുന്നതാണ് ഇന്ത്യൻ സംസ്കൃതി. അസ്ഥിരമായതല്ല അത്, മന്ത്രത്തിന്റെ ശക്തിയുള്ളതാണ്.  മാന്ത്രികശക്തിയില്ലാത്ത ഒരുശബ്ദം പോലുമില്ല. ഔഷധമൂല്യമില്ലാത്ത വേരുകളോ കഴിവില്ലാത്ത മനുഷ്യരോ ഇല്ല. അതു തിരിച്ചറിയാനും ശരിയായി വിനിയോഗിക്കാനും കഴിവുള്ള മനുഷ്യർ കുറവാണ്. എന്നാൽ, ആ കഴിവ് തിരിച്ചറിഞ്ഞ് അതിനെ ഉപയോഗിക്കുകയാണ്  വേണ്ടത്.

സംസ്കൃതത്തിൽ അക്ഷരമെന്നാൽ നശിപ്പിക്കാനാവാത്തത് എന്നാണ് അർഥം. നാശമില്ലാത്ത അക്ഷരങ്ങളുടെ കൂട്ടമാണ് വാക്കുകൾ. ആ വാക്കുകളുടെ ശക്തി ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ്  ‘ആദിയിൽ വചനമുണ്ടായി, വചനം ദൈവത്തോടു കൂടിയായിരുന്നു, വചനം ദൈവമായിരുന്നു’ എന്ന് ബൈബിളിൽ പറയുന്നത്. ദൈവത്തിന്റെ ആദ്യസൃഷ്ടി തൂലികയാണെന്നാണ് ഇസ്‌ലാമിക പാരമ്പര്യം പറയുന്നത്.  ‘‘ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു. ഭൂമിശാസ്ത്രപരമായ ആരാധനമാത്രമല്ല അത്. ഈ മണ്ണിൽ ജനിക്കാൻ എനിക്കവസരം കിട്ടിയതുകൊണ്ടുമല്ല. നമ്മുടെ ഭാരതത്തിന്റെ മഹാത്മാക്കളായ മക്കളുടെ, ജ്ഞാനപൂർണമായ വാക്കുകളെ, കലുഷിതമായ കാലങ്ങളെ അതീജിവിക്കുന്നവിധം കാത്തുവെക്കുന്നു എന്നുള്ളതുകൊണ്ടാണ്’’ -എന്നാണ് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത്.

ലോകത്തിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് ഭാരതീയസംസ്കാരം. ‘ജ്ഞാനം’ ചേർന്നുനിൽക്കുന്ന സംസ്കാരമെന്ന ഖ്യാതി ഭാരതീയസംസ്കാരത്തിനുണ്ട്. ഭൗതികസ്വത്തുക്കളോ വലിയ മന്ദിരങ്ങളോ അല്ല ഈ സംസ്കാരത്തിന്റെ സവിശേഷത. അന്തമില്ലാത്ത ജ്ഞാനസപര്യയ്ക്കുവേണ്ടിയുള്ള സമർപ്പണവും ആ ജ്ഞാനം ലോകത്തിനും ഭാവി തലമുറയ്ക്കുംവേണ്ടി സംരക്ഷിക്കാനുള്ള അപൂർവമായ ശേഷിയുമാണത്. നമ്മുടെ ഐതിഹ്യങ്ങളിൽ ആഗ്രഹം നിവർത്തിക്കുന്ന കല്പതരുവിന്റെ ശിഖരത്തിലിരിക്കുന്ന കാകബുസുന്ധി എന്നൊരു കാക്കയുടെ കഥയുണ്ട്. കല്പതരു എല്ലാ ആഗ്രഹങ്ങളും നിവർത്തിക്കും. പക്ഷേ, കാക ബുസുന്ധിയുടെ പ്രാപഞ്ചികവും കാലാതിവർത്തിയുമായ ചോദ്യത്തിനുമാത്രം ഉത്തരം പറയാൻ കഴിയുന്നില്ല.

ക? ക? എന്നത്  സംസ്കൃതത്തിൽ എന്ത്, ഏത് എന്നിങ്ങനെയുള്ള ജിജ്ഞാസയെ സൂചിപ്പിക്കുന്നതാണ്.  ‘ക’ എന്നതൊരു ചോദ്യമാണ്. അതോടൊപ്പം ആശ്ചര്യവും. ‘ക’ എന്നത് ഹിന്ദുമതം ദൈവത്തിനു ആദ്യം നൽകിയ പേരുകളിലൊന്നാണ്. കാലാതീതമായി നിലനിൽക്കുന്ന ഭാരതീയസംസ്കാരത്തിന്റെ രഹസ്യത്തെക്കുറിച്ച് ധാരാളം പണ്ഡിതന്മാർ, പ്രത്യേകിച്ച് ഇൻഡോളജിസ്റ്റുകൾ ആശ്ചര്യപ്പെട്ടിട്ടുണ്ട്. അവർ അതേക്കുറിച്ച് സിദ്ധാന്തങ്ങൾക്ക് രൂപം നൽകി. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ‘ക’യിലാണ് നമ്മുടെ സംസ്കാരത്തിന്റെ കാലാതിവർത്തിത്വവും നൈരന്തര്യവും കുടികൊള്ളുന്നത്.

മാതൃഭൂമി അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനം അഭിസംബോധന ചെയ്യാനായതിൽ സന്തോഷമുണ്ട്. കാരണം, നിങ്ങൾ അക്ഷരങ്ങളുടെ പ്രസക്തിയെ ഉദ്‌ഘോഷിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. സാഹിത്യത്തെയും വാക്കുകളെയും ആഘോഷത്തിലേക്ക് നയിക്കുന്നത് അതാണ്. ഒരു പരിഷ്കൃത ലോകത്തു ജീവിക്കാൻ അതങ്ങേയറ്റം അനിവാര്യവുമാണ്. ചുരുങ്ങുന്ന ഇടങ്ങളെക്കുറിച്ചും ചിലതു പറയാനാഗ്രഹിക്കുന്നു. ഇടങ്ങൾ ചുരുങ്ങുന്നതൊരു പുതിയ പ്രതിഭാസമല്ല. ആധുനികലോകത്തിന് കൈമാറിക്കിട്ടിയത് ഇടുങ്ങിയ ഒരിടമാണ്. അതു മെല്ലെമെല്ലെ വികസിക്കുകയും വിശാലമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.  

ദൈവനിന്ദയ്ക്ക് സംസ്കൃതത്തിൽ പ്രത്യേകപദമില്ലെന്നത് ശരിയാണ്. പക്ഷേ, ദൈവനിന്ദയുടെയും പൈതൃക നിഷേധത്തിന്റെയും പേരിൽനടന്ന കുറ്റകൃത്യങ്ങൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ചിലയിടത്ത് അതിപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ജനുവരി 30-ന് കേരളത്തിലെ പത്രങ്ങളിൽ വന്ന ഒരു വാർത്തയുണ്ട്.  മറ്റുള്ളവർക്ക് നരകം സൃഷ്ടിച്ചുകൊണ്ട് നമുക്ക് സ്വർഗം നേടാമെന്നു വിശ്വസിക്കുന്ന ചില മതഭ്രാന്തന്മാരാൽ കൈപ്പത്തി വെട്ടിമുറിക്കപ്പെട്ട പ്രൊഫ. കെ.ടി. ജോസഫിനോട് കുഞ്ഞുമുഹമ്മദ് എന്ന മലയാളി പണ്ഡിതൻ നടത്തിയ ക്ഷമാപണമായിരുന്നു അത്. ആ കുറ്റകൃത്യം നടന്ന് പത്തുവർഷമായിട്ടും അപലപിക്കേണ്ടവർ അതു ചെയ്യാത്തതിൽ കുഞ്ഞുമുഹമ്മദ് ദുഃഖം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ അയൽരാജ്യത്ത് ദൈവനിന്ദ കുറ്റം ആരോപിക്കപ്പെട്ടവരെ കോടതി വെറുതേവിട്ടാൽ പോലും ആ രാജ്യത്ത് ജീവിക്കാനാവില്ലെന്ന്. ആരോപണവിധേയരായവർ മാത്രമല്ല അവരെ കുറ്റവിമുക്തരാക്കുന്ന ന്യായാധിപന്മാർപോലും ആക്രമിക്കപ്പെടുന്നു.

ഇടം ചുരുങ്ങുന്നത്‌ ഞാനും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞമാസം കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിൽ നടന്ന സംഭവങ്ങൾ നിങ്ങൾക്കറിയാമായിരിക്കും. നേരത്തേ പറഞ്ഞതുപ്രകാരം ആ ചടങ്ങിന്റെ ദൈർഘ്യം ഒരുമണിക്കൂറായിരുന്നു. ആരൊക്കെ സംസാരിക്കണമെന്നും നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിലുൾപ്പെടാത്തവർ മൈക്കിനുമുമ്പിലെത്തി കശ്മീർ വിഷയത്തിലും പൗരത്വനിയമഭേദഗതിയിലും കേന്ദ്രസർക്കാരിനെ വിമർശിച്ച് ഒന്നരമണിക്കൂർ പ്രഭാഷണം നടത്തി. അവർ എനിക്കുനേരെ ചോദ്യങ്ങൾ ഉന്നയിച്ചു. അവർ എന്നിൽനിന്ന് ഉത്തരം തേടുന്നുവെന്നാണ് സ്വാഭാവികമായും ഞാൻ കരുതിയത്. അതിനാൽ, മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗത്തിൽനിന്ന് എനിക്ക് വ്യതിചലിക്കേണ്ടിവന്നു. എന്നാൽ, ഏതാനും നിമിഷങ്ങൾക്കകം ആ പ്രാസംഗികർ എന്റെ നേരെ കുതിച്ചെത്തുന്നതാണ് കണ്ടത്. എന്റെ മറുപടി കേൾക്കാൻ അവർ വിസമ്മതിച്ചു. അവർ സംഘർഷസാഹചര്യം ഉണ്ടാക്കിയതിനാൽ എനിക്ക് പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടിവന്നു.
കണ്ണൂരിൽ മാത്രമല്ല ഇതുണ്ടായത്. 1986-ൽ ശാബാനു കേസിന്റെ കാര്യത്തിൽ അന്നത്തെ സർക്കാരിനോട് പ്രതിഷേധിച്ചപ്പോൾ ഇതിലും മോശമായ സംഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.  എന്റെ പ്രവൃത്തി സമുദായത്തെ പ്രകോപിപ്പിച്ചെന്നും അതിനാൽ എന്നെ എന്റെ മണ്ഡലത്തിൽ പ്രവേശിപ്പിക്കരുതെന്നും വ്യക്തിനിയമബോർഡിലെ അംഗമായ ഒരുനേതാവ് പ്രസ്താവനയിറക്കി. നേരത്തേ സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്‌ദിനവുമൊക്കെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത നേതാവായിരുന്നു ഇദ്ദേഹം. ഞാൻ മന്ത്രിസ്ഥാനം രാജിവെച്ചതിനുശേഷം മണ്ഡലത്തിലെത്തിയപ്പോൾ അവരെന്നെ വഴിതടയുകയും ആക്രമിക്കുകയും ചെയ്തു. ആ അക്രമത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കുണ്ടായി. ചില പോലീസുകാർക്ക് മൂന്നുമാസത്തിലേറെ ആശുപത്രിയിൽ കഴിയേണ്ടിവന്നു.
ഇടം ചുരുങ്ങുന്നതിന്റെ ഏറ്റവും മോശപ്പെട്ട അനുഭവം എനിക്കുണ്ടായത് 1987-ലാണ്. അന്ന് എന്റെ ഒരു ബന്ധു, അവരുടെ മകന്റെ വിവാഹത്തിനു ക്ഷണിക്കാൻ ഡൽഹിയിലെത്തി. ക്ഷണിച്ചു മടങ്ങിപ്പോകുന്നതിനുമുമ്പ് അദ്ദേഹം ശാന്തനായി എന്നോടു പറഞ്ഞു. വിവാഹച്ചടങ്ങിലേക്ക് കുടുംബത്തെ നിർബന്ധമായും വിടണം. ഞാനവിടെെയത്തിയാൽ ചിലർ പ്രശ്നമുണ്ടാക്കുമെന്നതുകൊണ്ട് വിവാഹത്തിനു വരരുതെന്ന സൂചനയും അദ്ദേഹം നൽകി. ഇടങ്ങൾ ചുരുങ്ങുന്നതിന് ആരാണുത്തരവാദിയെന്ന് നിങ്ങളാണു തീരുമാനിക്കേണ്ടത്. ചില ആളുകളുണ്ട്, അവരുടെ അഭിപ്രായങ്ങൾ പറയാനും വികാരങ്ങൾ പ്രകടിപ്പിക്കാനും അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവർ. എന്നാൽ, ഇതിനോട് മറ്റുള്ളവർ പ്രതികരിക്കുകയോ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുമ്പോൾ അതവരെ മുറിപ്പെടുത്തുന്നതാണെന്ന് വിശ്വസിക്കാൻ പ്രത്യേകം അവകാശമുണ്ടെന്നു കരുതുന്നവർ. ഇത് കാപട്യവും ഇരട്ടത്താപ്പുമാണ്.  

ഭരണഘടനയുടെ ആമുഖത്തെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. ഭരണഘടനയുടെ ആമുഖത്തിൽ അഭിപ്രായപ്രകടനം, ചിന്ത, വിശ്വാസം, ആരാധന എന്നിവയ്ക്കൊക്കെയുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ, ചിലർ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ അവരുടെ ചിന്തകൾ മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ നമുക്ക് എല്ലാ അവകാശങ്ങളുമുണ്ട്. അതു മറ്റുള്ളവർ സ്വീകരിച്ചില്ലെന്ന കാരണത്താൽ ജനജീവിതം തടസ്സപ്പെടുത്താനുള്ള അവകാശം നമുക്കില്ല. ഒരു വ്യക്തിയെയോ സംഘടനയെയോ അവർ ആരാധിക്കുന്ന ചങ്ങലകളിൽനിന്ന് മോചിപ്പിക്കാനാവില്ല.

ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നവരാണ് നമ്മൾ. അതിജീവിക്കുന്ന അക്ഷരങ്ങൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും അതിലുണ്ട്. എന്നാൽ, ഇതിലെല്ലാമുപുരി ആത്മാവിന്റെ സ്വാതന്ത്ര്യത്തിലുള്ള വിശ്വാസമാണത്. ആ സ്വാതന്ത്ര്യമാണ് നമ്മുടെ സംസ്കാരത്തിന് ചൈതന്യവും നൈരന്തര്യവും പ്രദാനം ചെയ്യുന്നത്. നിങ്ങളതിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ സ്വാതന്ത്ര്യങ്ങളൊന്നും മറ്റുള്ളവരുടെ ഇച്ഛയ്ക്കനുസരിച്ചാവില്ല. കാപട്യത്തിന്റെയും ഇരട്ടത്താപ്പിന്റെയും അസാന്നിധ്യമാണ് ആത്മാവിന്റെ സ്വാതന്ത്ര്യമെന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. മറ്റുള്ളവർക്ക് വിധേയമാകാത്ത ഭൗതികമായ അന്തസ്സാണത്.

സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ നമുക്കുവേണ്ടത് ശക്തിയാണ്. ആ ശക്തി ഭൗതിക വീര്യമല്ല. സാമ്പത്തിക അധികാരത്തിൽനിന്നുള്ളതുമല്ല. അത് ധാർമിക ശക്തിയാണ്. മൂല്യങ്ങളിലും തത്ത്വങ്ങളിലുമുള്ള ഉറച്ച ബോധ്യമാണ്. ആ ബോധ്യം ഉയർത്തിപ്പിടിക്കാനായി എന്തും ത്യജിക്കാനുള്ള സന്നദ്ധതയാണ്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു...’