ന്യൂഡല്‍ഹി: സര്‍ഗാത്മകമായ ഡല്‍ഹി ജീവിതത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍ക്ക് യാത്രാമൊഴിയെഴുതി നാട്ടിലേക്ക് മടങ്ങുകയാണ് സച്ചിമാഷ് എന്ന കവി കെ. സച്ചിദാനന്ദന്‍.

തലസ്ഥാനത്തെ സാംസ്‌കാരിക കാലത്തിന്റെ അടയാളമായി മാറിയ ഈ മുപ്പത് വര്‍ഷങ്ങളില്‍, സച്ചിദാനന്ദന്‍ മലയാളത്തിന് മാത്രമല്ല, മറ്റ് ഇന്ത്യന്‍ ഭാഷകള്‍ക്കും വിദേശ ഭാഷകള്‍ക്കും സ്വന്തമായി. പല ജീവിതം കണ്ട്, പല ഭാഷകളറിഞ്ഞ്, പല സംസ്‌കാരങ്ങള്‍ തൊട്ട് സച്ചിദാനന്ദന്‍ നടത്തിയ യാത്രകളും ഇടപെടലുകളും ഇന്ത്യന്‍ രാഷ്ട്രീയ-സാംസ്‌കാരിക കാലത്തിന്റെ വഴിയടയാളങ്ങളാണ്.

''വന്ന കേരളത്തിലേക്കല്ല ഞാന്‍ തിരിച്ചു പോകുന്നത്, വന്ന ഞാനുമല്ല തിരിച്ചു പോകുന്നത്. മാറിയ ഞാനാണ് മടങ്ങുന്നത്, മാറിയ കേരളത്തിലേക്കാണ് മടക്കം. നാട്ടിലേക്കും വീട്ടിലേക്കുമുള്ള മടക്കത്തിന് തൊട്ടു തലേ ദിവസം മധുവിഹാറിലുള്ള നീതി അപ്പാര്‍ട്ട്മെന്റിലെ വീട്ടിലിരുന്ന് 'മാതൃഭൂമി' യുമായി സംസാരിക്കുമ്പോള്‍ സച്ചിദാനന്ദന്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളും ഡല്‍ഹിയുടെ മാറിയ രാഷ്ട്രീയ-സാമൂഹികാന്തരീക്ഷങ്ങളും ഡല്‍ഹി വിടാന്‍ എടുത്ത തീരുമാനത്തിന് പിന്നിലുണ്ടെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

വ്യാഴാഴ്ച സച്ചിദാനന്ദന്‍ ഡല്‍ഹി വിട്ട് കൊച്ചിയിലേക്ക് മടങ്ങും. മകളുടെ വീട്ടില്‍ ഒരു മാസത്തോളം തങ്ങിയ ശേഷം തൃശ്ശൂരിലെ വടൂക്കരയില്‍ വാങ്ങിയ പുതിയ വീട്ടില്‍ താമസമുറപ്പിക്കും. സച്ചിദാനന്ദന്‍ ഡല്‍ഹി ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു.

ഡല്‍ഹി ജീവിതത്തെക്കുറിച്ച് എന്ത് തോന്നുന്നു

ഡല്‍ഹിയില്‍ ഇപ്പോള്‍ മുപ്പത് വര്‍ഷമായി. 1992- ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ പത്രാധിപരായാണ് ഡല്‍ഹിയില്‍ എത്തിയത്. 1994-ല്‍ സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി. 2006-ല്‍ വിരമിച്ചു. വിരമിച്ചശേഷം പത്തുവര്‍ഷത്തോളം സര്‍ഗാത്മക രംഗത്ത് വിവിധ മേഖലകളില്‍ ജോലിചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ കണ്‍സള്‍ട്ടന്റ്, പ്രസാധനശാലകളില്‍ പത്രാധിപര്‍ തുടങ്ങി എഴുത്തുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. എഴുപതുവയസ്സുവരെ ജോലിചെയ്തശേഷം എഴുത്തിലേക്കും വായനയിലേക്കും മടങ്ങി.

ഡല്‍ഹി ജീവിതം എഴുത്തിനെ, വായനയെ, കാഴ്ചപ്പാടുകളെ എങ്ങനെ സ്വാധീനിച്ചു

ഡല്‍ഹിയില്‍ എത്തിയ ശേഷം എന്റെ എഴുത്തിന്റെ ദിശ മാറിയിട്ടുണ്ട്. ഡല്‍ഹിയില്‍ വരുന്ന എല്ലാവര്‍ക്കും ഉണ്ടാകുന്നതുപോലെ കാഴ്ചപ്പാട് വിശാലമായിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തുന്നവര്‍ കോസ്‌മോപൊളിറ്റനാകും. കേരളത്തില്‍ ഇരിക്കുമ്പോള്‍ പരിമിതികളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയം, അതിന്റെ ചുറ്റുവട്ടം എന്നിവയില്‍ പരിമിതപ്പെടും. ദേശീയം എന്ന കാഴ്ചപ്പാടുണ്ടാകാന്‍ ഡല്‍ഹി സഹായിച്ചിട്ടുണ്ട്. രാഷ്ട്രീയമായാലും സാമൂഹികമായാലും സാംസ്‌കാരികമായാലും വിശാലമായ കാഴ്ചപ്പാടുണ്ടാകാന്‍ സഹായിച്ചു. ഇന്ത്യയില്‍ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ചു. എല്ലാ എഴുത്തുകാരുമായും ചങ്ങാത്തമായി. ഇവിടെ വന്നതുകൊണ്ടാണ് ഇത്രയും വിദേശ യാത്രകള്‍ സാധിച്ചത്. ആറ് ഭൂഖണ്ഡങ്ങളിലായി 30-40 രാജ്യങ്ങളില്‍ കവിത വായനയും പ്രഭാഷണവുമായി യാത്ര ചെയ്തു. എന്റെ അവസാനത്തെ യാത്ര മാസിഡോണിയയിലേക്കായിരുന്നു. കോവിഡ് രോഗം പരക്കും മുമ്പ്.

എഴുത്ത് ജീവിതം കൂടുതല്‍ വിപുലീകരിക്കാന്‍ ഡല്‍ഹി ജീവിതം എത്രത്തോളം സഹായിച്ചിട്ടുണ്ട്

പല ഭാഷകള്‍ സംസാരിക്കുന്നവരുടെയും പല സ്ഥലങ്ങളില്‍നിന്ന് എത്തുന്നവരുടെയും നഗരമാണ് ഡല്‍ഹി. അവര്‍ പരസ്പരം നല്‍കുന്ന ബഹുമാനം പ്രധാനമാണ്. സഹിഷ്ണുതയെക്കാള്‍ അത് ബഹുമാനമാണ്. ഒത്തിരി സങ്കുചിത ചിന്തകളില്‍നിന്ന് ഞാന്‍ ഡല്‍ഹി ജീവിതത്തിലൂടെ മോചനം നേടിയിട്ടുണ്ട്. വിവിധ ഭാഷകളില്‍ പ്രാവീണ്യം ലഭിച്ചു. പരിഭാഷകള്‍ക്ക് കൂടുതല്‍ വ്യാപ്തിയും ആഴവും ലഭിച്ചു. മറ്റ് ഭാഷകളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും അറിവ് ലഭിച്ചു. മലയാളത്തെക്കുറിച്ച് എനിക്ക് ആദരമുണ്ട്. അതുപോലെത്തന്നെ മറ്റ് ഭാഷകളിലുള്ള സാഹിത്യവും വലിയതാണെന്ന് തിരിച്ചറിഞ്ഞു. നമ്മളാണ്, മലയാളികളാണ് ഏറ്റവും വലിയ സംസ്‌കൃതരായ സമൂഹം, നമ്മുടേതാണ് ഏറ്റവും വലിയ സാഹിത്യം തുടങ്ങിയ സങ്കുചിതത്വങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ദൗര്‍ബല്യങ്ങള്‍ കാണാന്‍ പറ്റി. കേരളത്തില്‍ ഇരുന്നാല്‍ കാണാന്‍ കഴിയാത്ത ചില ദൗര്‍ബല്യങ്ങള്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. കേരളത്തിന് പുറമേ പുരോഗമനച്ഛായയും അകത്ത് ആഴത്തിലുള്ള യാഥാസ്ഥിതികത്വവുമുണ്ട്. ജാതിബോധം വളരെ ആഴത്തിലുണ്ട്. അത് അവിടെ നിന്നാല്‍ അത്ര ആഴത്തില്‍ കാണാന്‍ കഴിയില്ല.

സച്ചിദാനന്ദന്‍ വരുമ്പോള്‍ കണ്ട ഡല്‍ഹിയല്ല ഇപ്പോള്‍. ഡല്‍ഹി ഏറെ മാറിപ്പോയി. എങ്ങനെ കാണുന്നു

ഡല്‍ഹി വളരെയധികം മാറി. കുടിയേറ്റക്കാരുടെ എണ്ണം കൂടി. 2014 മുതല്‍ സാംസ്‌കാരികമായി പിന്നാക്കം പോക്കുണ്ട്. കോണ്‍ഗ്രസ് ഉണ്ടായിരുന്ന കാലത്ത് ലിബറല്‍ കാഴ്ചപ്പാടുണ്ടായിരുന്നു. ഓപ്പണായിരുന്നു. സാംസ്‌കാരികരംഗത്ത് ഇടപെടല്‍ ഉണ്ടായിട്ടില്ല. പക്ഷേ, അത് ഇപ്പോള്‍ പതിവായിരിക്കുന്നു. നെഹ്രു ഉണ്ടാക്കിയ സംസ്‌കാരിക സ്ഥാപനങ്ങളൊക്കെ നശിച്ചുകഴിഞ്ഞു. വലിയ തോതിലുള്ള അപചയം സാംസ്‌കാരിക രംഗത്തുണ്ടായിരിക്കുന്നു. എനിക്ക് സാംസ്‌കാരികവും സ്പിരിച്വലുമായ ഒരു ശ്വാസംമുട്ടലുണ്ട്. ഡല്‍ഹിയില്‍ ഭയത്തിന്റെ അന്തരീക്ഷമുണ്ട്. അത് പലരെയും നിശ്ശബ്ദരാക്കിയിട്ടുണ്ട്. ഞാന്‍ വന്നപ്പോഴുണ്ടായിരുന്ന തുറന്ന ഡല്‍ഹി അല്ല ഇപ്പോഴുള്ളത്. ഓരോയിടത്തും അധികാരം കടന്നുവരുന്ന അവസ്ഥയാണിപ്പോള്‍. ഡല്‍ഹി വിടാനുള്ള കാരണം വ്യക്തിപരമാണ്. എന്നാല്‍, ആ തീരുമാനത്തെ ഇത്തരം കാര്യങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്.

മടങ്ങിപ്പോകുന്ന കേരളവും മാറിയിട്ടുണ്ട്. എന്ത് തോന്നുന്നു?

കേരളവും മാറിപ്പോയി. മാറിയ കേരളവുമായി പൊരുത്തപ്പെടുക എന്ന കാര്യം അവിടെ ചെന്നാലേ പറയാന്‍ കഴിയൂ. രണ്ട് മനസ്സുമായാണ് ഞാന്‍ പോകുന്നത്. ഡല്‍ഹി വിടുമ്പോള്‍ സാംസ്‌കാരികനഷ്ടങ്ങളുണ്ട്. ഒരുഭാഗത്ത് നഷ്ടബോധമുണ്ട്. ഉത്കണഠകളുമുണ്ട്. എന്നാല്‍, കേരളത്തിലേക്ക് മടങ്ങുന്നു എന്നതില്‍ പ്രത്യാശകളുമുണ്ട്. കേരളത്തില്‍ ഞാന്‍ വിട്ടു പോന്ന കാലത്തെക്കാള്‍ വര്‍ഗീയത കൂടിയിട്ടുണ്ട്. തീര്‍ച്ചയായും പ്രയാസപ്പെടുത്തുന്ന കാര്യമാണത്.