ഭ്യന്തര ക്രിക്കറ്റിലെ സ്ഥിരിതയാര്‍ന്ന പ്രകടനം മാത്രമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയെന്ന് ബി.സി.സി.ഐ. മുന്‍ സെക്രട്ടറി എസ്. കരുണാകരന്‍ നായര്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ക്രിക്കറ്റ് നീണാല്‍ വാഴുമോ എന്ന ചര്‍ച്ചയില്‍ മുന്‍ ക്രിക്കറ്റര്‍ ജെ.കെ. മഹീന്ദ്ര, പരിശീലകന്‍ പി. ബാലചന്ദ്രന്‍, മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം ടിനു യോഹന്നാന്‍ എന്നിവര്‍ പങ്കെടുത്തു. മാതൃഭൂമിയിലെ മുതിര്‍ന്ന സ്‌പോര്‍ട്‌സ് ലേഖകനും ചീഫ് സബ് എഡിറ്ററുമായ കെ. വിശ്വനാഥ് മോഡറേറ്ററായി. 

പരിശീലന പദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് പി. ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രായോഗിക തന്ത്രങ്ങള്‍ മാത്രമായാല്‍ എല്ലാ ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനാകില്ല. അതിന് സാങ്കേതിക അടിത്തറയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ദീര്‍ഘ ഓവര്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചാല്‍ മാത്രമേ കളിക്കാര്‍ക്ക് സ്വയം പരുവപ്പെടുത്താന്‍ അവസരം ലഭിക്കൂവെന്ന് ജെ.കെ. മഹീന്ദ്ര നിര്‍ദേശിച്ചു.

ഗാംഗുലിക്കും സച്ചിനുമൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചത് സ്വപ്‌നസാക്ഷാത്കാരമായിരുന്നുവെന്ന് ടിനു യോഹന്നാന്‍ അനുഭവങ്ങളെ ഓര്‍ത്തെടുത്തുകൊണ്ട് പറഞ്ഞു. അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ പുതിയ താരങ്ങള്‍ ശ്രദ്ധിക്കണം. രഞ്ജി ട്രോഫിയില്‍ കേരളം കൂടുതല്‍ ഉണര്‍ന്ന് കളിച്ചാല്‍ മാത്രമേ ദേശീയ ടീമിലേക്ക് കൂടുതല്‍ താരങ്ങളെ അയക്കാന്‍ പറ്റൂവെന്നും ടിനു പറഞ്ഞു.

Content Highlights: Kerala Cricket, BCCI, Renji Trophy