യുദ്ധങ്ങള്‍ക്ക് ചരിത്രത്തെ രൂപപ്പെടുത്തുന്നതില്‍ നര്‍ണായക പങ്കുണ്ടെന്ന് ചരിത്രകാരന്‍ സുദീപ് ചക്രവര്‍ത്തി. ചില യുദ്ധങ്ങള്‍ നടന്നില്ലായിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നായിത്തീരുമായിരുന്നു, ചരിത്രം കറുപ്പും വെളുപ്പും മാത്രമല്ലെന്നും സുദീപ് ചക്രവര്‍ത്തി പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഇന്ത്യയെ രൂപപ്പെടുത്തിയ യുദ്ധങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുദീപ് ചക്രവര്‍ത്തി. അദ്ദേഹത്തോടൊപ്പം പ്രശസ്ത ചരിത്രകാരനും അധ്യാപകനുമായ സലില്‍ മിശ്രയും സംഭാഷണത്തില്‍ പങ്കെടുത്തു.

യുദ്ധങ്ങള്‍ സൈന്യങ്ങള്‍ തമ്മില്‍ മാത്രമല്ലെന്നും ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ ജനങ്ങള്‍ തമ്മിലായിരുന്നുവെന്നും സലില്‍ മിശ്ര അഭിപ്രായപ്പെട്ടു. യുദ്ധങ്ങള്‍ ജനങ്ങളും സാമ്പത്തിക ഘടകങ്ങളും സാംസ്‌കാരികവും വര്‍ഗപരവുമായ വൈവിധ്യങ്ങള്‍ തമ്മിലും ഉണ്ടായതായും സലില്‍ മിശ്ര പറഞ്ഞു. ഒന്നാം ലോകയുദ്ധം രാജ്യത്തെ വളരെയധികം മാറ്റങ്ങള്‍ക്ക് വിധേയമാക്കി. രണ്ടാം ലോക യുദ്ധം വലിയതോതില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. സാമ്പത്തിക ഘടകങ്ങള്‍ക്ക് യുദ്ധവുമായി ബന്ധമുണ്ടാകുന്നത് മുഖ്യമായും രണ്ടാം ലോകയുദ്ധത്തിന് ശേഷമാണ്. ഇരുപത്തിയഞ്ച് ലക്ഷം ഇന്ത്യക്കാരാണ് രണ്ടാം ലോക യുദ്ധത്തില്‍ പങ്കെടുത്തത്. അത് ഇന്ത്യയ്ക്ക് നിലവിലുണ്ടായിരുന്ന സൈന്യത്തെക്കാള്‍ അധികമായിരുന്നു.- സലില്‍ മിശ്ര പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തെ മാറ്റിമറിച്ച പാനിപ്പത്ത് യുദ്ധങ്ങള്‍, പ്ലാസി യുദ്ധം ബക്സര്‍ യുദ്ധം എന്നിവയും ലോകയുദ്ധങ്ങള്‍ക്കും ശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ യുദ്ധങ്ങളും  ചര്‍ച്ചാ വിഷയമായി. 1971ലെ യുദ്ധം രണ്ട് രാജ്യങ്ങളെ മൂന്നാക്കി മാറ്റിയതും ചരിത്രകാരന്മാര്‍ സംഭാഷണ വിധേയമാക്കി. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ വേരുറപ്പിക്കുന്നത് പ്ലാസിയുദ്ധത്തിലൂടെയാണ്. ഫലഭൂയിഷ്ടമായ ബംഗാള്‍ നേടിയെടുത്ത് ഇന്ത്യയെ സ്വന്തമാക്കുന്നതില്‍ ബ്രിട്ടീഷുകാരെ സഹായിച്ചു.

യുദ്ധങ്ങള്‍ രാജ്യങ്ങളെ ശക്തമാക്കുന്നവെന്നും എന്നാല്‍ മനുഷ്യനെ വര്‍ഗപരമായ കൂടുതല്‍ അകറ്റുന്നുവെന്നും സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തകം അത് കൂട്ടുകയാണെന്നും സലില്‍ മിശ്ര അഭിപ്രായപ്പെട്ടു. രണ്ടാം ലോക യുദ്ധം വ്യവസായങ്ങളെ ത്വരിതപ്പെടുത്തിയതായും വ്യവസായികള്‍ക്ക് കൂടുതല്‍ ഉത്പാദനം നടത്താന്‍ അവസരമൊരുക്കിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുപ്പത് ലക്ഷം ജനങ്ങള്‍ പട്ടിണികിടന്നു മരിച്ച ബംഗാള്‍ ക്ഷാമം ലോകയുദ്ധത്തിന്റെ സൃഷ്ടിയായിരുന്നു. സമ്പന്നരായിരുന്ന കര്‍ഷകര്‍ പട്ടിണി കിടന്നു മരിച്ചത് ബ്രിട്ടീഷുകാരുടെ യുദ്ധക്കൊതിമൂലമായിരുന്നു. യൂറോപ്പിലെ യുദ്ധങ്ങളുടെ ബാക്കിപത്രവും ഇന്ത്യയില്‍ നടന്നു. കോളണികളെ ഭരിച്ചിരുന്ന ബ്രിട്ടീഷ്-ഫ്രഞ്ച് യുദ്ധങ്ങളും ഇന്ത്യയില്‍ ഇന്ത്യയുടേതല്ലാതെ നടന്നു.

ചരിത്ര സംവാദത്തെ നിറഞ്ഞ സദസ് സുദീര്‍ഘമായ ചോദ്യങ്ങളാലാണ് സ്വീകരിച്ചത് ഓരോ ചോദ്യത്തിനും ചരിത്രകാരന്മാര്‍ മറുപടി പറഞ്ഞു. യുവാക്കളുടെ സാന്നിധ്യവും ചരിത്ര സംഭാഷണത്തെ കരുത്തുറ്റതാക്കി.

Content Highlights: History talk MBIFL 2020