തിരുവനന്തപുരം: താനേ തിരിഞ്ഞും മറിഞ്ഞും'- കണ്ണുകളിറുക്കിയടച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍ പാടിത്തുടങ്ങിയപ്പോള്‍ സദസ്സില്‍നിന്നു കൈയടികളുടെ തിരമാല. തുടര്‍ന്ന് 'കനകമുന്തിരികളു'മായി രശ്മി സതീഷ്. ഏറ്റവുമൊടുവില്‍ 'നിലാപൊങ്കലായേലോ' എന്ന ഗാനവുമായി ജോബ് കുര്യന്‍ കൂടിയെത്തിയതോടെ അക്ഷരോത്സവം ജുഗല്‍ബന്ദിയായി മാറി. 'സിനിമയ്ക്കപ്പുറം സംഗീതം വേരുറപ്പിക്കുമ്പോള്‍' എന്ന വിഷയത്തില്‍ നടന്ന സംവാദത്തിനിടെയാണ് യുവഗായകര്‍ ഗാനവിരുന്നൊരുക്കിയത്.

സംഗീതനിരൂപകനും ക്ലബ്ബ് എഫ്.എം. സംഗീത ഗവേഷണവിഭാഗം തലവനുമായ രവി മേനോന്‍ മോഡറേറ്ററായ സംവാദത്തില്‍ ഗാനങ്ങള്‍ക്കപ്പുറം ഗൗരവമേറിയ ചര്‍ച്ചകളും നടന്നു. സിനിമാപ്പാട്ടുകള്‍ കേട്ടുവളര്‍ന്നയാളാണ് താനെന്ന് ചര്‍ച്ച തുടങ്ങിവച്ചുകൊണ്ട് ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു. പാടുന്നത് കൂടുതല്‍പ്പേര്‍ കേള്‍ക്കണമെന്നും ആസ്വദിക്കണമെന്നും നിര്‍ബന്ധമുള്ളയാളാണ് താന്‍. അതുകൊണ്ടാണ് എല്ലാവര്‍ക്കുമിഷ്ടപ്പെട്ട സിനിമാഗാനങ്ങള്‍ പാടാന്‍ തിരഞ്ഞെടുക്കുന്നത്. ഒറിജിനല്‍ ഗാനംപോലെ തന്നെയാകണം ഞാന്‍ പാടുന്നത് എന്ന് നിര്‍ബന്ധം പിടിക്കരുത്. ഞാന്‍ പാടുന്നത് ഇഷ്ടമല്ല എന്നു പറയാം, പക്ഷേ ഇങ്ങനെയേ പാടാവൂവെന്ന് ആജ്ഞാപിക്കരുത്- ഹരീഷ് നയം വ്യക്തമാക്കി.

സിനിമാപ്പാട്ടുകള്‍ മാത്രമേ ജനത്തിന് ഇഷ്ടപ്പെടൂവെന്ന ഹരീഷിന്റെ നിലപാടിനോട് സ്നേഹപൂര്‍വം വിയോജിക്കുന്നുവെന്ന് തുടര്‍ന്നു സംസാരിച്ച രശ്മി സതീഷ് പറഞ്ഞു. സ്വന്തമായി നടത്തിയ സംഗീത പരീക്ഷണങ്ങള്‍ ജനം ഏറ്റെടുക്കുന്നുണ്ട്.

സിനിമാപ്പാട്ടുകളിലൂടെയാണ് തുടങ്ങിയതെങ്കിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹംകൊണ്ടാണ് 'താളം', 'പദയാത്ര' പോലുള്ള ഗാനങ്ങള്‍ തയ്യാറാക്കിയതെന്ന് ജോബ് കുര്യന്‍ പറഞ്ഞു. സിനിമാഗാനങ്ങള്‍പോലെ ഇത്തരം പാട്ടുകളും ജനം നെഞ്ചേറ്റുന്നു എന്നതില്‍ സന്തോഷമുണ്ട്.

കര്‍ണാടകസംഗീതത്തെ ഒരുവിഭാഗത്തിന്റെ മാത്രം സ്വന്തമാക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നുണ്ടെന്ന് ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് സദസ്യരെയും കൂടെക്കൂട്ടി 'ശ്രീ രംഗപുര വിഹാര' എന്ന കൃതിയിലെ ഏതാനും വരികള്‍ അദ്ദേഹം പാടുകയും ചെയ്തു.

Content Highlights : Hareesh Sivaramakrishnan Job Kurian Reshmi Satheesh Ravi Menon MBIFL 2020