തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണ് പാലാരിവട്ടം അഴിമതി പുറത്തുവന്നതെന്ന് മന്ത്രി ജി. സുധാകരന്. ഈ സര്‍ക്കാര്‍ അല്ലാതെ ആരെങ്കിലും അത് അന്വേഷിക്കുമോ എന്നും മന്ത്രി ചോദിച്ചു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'പാലാരിവട്ടം എന്ന പഞ്ചവടിപ്പാലം' ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കേരളത്തില്‍ ദേശീയ പാതയില്‍ എവിടെയാണ് കുണ്ടും കുഴിയുമുള്ളതെന്ന് മന്ത്രി ചോദിച്ചു. പിന്നെ ദേശീയപാത എന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. അവര്‍ പൈസ തരണം. അത് ഒരു കാലത്തും സമയത്ത് തരില്ല. സംസ്ഥാന സര്‍ക്കാരിന്റെ പൈസ ഉപയോഗിച്ച് ചെയ്യാന്‍ അവര്‍ സമ്മതിക്കുകയുമില്ല. സര്‍ക്കാരിന്റെ ഭാഗത്ത് കുറവില്ല എന്നല്ല, കുറവുകള്‍ കുറഞ്ഞ കാലമാണ്." - സുധാകരന് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് സത്യസന്ധനാണെങ്കിലും വകുപ്പിനെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല അഭിപ്രായമില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞു. ആയിരം കിലോമീറ്റര്‍ നന്നാക്കുന്നത് നാം കാണില്ല, പക്ഷേ ഒന്നര കിലോമീറ്റര്‍ പൊട്ടിപ്പൊളിഞ്ഞത് മാത്രമാണ് കാണുക. ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നില്ല എന്ന് കരുതരുത്. നമ്മള് കാണുന്നില്ല എന്നേയുള്ളൂ.
ഒരു പൊതുമരാമത്ത് പ്രവൃത്തിയെ സംബന്ധിച്ച എഞ്ചിനീയറിംഗ് വിവരങ്ങളൊന്നും ജനങ്ങള്‍ക്ക് അറിയാന്‍ നിലവില്‍ അധികാരമില്ല, അത് ജനാധിപത്യവിരുദ്ധമാണെന്ന് എഴുത്തുകാരന് കെ.പി. രാമനുണ്ണി പറഞ്ഞു.
സ്ഥലവാസികള്‍ അടക്കം ഗുണഭോക്താക്കളായതിനാല്‍ പലപ്പോഴും അഴിമതി പിടിക്കപ്പെടുന്നില്ല എന്ന് ശ്രീധര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. പാലാരിവട്ടം ഒരു രോഗമാണ്, ഡി.എന്‍.എയില്‍ തന്നെ ചികിത്സ ആശ്യമുള്ള രോഗം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: g sudhakaran, k jayakumar, k p ramanunni, sudheer radhakrishnan,MBIFL 2020