തിരുവനന്തപുരം: പറയാനുള്ളതെന്തും പറയാനുള്ള വേദിയാണ് ഇന്ന് ഫെയ്സ്ബുക്ക്. ആ പറച്ചിലുകള്‍ ചെറിയ ചെറിയ എഴുത്തുകളും പിന്നീട് അത് നോവലായും വളര്‍ന്നു. ലൈക്കുകളും കമന്റുകളും പുതിയൊരു എഴുത്ത് സംസ്കാരത്തിന് തുടക്കം കുറിക്കുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഫെയ്സ്ബുക്ക് ഖണ്ഡശ എന്ന സെഷനില്‍ തങ്ങളുടെ ഫെയ്സ്ബുക്ക് എഴുത്തുകളെപ്പറ്റി പറയുകയാണ് എഴുത്തുകാര്‍.
എഴുത്തുകാരായ ആര്.രാജശ്രീ, എന്‍.പി.സൂരജ്, മോട്ടിവേഷണല്‍ സ്പീക്കര്‍ ജോസഫ് അന്നംകുട്ടി ജോസ്, എം.ചന്ദ്രപ്രകാശ് എന്നിവര്‍ സംസാരിച്ചു.
ഫെയ്സ്ബുക്കിലെ കൂടിവന്ന ലൈക്കുകളുടെ എണ്ണമാണ് ഒരു നോവല്‍ എന്ന ആശയത്തിലേക്ക് എത്തിയത്. ആദ്യം ഒരു നൂറ് ലൈക്ക് കിട്ടുകയാണെങ്കില്‍ അടുത്ത ഭാഗം എഴുതണമെന്നാണ് കരുതിയത്. പക്ഷേ അത് പിന്നീട് ഇരുന്നൂറും മുന്നൂറും ആയപ്പോള്‍ എഴുത്ത് പൂര്‍ത്തിയാക്കുന്നതിനുള്ള ആവേശമാവുകയായിരുന്നു.- എഴുത്തുകാരി രാജശ്രീ പറയുന്നു. ഫെയ്സ്ബുക്കില്‍ നമ്മള് എന്ത് എഴുതിയാലും പോസിറ്റീവും നെഗറ്റീവുമായ കമന്റുകള്‍ ഉണ്ടാകും. പക്ഷേ അതിന് മറുപടി പറയുമ്പോഴും മറ്റൊരു പോസ്റ്റില്‍ കമന്റു ചെയ്യുമ്പോഴും നമ്മള് എന്താണ് പറയുന്നതെന്ന ബോധ്യം ഉണ്ടാകണം. ഇന്ന് ഫെയ്സ്ബുക്കിലൂടെയുള്ള തന്റെ എഴുത്ത് നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായതായും അവര്‍ പറഞ്ഞു.
ഫെയ്സ്ബുക്കിലെ ഓരോ പോസ്റ്റിന് മുന്നിലും പിന്നിലും ഉണ്ടാകുന്ന യാഥാര്‍ഥ്യം എന്താണെന്നത് തിരിച്ചറിയണം. ഓരോ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷവും അതിലെ ഇന്‍സൈറ്റിലൂടെ ആരാണ് കാണുന്നത്, എത്ര സമയം കണ്ടു, ഏത് സ്ഥലത്ത് നിന്നുള്ളവരാണ് കണ്ടത് എന്നൊക്കെ അറിയാന്‍ കഴിയും. ഫെയ്സ്ബുക്കില്‍ ആര് എന്ത് പോസ്റ്റ് ചെയ്താലും നല്ലത് സ്വീകരിക്കുകയും അല്ലാത്തത് ജനങ്ങള്‍ തള്ളുകയും തന്നെ ചെയ്യും.- മോട്ടിവേഷണവല് സ്പീക്കര്‍ ജോസഫ് അന്നംകുട്ടി ജോസ് പറയുന്നു.
ശബ്ദമില്ലാത്തവന്റെയും ശബ്ദാവുകയാണ് ഇന്ന് ഫെയ്സ്ബുക്ക്. ഒരു രചന നിര്‍വഹിച്ച് അത് ഒരു പബ്ലിക്കേഷന്‍ അയച്ചാല്‍ അവര്‍ അത് ചിലപ്പോള്‍ പബ്ലിഷ് ചെയ്യുകയോ ഇല്ലാതിരിക്കുകയോ ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ ഫെയ്സ്ബുക്കിലെ എഴുത്തുകള്‍ ലൈക്കുകള്ക്കപ്പുറത്ത് പറയാനുള്ളതെന്തും ലോകത്തോട് പറയാനുള്ള ഒരു മാര്‍ഗം ഉണ്ടെന്നാണ് വ്യക്തമാകുന്നത്.- എന്‍.പി.സൂരജ് പറഞ്ഞു.
Content Highlights: Facebook writers at mbifl 2020