തിരുവനന്തപുരം: എഴുത്തുകാര്‍ക്ക് എന്തിനെക്കുറിച്ചും എഴുതാന്‍ സ്വാതന്ത്രൃമുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ കുറിച്ച് എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും വിഖ്യാത എഴുത്തുകാരന്‍ അലക്സാണ്ടര്‍ മെക് കാള്‍ സ്മിത്ത്. മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ടോക് ദി റൈറ്റര്‍ ലൈഫ് എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്സത ഇന്ത്യന്‍ എഴുത്തുകാരന്‍ ചന്ദ്രഹാസ് ചൗധരിയുമായി നടത്തിയ സംഭാഷണത്തില്‍ എഴുത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

എഴുത്തുകാരന് എന്തിനെക്കുറിച്ചും എഴുതാന്‍ സ്വാതന്ത്രൃമുണ്ട്. എങ്കിലും മറ്റ് രാജ്യങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ സൂക്ഷിക്കണം. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് ആ രാജ്യത്തോടുള്ള ബഹുമാനം കാത്തുസൂക്ഷിച്ചുകൊണ്ടാവണം. ഒരിക്കല്‍ തന്റെ നോവലിലെ കഥാപാത്രം ഒരു രാജ്യത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ പേരില്‍ താന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. 

ടെക്നോളജിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും മനുഷ്യരെ പലപ്പോഴും ഒറ്റപ്പെടുത്തുന്നുവെന്ന് തോന്നിയിട്ടുണ്ട്. ഒരു കുടുംബം ഒന്നിച്ച് ഭക്ഷണശാലയില്‍ പോയാലും പലരും പല ഫോണുകളില്‍ ശ്രദ്ധ ചെലുത്തുകയാണ്. അദ്ദേഹം പറഞ്ഞു.

കുടുംബം പടുത്തുയര്‍ത്തണമെങ്കില്‍ വിവാഹം എന്ന സംഗതി അനിവാര്യമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഇന്നത്തെ കാലത്ത് ഈ ധാരണയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്വവര്‍ഗ വിവാഹങ്ങളോടുള്ള മനോഭാവത്തില്‍ സംഭവിച്ച മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഗേ വിവാഹങ്ങള്‍ ഒരുതരത്തിലും വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂഷനെ ബാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights : alexander mccall smith chandrahas choudhury MBIFL 2020