പ്രഥമ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം കരസ്ഥമാക്കിയ വിനോദ്കുമാര്‍ ശുക്ലയുടെ പ്രതികരണം

മാതൃഭൂമി പുരസ്‌കാരലബ്ധി എങ്ങനെ കാണുന്നു

തീര്‍ത്തും അപ്രതീക്ഷിതം. ഇങ്ങനെയൊരു പുരസ്‌കാരം എന്നെത്തേടിയെത്തുമെന്ന് കരുതിയിരുന്നില്ല. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായാണ് എനിക്കൊരു അവാര്‍ഡ് കിട്ടുന്നത്. തീര്‍ച്ചയായും വലിയൊരു ബഹുമതിയാണിത്. എന്റെ രചനകള്‍ കൂടുതല്‍ വായനക്കാരിലേക്കെത്തുന്നുവെന്നത് ആഹ്ലാദം ഇരട്ടിയാക്കുന്നു.

എഴുത്തിന്റെ ലോകം വ്യത്യസ്തവും വിചിത്രവുമാണ്. ജീവിതത്തിന്റെ സവിശേഷമായ പ്രകാശനമാണ് എഴുത്തെന്ന് നിരീക്ഷണമുണ്ട്. അനശ്വരതയ്ക്കായുള്ള ഒരു വെമ്പല്‍ എഴുത്തിനു പിന്നിലുണ്ടെന്നും പറയാറുണ്ട്. താങ്കള്‍ എന്തുകൊണ്ടാണ് എഴുതുന്നത്

ജനങ്ങളോട് സംവദിക്കാനാണ് ഞാന്‍ എഴുതുന്നത്. എന്റെ സംസാരം എന്റെ എഴുത്താണ്. മരണം ഒരു നിതാന്ത സാന്നിദ്ധ്യമാണ്. മാംസവും ആത്മാവും തമ്മിലുള്ള സംഘര്‍ഷം മനുഷ്യജീവിതത്തെ തീര്‍ച്ചയായും നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അനശ്വരതയെക്കുറിച്ച് ഞാന്‍ ആകുലപ്പെടാറില്ല. എഴുത്തിലൂടെ അനശ്വരനാവുക എന്റെ ലക്ഷ്യമല്ല. എഴുത്തിന് ഒരാളെ അനശ്വരനാക്കാനാവും എന്നു ഞാന്‍ കരുതുന്നില്ല. എഴുതുവാനുള്ള ത്വര ഉള്ളില്‍ നിന്നു വരുന്നതാണ്. നമ്മള്‍ എഴുതിപ്പോവുകയാണ്. ചില സവിശേഷ ജീവിതാനുഭവങ്ങള്‍ എഴുത്തിന് മൂര്‍ച്ച നല്‍കും. ഏതെങ്കിലുമൊരു തലത്തില്‍ നമ്മള്‍ അനുഭവിക്കാത്തതൊന്നും തന്നെ നമ്മള്‍ എഴതുന്നില്ല. എഴുത്ത് ഒരു ജൈവ പ്രക്രിയയാണ്. പിറവിയും മരണവും പോലെയാണത്.

ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരന്‍?

ഗജാനന്‍ മാധവ് മുക്തിബോധ്. മദ്ധ്യപ്രദേശുകാരനായ ഈ കവിയാണ് എന്റെ രചനാ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. അദ്ദേഹത്തെ പരിചയപ്പെട്ടതോടെ എന്റെ എഴുത്ത് കീഴ്മേല്‍ മറിഞ്ഞു. വിദ്യുത് പ്രവാഹത്താലെന്നപോലെ ഞാന്‍ പ്രകമ്പിതനായി. രചനയുടെ വ്യത്യസ്തവും വിഭിന്നവുമായ ചില തുറസ്സുകളിലൂടെ അദ്ദേഹം എന്നെ കൈപിടിച്ചു നടത്തി. മുക്തിബോധിനെ അറിഞ്ഞില്ലായിരുന്നെങ്കില്‍ എന്റെ എഴുത്ത് ഇതുപോലെയാവില്ലായിരുന്നു.

സമകാലിക ഇന്ത്യയുടെ അന്തരീക്ഷത്തില്‍ തൊട്ടറിയാവുന്നതുപോലെ ഭയമുണ്ടെന്ന് നിരീക്ഷണമുണ്ട്. ഭീതി എപ്പോഴെങ്കിലും താങ്കളുടെ എഴുത്തിനെ പിടികൂടിയിട്ടുണ്ടോ

ഞാന്‍ ഭയരഹിതനാണ്. പേടിമൂലം ഞാന്‍ ഒന്നുമെഴുതാതിരുന്നിട്ടില്ല. പുരസ്‌കാരങ്ങളോ സ്ഥാനലബ്ധിയോ എന്നെ ആകര്‍ഷിക്കാറില്ല. പ്രലോഭനങ്ങളുടെ കെണികളിലേക്ക് അതുകൊണ്ടുതന്നെ ഞാന്‍ വീഴാറില്ല. എഴുതുമ്പോള്‍ എന്റെ രാജാവും എന്റെ പ്രജയും ഞാന്‍ തന്നെയാണ്. പേടിച്ചാല്‍ എഴുതാനാവില്ല. സ്വാതന്ത്ര്യമില്ലെങ്കില്‍ എഴുത്തെന്നല്ല ഒരു സര്‍ഗ്ഗാത്മക വ്യവഹാരവും നടക്കില്ല.

അധികാരം ജനനന്മയ്ക്കെതിരാവുമ്പോള്‍ എഴുത്തുകാരന്റെ ദൗത്യമെന്താണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭങ്ങളെ എങ്ങനെ കാണുന്നു?

അധികാരവുമായി എഴുത്തുകാര്‍ക്ക് സന്ധിയില്ല. എല്ലാത്തരം അധികാരത്തിനുമെതിരാണ് ഞാന്‍. മാനവികതയാണ് എന്റെ മതം. ആരെയും വേലികെട്ടി പുറത്താക്കുന്നതിനോട് യോജിക്കാനാവില്ല. ഞാന്‍ എപ്പോഴും ജനങ്ങളുടെ പക്ഷത്താണ്. അധികാരികള്‍ സാധാരണക്കാര്‍ക്ക് എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവരുടെ ലക്ഷ്യം അധികാരം നിലനിര്‍ത്തലാണ്. അതിനുള്ള മാര്‍ഗ്ഗമാവുകയല്ല എഴുത്തുകാരുടെ ദൗത്യം.