തിരുവനന്തപുരം: തിബറ്റിനു ചൈനയില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ച ശേഷമേ നെറ്റിയില്‍ കെട്ടിയ ഈ ചുവന്ന ബാന്‍ഡഴിക്കൂ എന്ന് പ്രതിജ്ഞ ചെയ്ത കവിയും ആക്ടിവിസ്റ്റുമാണ് ടെന്‍സിന്‍ സ്യുണ്ടേ. ചൈനീസ് പ്രതിനിധികള്‍ എപ്പോഴൊക്കെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുന്നോ അപ്പോഴൊക്കെ സ്യുണ്ടേയെ ഇന്ത്യന്‍ പോലീസ് കരുതല്‍ തടങ്കലില്‍ വെക്കാറുണ്ട്. ചൈനീസ് പ്രതിനിധിക്കു നേരെ സ്യുണ്ടേ ഉയര്‍ത്തുന്ന പ്രതിഷേധത്തോടുള്ള ഭയമാണ് ഈ കീഴ്‌വഴക്കത്തിന് പിന്നില്‍.

ആക്ടിവിസം മാത്രമല്ല കവിതയും സ്യുണ്ടേക്ക് പ്രതിരോധമാണ്. കോറ എന്ന സ്യുണ്ടേയുടെ കവിതാസമാഹാരം മലയാളമടക്കം വിവിധ ഭാഷകളിലേക്ക് തര്‍ജമ  ചെയതിട്ടുണ്ട്. തന്റെ നെറ്റിയില്‍ കെട്ടിയ ചുവന്ന ബാന്‍ഡിനെ കുറിച്ചും തിബറ്റിന്റെ നിലവിലെ അവസ്ഥയെ കുറിച്ചും സ്യുണ്ടേ സംസാരിക്കുന്നു.

  • എന്നു മുതല്‍ അണിയാന്‍ തുടങ്ങിയതാണീ ചുവന്ന ബാന്‍ഡ്, ഇതിനു പിന്നിലെ രാഷ്ട്രീയമെന്താണ്?

2002 മുതല്‍ ഞാനീ ബാന്‍ഡ് ധരിക്കുന്നുണ്ട്. ഈ ചുവന്ന ബാന്‍ഡ് എന്റെ പ്രതിജ്ഞയുടെ പ്രതീകമാണ്. തിബറ്റിന് സ്വാതന്ത്ര്യം കിട്ടാത്തിടത്തോളം കാലം ഈ ബാന്‍ഡ്് ഊരിവെക്കില്ലെന്നതാണ് എന്റെ പ്രതിജ്ഞ. ഞാന്‍ കവിയും എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ്. 25 വര്‍ഷത്തിനിടയിലെ കവിതാ ആക്ടിവിസ്റ്റ് ജീവിതത്തിനിടയില്‍ തിബറ്റിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എന്നെക്കൊണ്ടാവുന്നത് ചെയ്യുക എന്നതാണ് നയം. 

  • 2002ല്‍ ചൈനീസ് പ്രതിനിധി ഷു റോങ്ജി ഇന്ത്യയില്‍ വന്നപ്പോള്‍ തിബറ്റിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് താങ്കള്‍ ബാനറുയര്‍ത്തിയിരുന്നല്ലോ. കാലേക്കൂട്ടി നിശ്ചയിച്ച പ്രതിഷേധമായിരുന്നോ അത് ?

ഞാന്‍ അഹിംസയില്‍ വിശ്വസിക്കുന്നയാളാണ്. അഹിംസയിലൂന്നിയ പ്രതിഷേധമാണ് നിങ്ങള്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ ഒരുപാട് ആലോചനകള്‍ അതിന്റെ പിന്നിലുണ്ടാവേണ്ടതുണ്ട്. മുദ്രാവാക്യവും ശ്രദ്ധിച്ചുവേണം ഉപയോഗിക്കാന്‍.

  • ആ പ്രതിഷേധം ദേശീയതലത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും വാര്‍ത്തയായിരുന്നല്ലോ. എങ്ങനെയാണ് അത് പിന്നീട് ജീവിതത്തെ മാറ്റിമറിച്ചത് ?

ചൈനീസ് പ്രതിനിധികള്‍ക്കു നേരെയുള്ള ആദ്യ പ്രതിഷേധം 2002ലായിരുന്നു. രണ്ടാമത്തേത് 2005ലും അതിനു ശേഷം ഒറ്റയ്ക്കും കൂട്ടമായും പലതരത്തിലും പ്രതിഷേധിച്ചു. ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് റാലികള്‍ വരെ നടത്തിയിരുന്നു. തിബിറ്റിന്‍മേലുള്ള ചൈനീസ് അധിനിവേശത്തിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ ആദ്യത്തെ ഒറ്റ പ്രതിഷേധത്തിലൂടെ സാധിച്ചു. പല പത്രങ്ങളിലും ഫുള്‍പേജ് വാര്‍ത്തയും പരസ്യവും വരെയായി. അതിന്റെ പേരില്‍ 16 തവണയാണ് ഇന്ത്യന്‍ പോലീസ് എന്നെ കരുതല്‍ തടങ്കലില്‍ വെച്ചത്. പോലീസുകാരാല്‍ തല്ലിച്ചതയ്ക്കപ്പെട്ടിട്ടുണ്ട്. 

  • എന്തെല്ലാം മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് തിബറ്റന്‍ ജനത ചൈനീസ് ഭരണാധികാരികളില്‍ നിന്ന് നേരിടുന്നത്?

വെറും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ മാത്രമല്ല വംശഹത്യയാണ് തിബറ്റിലെ പാവം മനുഷ്യര്‍ ചൈനയില്‍ നിന്ന് നേരിടുന്നത്. എന്നിട്ടും ഇന്ത്യ പറയുന്നത് തിബറ്റ് ചൈനയുടെ ഭാഗമാണെന്നാണ്. ആ നാട്ടില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച്‌ ഒരു മാധ്യമങ്ങളിലൂടെയും നിങ്ങള്‍ അറിയുന്നില്ല എന്നതാണ് എന്നെ ദുഃഖിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് ചൈനയുമായി വ്യാപാരം ചെയ്യേണ്ടതുണ്ട്. അതിനായി ഇന്ത്യ എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. തിബറ്റന്‍ അതിര്‍ത്തിയെ ചൈനീസ് അതിര്‍ത്തിയെന്നാണ് ഇന്ത്യ ഇന്നും വിളിക്കുന്നത്. ഇന്ത്യയ്ക്ക് ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസുണ്ടായിട്ടും ഇന്ത്യ എന്തിനാണ്‌ ചൈനീസ് ബോര്‍ഡറെന്ന് പറയുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഈ തെറ്റുകള്‍ ആവര്‍ത്തിച്ചു പറയുകയാണ്.

  • എന്താണ് താങ്കളുടെ പൗരത്വം. പൗരത്വ നിയമഭേദഗതിയെകുറിച്ച് എന്താണ് പറയാനുള്ളത്?

തിബറ്റ് സ്വദേശികളെന്നാണ് ഇന്ത്യയില്‍ ലഭ്യമായ രേഖകളില്‍ ഞങ്ങളെ കുറിച്ച് പറയുന്നത്. ഞാന്‍ ഇന്ത്യയിലാണ് ജനിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പൗരനാണ്. പക്ഷെ ഞങ്ങള്‍ തിബറ്റുകാര്‍ക്കുള്ളത് രജിസ്‌ട്രേഷന്‍ സിറ്റിസന്‍ഷിപ്പാണ് (RC). അത് ഞങ്ങളെ ഇന്ത്യയില്‍ ജീവിക്കുന്ന വിദേശി ആക്കുന്നു. അതു കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഇന്ത്യന്‍ നയങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതിന് പരിമിതിയുണ്ട്. സിഎഎയും എന്‍ആര്‍സിയും ഒരുമിച്ച് വന്നത് അത്ര ശുഭകരമല്ല. വിഷയത്തില്‍ ഇനിയും ആശയവ്യക്തത കൈവന്നിട്ടില്ല. അമിത് ഷായും പ്രധാനമന്ത്രിയും മന്ത്രിയും രണ്ട് രീതിയിലാണ് പറയുന്നത്. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തിനും അഖണ്ഡതയ്ക്കും ഇത് ഗുണം ചെയ്യില്ല എന്നാണ് കരുതുന്നത്.

Content Highlights: Tenzin Tsundue, MBIFL 2020,China, Tibet