ക്രിക്കറ്റിനെ അതിരറ്റ് സ്‌നേഹിക്കുന്ന ഒരാള്‍... ആദ്യമായെഴുതിയ നോവലിന് ക്രിക്കറ്റ് പശ്ചാത്തലമായതില്‍ യാതൊരു അദ്ഭുതവുമില്ല. പക്ഷേ രണ്ടാമത്തെ നോവല്‍ ക്രിക്കറ്റില്‍ നിന്നും പുലബന്ധംപോലുമില്ലാത്ത പ്രേതകഥയും. രണ്ടിനും ലഭിച്ചത് നിറഞ്ഞ സ്വീകരണം. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഇന്നത്തെ അവസ്ഥയേക്കുറിച്ച്, ഭീകരാക്രമണത്തിന് ശേഷമുള്ള ശ്രീലങ്കയേക്കുറിച്ച്, പുതിയ നോവലിനേക്കുറിച്ച്‌ സംസാരിക്കുകയാണ് ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹന്‍ കരുണതിലക.

ക്രിക്കറ്റിനോട് ഇഷ്ടം

ശ്രീലങ്ക ലോകകപ്പ് നേടുമ്പോള്‍ എനിക്ക് 20 വയസായിരുന്നു. പക്ഷേ ഞാന്‍ വളരെ വലിയൊരു ആരാധകനൊന്നുമല്ല. 90കളില്‍ ഞാന്‍ ശ്രീലങ്കയെ ഫോളോ ചെയ്തിരുന്നു. പക്ഷേ ഇടയ്ക്ക് ക്രിക്കറ്റ് കാണുന്നത് ഞാന്‍ നിര്‍ത്തി. കാരണം ഓസ്‌ട്രേലിയ എല്ലാ മാച്ചുകളും വിജയിക്കുകയായിരുന്നു. എനിക്കത് ബോറിങ്ങായിരുന്നു. 2008ല്‍ ചൈനാമാന്‍ എഴുതുന്ന സമയത്ത് നന്നായി റിസര്‍ച്ച് ചെയ്യേണ്ടിയിരുന്നു. രണ്ട് വര്‍ഷം ക്രിക്കറ്റ് മാത്രമായിരുന്നു കണ്ടത്. ക്രിക്കറ്റിനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ഒരുപാട് ശ്രീലങ്കയിലും ഇന്ത്യയിലുമുണ്ട്. ഞാന്‍ പക്ഷേ കാഷ്വലായി ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഇപ്പോള്‍ കാണാറുമില്ല.

ചൈനാമാനിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ വ്യക്തികളോ?

അറിയില്ല. കേന്ദ്രകഥാപാത്രമായ പ്രദീപ് മാത്യുവിനെപ്പോലെ ഒരുപാട് ബൗളര്‍മാരുണ്ടാവും. കഴിവുണ്ടായിട്ടും അവസരം ലഭിക്കാത്ത ഒരുപാട് കളിക്കാരുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക വ്യക്തിയേയല്ല ചൈനാമാനില്‍ അവതരിപ്പിച്ചത്. ഇപ്പോഴും ശ്രീലങ്കന്‍ ക്രിക്കറ്റ് നല്ലൊരു സ്ഥിതിയിലല്ല.

ഇഷ്ട ക്രിക്കറ്റ്‌ താരം

എന്റെ കാലം നോക്കുകയാണെങ്കില്‍ രണതുംഗെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ ജനപ്രിയമാക്കിയതും അഭിമാനിക്കാവുന്ന രീതിയിലാക്കിയതും. ശ്രീലങ്കന്‍ ക്രിക്കറ്റിനെ ലോകനിലവാരത്തിലേക്കുയര്‍ത്തിയത് അദ്ദേഹമാണ്. മഹേല ജയവര്‍ധനെയും സംഗക്കാരയും ചിന്തിക്കുന്ന ക്രിക്കറ്റര്‍മാരായിരുന്നു. എന്റെ ഇഷ്ട കളിക്കാരന്‍ അരവിന്ദ ഡിസില്‍വയും ക്യാപ്റ്റന്‍ രണതുംഗെയുമാണ്. 

ചാറ്റ്‌സ് വിത്ത് ദ ഡെഡ്

ഇതൊരു പ്രേതകഥയാണ്. 1989-ല്‍ ശ്രീലങ്കയിലെമ്പാടും മൃതശരീരങ്ങളുണ്ടായിരുന്നു. കൊലപാതകങ്ങള്‍, തിരോധാനങ്ങള്‍, ദുരൂഹമരണങ്ങള്‍... ഇതാണ് കഥയുടെ പശ്ചാത്തലം എന്നുപറയുന്നത്.

ഹൊറര്‍ സിനിമകളും പ്രേതഭവനങ്ങളിലെ സന്ദര്‍ശനങ്ങളും

മുന്‍പ് പ്രേതാനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. നോവലെഴുതുന്നതിന് മുന്നോടിയായി സിനിമകളിലൊക്കെ കാണുന്നതുപോലുള്ള പ്രേതഭവനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷേ കഥയ്ക്ക് ഗുണകരമായ രീതിയിലൊന്നും കിട്ടിയില്ല.

ശ്രീലങ്ക ഇന്ന്

വളരെ വ്യത്യസ്തമായ ഒരു സമയമാണിത്. 13 വര്‍ഷമായി. സര്‍ക്കാരുകള്‍ മാറി. പിന്നെ കഴിഞ്ഞവര്‍ഷത്തെ ഭീകരാക്രമണം. കറുത്ത നാളുകളാണ് കടന്നുപോയത്. കഴിഞ്ഞവര്‍ഷത്തെ ഭീകരാക്രമണം സത്യത്തില്‍ ഒരു ഷോക്കായിരുന്നു. നിരപരാധികളായ നിരവധി പേരാണ് കൊല്ലപ്പെട്ടത്. പക്ഷേ ഇപ്പോള്‍ പതിയെ അത്തരം ഓര്‍മകളില്‍ നിന്നെല്ലാം കരകയറി വരുന്നു.

Content Highlights: Sri Lankan Writer Shahana Karunatilaka interview, Chats with the dead, MBIFL 2020