കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷകനും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമാണ് റെജിമോന്‍ കുട്ടപ്പന്‍. ഗള്‍ഫിലെ മനുഷ്യക്കടത്തും ആധുനിക അടിമത്തവും തുറന്നുകാട്ടിയതിന് 2017 ല്‍ നാടുകടത്തപ്പെടുന്നതുവരെ ടൈംസ് ഓഫ് ഒമാനിലെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു അദ്ദേഹം. കേരള പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് റെജിമോന്‍ എഴുതിയ പുസ്തകമാണ് റോവിങ് ബിറ്റ്വീന്‍ റൂഫ്ടോപ്സ്: ദ ഹീറോയിക് ഫിഷര്‍മെന്‍സ് ഓഫ് കേരള ഫ്ളഡ്സ്. മാതൃഭൂമി അക്ഷരോത്സവത്തിനെത്തിയ അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖം.

കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകനും ഈ മേഖലയിലെ രാജ്യാന്തര തലത്തിലുള്ള വിദഗ്ധനുമാണ് താങ്കള്‍. എങ്ങനെയാണ് ഈ മേഖലയിലേക്ക് താങ്കള്‍ എത്തുന്നത്.

ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലും അറുപത് മുതല്‍ എഴുപത് ശതമാനം വരെ ഇന്ത്യക്കാരുണ്ട്. അതില്‍ അഞ്ച് ശതമാനം മാത്രമേ സമ്പന്നരായ ഇന്ത്യക്കാരുള്ളൂ. 90 ശതമാനത്തിലധികവും സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളികളാണ്. കഫാല എന്ന പേരിലുള്ളൊരു തൊഴില്‍ സംവിധാനമാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ഇതിന് ഇസ്ലാമിക നിയമവുമായൊന്നും ബന്ധമില്ല. തികച്ചും തൊഴിലാളി വിരുദ്ധമാണ് ഈ നിയമം. തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും ഇത് തടഞ്ഞുവെയ്ക്കുന്നു. വലിയ ചൂഷണങ്ങള്‍ നടക്കുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരന്തരം ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അതില്‍ ചിലവാര്‍ത്തകള്‍ പിന്നീട് സര്‍ക്കാരുകളുടെ നയം മാറ്റത്തിന് വരെ കാരണമായതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചില ആഗോള സംഘടനകള്‍ എനിക്ക് പരിശീലനം നല്‍കി. യു.എന്‍ ഉള്‍പ്പടെയുള്ള സംഘടനകളുടെ പിന്തുണ ലഭിച്ചു. നിലവില്‍ പത്ത് വര്‍ഷത്തോളമായി ഈ മേഖലയില്‍ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഒമാനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എങ്ങനെയാണ്?

ഒമാന്‍ ടൈംസ് എന്ന പത്രത്തിന്റെ ചീഫ് റിപ്പോര്‍ട്ടറായാണ് ആ സമയത്ത് ഞാന്‍ ജോലി ചെയ്തിരുന്നത്. കുടിയേറ്റ തൊഴിലാളികളില്‍ ഏറ്റവും ചൂഷണം അനുഭവിക്കുന്നത് സ്ത്രീകളായ ഗാര്‍ഹിക തൊഴിലാളികളാണ്. ഇത്തരത്തില്‍ ജോലിക്ക് ആളെയെടുക്കുന്നതില്‍ കര്‍ശനമായ നിയമങ്ങളുണ്ട്. എന്നാല്‍ ഇന്ത്യക്കാരെ രണ്ടാംതരക്കാരായി കണക്കാക്കുന്ന അര്‍ബാബുമാര്‍ ഈ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാവില്ല. എന്നാല്‍ ഇതിനായി ഇന്ത്യന്‍ എംബസിയില്‍ വന്ന് ക്യൂ നില്‍ക്കാന്‍ അവര്‍ തയ്യാറല്ല. ഇവര്‍ക്കായി പകുതി പണത്തിന് ഇന്ത്യക്കാരായ ഏജന്റുമാര്‍ തന്നെ തൊഴിലാളികളെ എത്തിക്കും. യു.എ.ഇയില്‍ വിസിറ്റിങ് വിസ വളരെ ഉദാരമാണ്. ഒമാനില്‍ തിരിച്ചും. യു.എ.ഇയില്‍ വിസിറ്റിങ് വിസയ്ക്ക് എത്തിക്കുന്ന തൊഴിലാളികളെ പിന്നീട് ഒമാനിലേക്ക് എത്തിക്കും. ഒമാനിലേക്ക് എത്തുന്ന ഇവരെക്കുറിച്ച് ഇന്ത്യന്‍ എംബസിക്ക് ഒരു വിവരവുമില്ല. ഒരു തൊഴില്‍ കരാറുമില്ല. ഇവര്‍ നേരിടുന്നത് കടുത്ത ചൂഷണമാണ്. ഇത്തരത്തില്‍ തൊഴില്‍പരമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്യപ്പെട്ട നിരവധി പേരുടെ വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാന്‍ സാധിച്ചു.

news

ഇവരെ കൈമാറുന്നത് ഒമാന്‍ യു.എ.ഇ അതിര്‍ത്തിയിലാണെന്ന് മനസ്സിലായി. ഞാന്‍ അവിടെ ഒരു സ്റ്റിങ് ക്യാമറയുമായി ഉപഭോക്താവെന്ന വ്യാജേന പോയി. എന്റെ മുന്നില്‍ സ്ത്രീ തൊഴിലാളികള്‍ നിരത്തപ്പെട്ടു. ഞാന്‍ പറയുന്ന സ്ത്രീ തൊഴിലാളികളെ തരാന്‍ അവര്‍ തയ്യാറായിരുന്നു. അവര്‍ പറയുന്ന പണം മാത്രം നല്‍കിയാല്‍ നിയമകാര്യങ്ങള്‍ അവര്‍ ശരിയാക്കിത്തരും. ഇക്കാര്യം ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ ചര്‍ച്ചയായി. ഇന്ത്യന്‍ എംബസി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ശ്രീലങ്കന്‍ മന്ത്രാലയം റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യം നല്‍കി. ശ്രീലങ്കന്‍ വിദേശ തൊഴില്‍കാര്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് പിന്തുണ നല്‍കി. ഇതും വാര്‍ത്തയായി. അന്താരാഷ്ട്ര ഏജന്‍സികള്‍ വിഷയം ചര്‍ച്ചയാക്കി. ഇതോടെ ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ട് എന്നെ നാടുകടത്തി. 

തുടര്‍ന്നുള്ള പ്രവര്‍ത്തനമേഖല?

2017 ഏപ്രില്‍  15 നാണ് ഒമാനില്‍ നിന്ന് നാട്ടിലെത്തുന്നത്. തുടര്‍ന്ന് ഇക്വിഡിയം എന്ന യു.കെ കേന്ദ്രമായ സന്നദ്ധ സംഘടനയില്‍ ഇന്ത്യ ഗള്‍ഫ് ഇന്‍വെസ്റ്റിഗേറ്ററായി ജോലിയില്‍ പ്രവേശിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് എന്നെ ഇതിലേക്ക് നിര്‍ദേശിക്കുന്നത്. ഏഷ്യയിലെ കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അത്തരത്തിലുള്ള നിരവധി വിഷയങ്ങളില്‍ ഇക്വിഡിയം ഇടപെടുന്നുണ്ട്. 

കേരള പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് പുസ്തകം എഴുതാന്‍ തീരുമാനിക്കുന്നത് എപ്പോഴാണ്?

മനുഷ്യത്വത്തെക്കുറിച്ചുള്ള സ്‌റ്റോറികള്‍ ചെയ്യാന്‍ എന്നും ഇഷ്ടമായിരുന്നു. ഇക്വിഡിയത്തില്‍ ജോലി ചെയ്യുമ്പോഴും കാരവന്‍, റോയിട്ടേഴ്‌സ്, ഈക്വല്‍ ടൈംസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കായെല്ലാം സ്റ്റോറികള്‍ ചെയ്യുമായിരുന്നു. ഏഷ്യാ ടൈംസിന് വേണ്ടിയാണ് പ്രളയത്തില്‍ ചെങ്ങന്നൂരിലെ അനാഥാലയത്തില്‍ 24 കുട്ടികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്ത ചെയ്യുന്നത്. ഇത് നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിനായി മത്സ്യത്തൊഴിലാളികളോട് സംസാരിച്ചപ്പോഴാണ് ഇത്തരത്തില്‍ നൂറുകണക്കിന് സംഭവങ്ങളുണ്ടെന്ന് അറിയുന്നത്. ഓരോന്നും അതിസാഹസികമായ രക്ഷാപ്രവര്‍ത്തന കഥകള്‍. ഇവയെല്ലാം എവിടെയെങ്കിലും രേഖപ്പെടുത്തണമെന്ന് എനിക്ക് തോന്നി. ഇതാണ് പുസ്തകത്തിലേക്ക് നയിച്ചത്. റോവിങ് ബിറ്റ്‌വീന്‍ ദ റൂഫ്‌ടോപ്‌സ് എന്നപേരില്‍ സ്പീക്കിങ് ടൈഗര്‍ എന്ന പ്രസാധകരാണ് പുസ്തകം പുറത്തിറക്കിയത്.

പുസ്തകത്തിനായുള്ള അന്വേഷണങ്ങള്‍ എങ്ങനെയായിരുന്നു?

അതില്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ചരിത്രത്തെക്കുറിച്ചെല്ലാം ഒരുപാട് ഗവേഷണം നടത്തി. നെതര്‍ലാന്‍ഡ്‌സില്‍ നിന്ന് ഒരു തീസിസ് വരുത്തി. അത് വലിയ കണ്ടെത്തലുകള്‍ക്ക് സഹായിച്ചു. കേരളത്തിന്റെ ചരിത്ര നിര്‍മിതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പങ്ക് വലുതാണ്. ഡച്ചുകാരെ ഓടിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചത് ഇവരാണ്. മാര്‍ത്താണ്ഡവര്‍മ്മയെ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷിച്ചതും മത്സ്യത്തൊഴിലാളികളാണ്. ഇതിന് പ്രതിഫലമായി ഇവര്‍ക്ക് കപ്പമൊഴിവാക്കിക്കൊടുക്കുകയും സ്ഥലം നല്‍കുകയും എല്ലാം ചെയ്തിരുന്നു. ഇത്തരത്തില്‍ വീരചരിത്രം ഉള്ളവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍.

പുസ്തകത്തിലെ ആദ്യ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന പാണ്ടനാട്ടെ ഒരു വീട്ടിലെ അനുഭവമെല്ലാം ഭീകരമായിരുന്നു. പ്രളയത്തില്‍ മുങ്ങിക്കിടന്ന ആ വീട്ടില്‍ മൂന്നാമത്തെ ദിവസമാണ് അന്നമ്മ എന്ന പ്രായമായ സ്ത്രീയെ മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുന്നത്. പ്രളയത്തില്‍ മുങ്ങിയ ആ വീട്ടില്‍ മുകളിലെ നിലയിലാണ് അവര്‍ കഴിഞ്ഞിരുന്നത്. അന്നമ്മ ചേച്ചിയുടെ ഭര്‍ത്താവ് ഷുഗര്‍ കുറഞ്ഞ് മരിച്ചു. മരുന്ന് ഉണ്ടായിരുന്നെങ്കിലും കഴിക്കാന്‍ ഭക്ഷണം ഉണ്ടായിരുന്നില്ല. അന്നമ്മ ചേച്ചിയുടെ അമ്മായിഅമ്മ കട്ടിലില്‍ നിന്ന് വീണ് വെള്ളത്തില്‍ മുങ്ങി മരിച്ചു. അപകടത്തില്‍പ്പെട്ട് ശരീരം തളര്‍ന്ന് കിടക്കുകയായിരുന്ന അന്നമ്മ ചേച്ചിയുടെ മകനും വെള്ളത്തില്‍ മുങ്ങി മരിച്ചു. മൂന്നാമത്തെ ദിവസമാണ് മകന്‍ അന്നമ്മ ചേച്ചിയുടെ കയ്യില്‍ നിന്ന് ഊര്‍ന്ന് പോകുന്നത്. അവിടെ നിന്നാണ് അവരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുന്നത്. 

rejimonഈ മരണങ്ങള്‍ നടന്ന് ഒരു മാസം കഴിഞ്ഞാണ് ഞാന്‍ ഈ വീട്ടില്‍ പോകുന്നത്. അവര്‍ ആദ്യം എന്നോട് സംസാരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ ആ വീട്ടില്‍ വന്ന ബിഷപ്പ് പറഞ്ഞതിന് ശേഷമാണ് അവര്‍ എന്നോട് സംസാരിക്കുന്നത്. ഒരു മണിക്കൂറെന്ന് പറഞ്ഞ് തുടങ്ങിയ സംസാരം വൈകിട്ട് ഏഴുമണിവരെ തുടര്‍ന്നു. അവര് പറഞ്ഞതെല്ലാം എനിക്ക് കണ്മുന്നില്‍ കാണാമായിരുന്നു. ഈ വള്ളക്കാര് വന്നിരുന്നില്ലെങ്കില്‍ താനും ആ വെള്ളത്തില്‍ ഇല്ലാതായേനെയെന്നും അവര്‍ക്കായി സാക്ഷ്യം പറയാനാണ് കര്‍ത്താവ് തന്നെ ബാക്കിവെച്ചതെന്നുമാണ് അവസാനം അന്നമ്മ ചേച്ചി എന്നോട് പറഞ്ഞത്. അതോടെ ഈ പുസ്തകം എന്തായാലും എഴുതണമെന്ന് ഞാന്‍ തീരുമാനിക്കുകായായിരുന്നു. 2019 പകുതിയോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്. മത്സ്യത്തൊഴിലാളികളെ ശശി തരൂര്‍ നോബല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തപ്പോള്‍ റഫറന്‍സ് ആയി ഉപയോഗിച്ചത് എന്റെ പുസ്തകമാണ്‌. ചരിത്രം പലപ്പോഴും ഇത്തരക്കാരെ അവഗണിക്കാറാണ് പതിവ്. 1924 ലെ പ്രളയത്തില്‍ മലയാളികളെ രക്ഷിച്ച വള്ളക്കാരെക്കുറിച്ച് കൂടുതല്‍ വിവരം ചരിത്രകാരന്മാര്‍ക്ക് പോലുമില്ല. ഇത്തവണ അങ്ങനെയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ തിളച്ചുമറിയുകയാണ് രാജ്യം. കുടിയേറ്റ അഭയാര്‍ഥി അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്കെന്താണ് പറയാനുള്ളത്? 

നമ്മുടെ രാജ്യത്തെ 20 കോടിയോളം ജനങ്ങള്‍ പാര്‍ശ്വവത്കരിപ്പെട്ടവരാണ്. ദളിതുകള്‍ ആദിവാസികള്‍ തെരുവില്‍ ജീവിക്കുന്നവര്‍ എന്നിങ്ങനെ. അവരോടും മുസ്ലീം മത വിശ്വാസികളോടുമെല്ലാം നിങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും കാണിച്ചാല്‍ മാത്രമേ നിങ്ങള്‍ ഇന്ത്യന്‍ പൗരനാകു എന്ന് പറയുന്നത് എന്ത് നീതിയാണ്? ഇത് എതിര്‍ക്കപ്പെടണം. രാഷ്ട്രീയപരമായും നിയമപരമായും എതിര്‍ക്കപ്പെടണം. എന്‍.പി.ആര്‍ എടുത്തിട്ട് എന്‍.ആര്‍.സിയില്‍ നിങ്ങള്‍ നോണ്‍ ഇന്ത്യനാണെന്ന് രജിസ്ടര്‍ ചെയ്യപ്പെട്ടാല്‍ നിങ്ങള്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. അവിടെ ഭരണകൂടത്തിന് ഒരു ഉത്തരവാദിത്വവുമില്ല. മാത്രമല്ല നിങ്ങള്‍ ഇന്ത്യക്കാരനല്ലെന്ന് മറ്റൊരാള്‍ക്ക് ചലഞ്ച് ചെയ്യാം. വീണ്ടും നമ്മള്‍ ഇത് തെളിയിക്കണം. ഇപ്പോള്‍ സനാവുള്ളയുടെ കേസില്‍ ഇത്തരം നിരവധി ചലഞ്ചുകള്‍ ഉള്ളതിനാലാണ് അദ്ദേഹം തടവില്‍ കിടക്കുന്നത്. ഇവിടെ ജനിച്ചുവളര്‍ന്ന ജനങ്ങളോട് നിങ്ങള്‍ ഇന്ത്യക്കാരനല്ലെന്ന് പറയാന്‍ സര്‍ക്കാരിന് എന്താണ് അവകാശം. 

എന്‍.ആര്‍.ഐ.സി കാര്‍ഡ് വേണ്ടെന്നല്ല പറയുന്നത്. രാജ്യത്ത് പൊതുവായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ മാനദണ്ഡമാക്കി കാര്‍ഡ് ഇറക്കിക്കൊള്ളട്ടെ. രണ്ട് വിഭാഗം പൗരന്മാരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. വളരെ വിദഗ്ധമായാണ് ബി.ജെ.പി ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. അന്തര്‍ദേശീയ സംഘനടകളെല്ലാം വിഷയത്തില്‍ ആശങ്ക അറിയിക്കുന്നുണ്ട്. പക്ഷെ രാജ്യത്തിനകത്ത് ഉയരുന്ന പ്രക്ഷോഭങ്ങള്‍ക്ക് മാത്രമെ ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു.

Content Highlights: Rejimon kuttappan Malayalam Interview MBIFL 2020